പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും
ലഖ്നോ: ഊഹാപോഹങ്ങള്‍ക്ക് അറുതിയായി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി എത്തുമെന്ന് കോണ്‍ഗ്രസിന്റെ വിശ്വസ്ത കേന്ദ്രങ്ങള്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ പ്രിയങ്കയെ രംഗത്തിറക്കി കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അവരുടെ ഭാഗത്തു നിന്നും അനുകൂലമായ തീരുമാനങ്ങള്‍ വന്നിരുന്നില്ല. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് മുതല്‍ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ പ്രിയങ്ക പ്രചാരണത്തിനെത്തുമെന്നാണ് ഇന്നലെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. ആദ്യ പ്രചാരണം റായ്ബറേലിയിലായിരിക്കുമെന്നും നേതൃത്വം അറിയിച്ചു.
റായ്ബറേലി ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിയമസഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി പ്രചാരണത്തിനെത്തുമെന്ന് നേരത്തെതന്നെ സംസ്ഥാന നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ പ്രിയങ്ക ഇവിടെ വരുമെന്നല്ലാതെ എപ്പോഴെന്ന കാര്യത്തില്‍ അനിശ്ചിതത്വമായിരുന്നു. ഈ മാസം 23, 27 തിയതികളിലായി നാലും അഞ്ചും ഘട്ടങ്ങളിലായിട്ടാണ് അമേത്തിയിലും റായ് ബറേലിയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."