അന്വേഷണം ആരംഭിച്ചശേഷമേ സമരം അവസാനിപ്പിക്കൂ: ശ്രീജിത്ത്
തിരുവനന്തപുരം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതില്‍ സന്തോഷം പ്രകടിപ്പിക്കുമ്പോഴും വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്.
ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള എം.വി ജയരാജനില്‍നിന്ന് കൈപ്പറ്റിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം ആരംഭിച്ചശേഷമേ സമരം അവസാനിപ്പിക്കൂ. ഈ സമരവിജയം വലിയ നേട്ടമായി കാണുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ തന്നോടുചെയ്തത് വലിയ അനീതിയാണ്. ഇത് നേരത്തേ ചെയ്യാമായിരുന്നു. നേരത്തേയും വിജ്ഞാപനം നല്‍കിയിട്ടുണ്ട്. ഇതും അതുപോലെയാകുമോ എന്നറിയില്ല. സമരം അവസാനിപ്പിക്കണമെന്നതാണ് സര്‍ക്കാരിന്റെ ആവശ്യം.
ഇത്രയുംകാലം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന സൂചനയും ശ്രീജിത്ത് നല്‍കി. ഇത്രയുംനാള്‍ വെള്ളം കുടിച്ചുകൊണ്ടുള്ള നിരാഹാരമാണ് നടത്തിയിരുന്നതെന്നും ഇനി ജലപാനം പോലുമില്ലാത്ത സമരത്തിലേക്കു തിരിയുമെന്നും അദ്ദേഹം പറഞ്ഞു.
സഹോദരന്റെ നീതിക്കായുള്ള ശ്രീജിത്തിന്റെ സമരം തുടങ്ങിയിട്ട് 771 ദിവസം പിന്നിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."