പുറപ്പെടുന്നതിനിടെ ടയര്‍ പൊട്ടി; ഖത്തര്‍ എയര്‍വേസ് വിമാനം അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു
ദോഹ: നൈജീരിയയില്‍ നിന്ന് ദുബായിലേക്കു പറക്കാനിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിന്റെ ടയര്‍ പൊട്ടിയതായി റിപ്പോര്‍ട്ട്. ലാഗോസിലെ മുര്‍തള മുഹമ്മദ് എയര്‍പോര്‍ട്ടില്‍ റണ്‍വേയില്‍ മുന്നോട്ട് കുതിച്ച ബോയിങ് 767 വിമാനത്തിന്റെ ടയര്‍ ടേക്കോഫിന് തൊട്ടുമുമ്പാണ് പൊട്ടിയതെന്ന് നൈജീരിയന്‍ ന്യൂസ് ഏജന്‍സി (എന്‍.എ.എന്‍) റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം.
വിമാനത്തിന് ടേക്കോഫിനുള്ള ക്ലിയറന്‍സ് ലഭിച്ച് പൈലറ്റ് വേഗത കൂട്ടിവരുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ ടയറുകളില്‍ ഒന്ന് പൊട്ടിയത്. പെട്ടെന്ന് തന്നെ വിമാനം നിര്‍ത്തിയ പൈലറ്റ് പുറപ്പെട്ട ടെര്‍മിനലിലേക്കു തന്നെ തിരിച്ചുകൊണ്ടുവരികയായിരുന്നു. ടയര്‍ പൊട്ടുന്ന ശബ്ദംകേട്ട് ഭയന്ന യാത്രക്കാരെല്ലാം പ്രാര്‍ഥനയിലായിരുന്നുവെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. വിമാനം പൂര്‍ണ വേഗത കൈവരിച്ച സമയത്തായിരുന്നു ടയര്‍ പൊട്ടിയതെങ്കില്‍ സംഭവം വേറൊന്നാവുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടം പറ്റിയ വിമാനം അറ്റകുറ്റപണിക്കായി ടെര്‍മിനലിലെ ഹാങ്കറില്‍ കയറ്റി. യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് പകരം സംവിധാനമൊരുക്കി. അതേസമയം, നൈജീരിയന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സംഭവത്തെക്കുറിച്ച് പ്രതികരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."