ലുലു ഗ്രൂപ്പ് സഊദിയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നു
റിയാദ്: സഊദി ഗവണ്മെന്റിന്റെ വിഷന്‍ 2030 വന്‍ വിജയമായിരിക്കുമെന്ന് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി പ്രസ്താവിച്ചു. ജിദ്ദയില്‍ തുടങ്ങുന്ന പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന പ്രഖ്യാപനാര്ത്ഥം മാധ്യമങ്ങളോടുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സഊദിയില്‍ തങ്ങളുടെ ബിസിനസ്സ് വന്‍ വിജയമാണെന്നും ഇരു ഗേഹങ്ങളുടെ സേവകന് കൂടിയായ സഊദി ഭരണാധികാരി സല്മാന് ഇബ്നു അബ്ദുല്‍ അസീസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി കിരീടവകാശി നേരത്തെ പ്രഖ്യാപിച്ച വിഷന്‍ 2030 സഊദി സാമ്പത്തിക രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിക്കും. പുതിയ പ്രഖ്യാപനത്തോടെ ലോകത്തെ വിവിധ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ സഊദിയിലേക്ക് ഉറ്റുനോക്കുകയാണ്.
പ്രമുഖ ബിസിനസ്സ് വാഹകരായ ലുലു ഗ്രൂപ്പ് സഊദിയില്‍ ഒരു ബില്യണ്‍ റിയാലിന്റെ നിക്ഷേപം നടത്തി കഴിഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 800 മില്യണ്‍ റിയാല്‍ നിക്ഷേപം കൂടി നടത്തും. അതോടെ രാജ്യത്തെ മൊത്തം നിക്ഷേപം 1.8 ബില്യണ്‍ റിയാന്‍ കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ജിദ്ദയില്‍ തുറന്ന ഹൈപ്പര്‍ മാര്‍ക്കറ്റിനു പുറമെ ജിദ്ദയില്‍ തന്നെ മറ്റൊന്നും മക്ക, മദീന, ഹായില്‍, ഹുഫൂഫ് തുടങ്ങിയ നഗരങ്ങളിലായി 2018 ഓടെ 8 പുതിയ മാളുകള്‍ കൂടി തുറക്കും.
ഇതോടൊപ്പം ,നിലവില്‍ 1700 സ്വദേശികള്‍ തങ്ങളുടെ ഗ്രൂപ്പില്‍ തൊഴിലെടുക്കുന്നുണ്ടെന്നും 2018 ഓടെ 5000 സ്വദേശികള്‍ ലുലുവില്‍ ജീവനക്കാരായി ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വദേശികള്‍ക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് തൊഴിലാളികളാണ് ലുലു ഗ്രൂപ്പിലുള്ളത്. ഇതില്‍ ഏറിയ പങ്കും മലയാളികളുമാണ്. ജിദ്ദയില്‍ ഞായറാഴ്ച തുറന്ന പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സഊദിയില്‍ ഏഴാമത്തെതും ആഗോള തലത്തില്‍ 125ാമത്തെതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."