ബഹ്‌റൈന്‍ കേരളീയ സമാജം ഏഴുപതാം വാര്‍ഷികാഘോഷം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം എഴുപതാം വാര്‍ഷികാഘോഷത്തിന് ഉജ്ജ്വല തുടക്കം. പ്രവാസി മലയാളികളുടെ കലാ സാംസ്‌കാരിക കേന്ദ്രമായ സമാജത്തില്‍ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈന്‍ വിദേശ കാര്യമന്ത്രി ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫ, ബഹ്‌റൈന്‍ ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ ദെയ്ജ് ബിന്‍ ഖലീഫ അല്‍ ഖലീഫ, ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹസ, വാണിജ്യവ്യവസായ രംഗങ്ങളിലെ പ്രമുഖരായ എം എ യൂസുഫലി, രവി പിള്ള, വര്‍ഗീസ് കുര്യന്‍, പ്രമുഖ പത്രപ്രവര്‍ത്തകന്‍ സോമന്‍ ബേബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ജുവല്‍ ഓഫ് അറേബ്യ പുരസ്‌കാരം കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്കു നേരത്തെ മുഖ്യമന്ത്രി സമര്‍പ്പിച്ചിരുന്നു.
മുഖ്യമന്ത്രിയേയും വിശിഷ്ടാതിഥികളേയും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടേയും അകമ്പടിയോടെ സമാജത്തിലേക്കു വരവേറ്റു. തുടര്‍ന്നു സമാജം പ്രസിഡന്റ് മുഖ്യമന്ത്രിയെയും അതിഥികളേയും ബൊക്കെ നല്‍കി സ്വീകരിച്ചു.
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെയും മലയാളികളുടെ പ്രവാസത്തിന്റെയും ചരിത്രം ഓര്‍മിപ്പിക്കുന്ന പ്രദര്‍ശനവും നടന്നു.
കഴിഞ്ഞ ഏഴു പതിറ്റാണ്ടിന്റെ ചരിത്രം മലയാളികളുടെ ഗള്‍ഫ് പ്രവാസത്തിന്റെ ചരിത്രം കൂടി ചരിത്രമാണെന്നു പ്രദര്‍ശനം ചൂണ്ടിക്കാട്ടി.
2017 ല്‍ സപ്തതി വര്‍ഷത്തിലേക്കു കടക്കുന്ന സമാജം ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക വിനിമയത്തിന്റെ പ്രധാന കേന്ദ്രമാണെന്നും വ്യക്തമാക്കുന്നതായിരുന്നു പ്രദര്‍ശനം.
ബി സി 3000 ആണ്ടില്‍ ബഹ്‌റൈനില്‍ നിലനിന്ന ദില്‍മന്‍ സംസ്‌കാരവും ആ കാലയളവില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന സിന്ധൂ നദീതട സംസ്‌കാരവുമായുണ്ടായിരുന്ന ബന്ധത്തില്‍ നിന്നു തുടങ്ങുന്ന ചരിത്രത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചു കേരളീയ സമാജത്തിന്റെ പിറവി വരെയുള്ള നാള്‍വഴികളെ കുറിച്ചും പ്രദര്‍ശനം നടന്നു.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ് ആല്‍ ഖലീഫയുടെയും കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടേയും ഇന്ത്യ സന്ദര്‍ശനവും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സ്‌നേഹ, സൗഹാര്‍ദ്ദങ്ങളുടെ ഓര്‍മ്മപ്പെടുത്തലും സദസ്സ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
ഇംഗ്ലീഷില്‍ പ്രസംഗിച്ച മുഖ്യമന്ത്രി അവസാനം മലയാളത്തിലേക്കു പ്രവേശിച്ചു. ബഹ്‌റൈനിലെ മലയാളി സമൂഹത്തിനു പ്രതീക്ഷ പകരുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ബഹ്‌റൈന്‍ ഭരണാധികാരികളുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടു വച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസികള്‍ ആഹ്ലാദപുര്‍വം സ്വീകരിച്ചു. പൗരസ്വീകരണത്തില്‍ മലയാളത്തില്‍ സംസാരിക്കാമെന്നതിനാലാണ് ഇന്ന് ഇംഗ്ലീഷില്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ഇന്ത്യ ബഹ്‌റൈന്‍ സംസ്‌കാരിക പശ്ചാത്തലത്തില്‍ ഊന്നിക്കൊണ്ടുള്ള അതിവിപുലമായ സംസ്‌കാരിക കലാ പരിപാടികളും അരങ്ങേറി. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ചലച്ചിത്ര താരം ലക്ഷ്മി ഗോപാല സ്വാമിയുടെ നേതൃത്വത്തില്‍ നാല്‍പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികളാണ് ആഘോഷ പരിപാടികളോടനുബന്ധിച്ച് ഒരുക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."