ഗുജറാത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരേ എതിര്‍പ്പ് രൂക്ഷം
അഹമ്മദാബാദ്: സര്‍ക്കാര്‍ നിയമനങ്ങളില്‍ സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ നടത്തുന്ന സമരത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തത് ഗുജറാത്തില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍പോലും അതൃപ്തിയുമായി രംഗത്തിറങ്ങിയതോടെ അടുത്ത ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കിയിട്ടുണ്ട്.
നേതാക്കള്‍ക്കെതിരേ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. പല പൊതുചടങ്ങുകളിലും നിരവധി നേതാക്കള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത് തിരിച്ചറിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി വിജയ് രൂപാണി മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചിരുന്നു.
ജനങ്ങള്‍ക്ക് പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധമുള്ളതാണ് നേതൃത്വത്തിനോടുള്ള ജനപ്രീതി കുറയാന്‍ കാരണമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുകയെന്ന് വിലയിരുത്തപ്പെടുന്നു.
ഫെബ്രുവരി ആറിന് ഗാന്ധിനഗര്‍ ജില്ലയില്‍ പട്ടേല്‍ സമുദായക്കാരുടെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനത്തെിയ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് നേരെ ആക്രമണമുണ്ടായി. എം.പിമാരും എം.എല്‍.എമാരും മണ്ഡലങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവും ശക്തമാണ്.
സൂറത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനത്തെിയ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് കറുത്ത മാല അണിയിച്ച സംഭവവും ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് ആരോപിക്കപ്പെടുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ജനങ്ങളുടെ എതിര്‍പ്പാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."