മഹാരാജാസ് പ്രിന്‍സിപ്പലിന്റെ ചേംബറിലേക്ക് മാര്‍ച്ച്: അധ്യാപകര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ ചേംബറിലേക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച അധ്യാപകര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് അന്വേഷണ കമ്മിഷന്‍. ഇടതുസംഘടനയായ എ.കെ.ജി.സി.ടി അംഗങ്ങളായ സന്തോഷ് ടി. വര്‍ഗീസ്, ഓമര്‍ അലോഷ്യസ്, സുമി ജോയി ഒലിയപുറം, ജൂലിയ ഡേവിഡ്, രോഹിണി നായര്‍, പി.വി മത്തായി, കെ. ജയകുമാര്‍, പുറത്തുനിന്നുള്ള അധ്യാപകരായ എസ്. അനില്‍കുമാര്‍, കെ.ആര്‍ ബിനോയി, മാധവന്‍ നമ്പൂതിരി, പി. മധുസൂദനന്‍ എന്നിവര്‍ക്കെതിരേയാണു നടപടിക്കു ശുപാര്‍ശ.
കോളജിലെ മുതിര്‍ന്ന രണ്ട് അധ്യാപകരും സൂപ്രണ്ടും ഉള്‍പെടുന്ന കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്. മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. ഇതിലൊരാള്‍ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയയാളാണ്. മൂന്നുപേരെയും എസ്.എഫ്.ഐയില്‍നിന്ന് പിന്നീട് പുറത്താക്കി. കഴിഞ്ഞ മാസം 19ന് ഇടത് അധ്യാപക സംഘടനയായ എ.കെ.ജി.സി.ടിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെതിരേ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണു വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര കോളജ് കവാടത്തിലേക്കു കൊണ്ടുപോയി കത്തിച്ചത്. പ്രതിഷേധം സംഘടിപ്പിക്കുന്ന വിവരം ഇടത് അനുകൂല അധ്യാപക സംഘടനാ ഭാരവാഹികള്‍ക്ക് നേരത്തെ അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
സംഭവത്തില്‍ മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടാണ് ഇന്നലെ ഗവേണിങ് കൗണ്‍സിലില്‍ ചര്‍ച്ചയ്‌ക്കെത്തിയത്. കോളജ് യൂനിയന്‍ ചെയര്‍മാന്‍ അശ്വിന്‍ പി. ദിനേശ്, കെ.ജി ആനന്ദ്, കിഷെന്‍ പൗലോസ്, പ്രജിത്ത് കെ. ബാബു, എസ്. കൃഷ്ണദാസ്, എം.പി അമല്‍, മുഹമ്മദ് അമീര്‍, കെ.വി ക്ലിന്റ്, കെ.എഫ് അഫ്രീദി, ജോര്‍ജ്കുട്ടി എന്നീ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു. അടുത്ത ദിവസം ചേരുന്ന ഗവേണിങ് കൗണ്‍സിലില്‍ നടപടിയുണ്ടായേക്കുമെന്നും ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ പി.കെ രവീന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."