പ്രവര്‍ത്തനം അവതാളത്തില്‍: സംസ്ഥാന വിവരാവകാശ കമ്മിഷന്‍ അംഗങ്ങളെ ഉടന്‍ നിയമിച്ചേക്കും
തിരുവനന്തപുരം: കമ്മിഷണര്‍ മാത്രമുള്ള സംസ്ഥാന വിവരാവകാശ കമ്മിഷന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു. കമ്മിഷനില്‍ ഉണ്ടായിരിക്കേണ്ട ബാക്കിയുള്ള അഞ്ച് അംഗങ്ങളെ നിയമിക്കുന്നതിന് സര്‍ക്കാര്‍ ആലോചന തുടങ്ങി.
നിലവില്‍ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തുള്ള വിന്‍സന്റ് എം. പോള്‍ മാത്രമാണ് സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ ഉള്ളത്. ഇത് കമ്മിഷന്റ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുമുണ്ട്. നിയമപ്രകാരം ഇനി അഞ്ച് അംഗങ്ങളെക്കൂടി നിയമിക്കേണ്ടതുണ്ട്. ഇതിലൊരംഗമായാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ പ്രഭാവര്‍മയെയും പരിഗണിക്കുന്നത്.
സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ വിവരാവകാശ കമ്മിഷണര്‍ മാത്രമാണ് ഇപ്പോഴുള്ളത് എന്നതിനാല്‍ കേസുകള്‍ പരിഗണിച്ച് തീര്‍പ്പാക്കുന്ന കാര്യത്തില്‍ കാലതാമസം നേരിടുന്നുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2016ല്‍ അക്കാര്യത്തില്‍ വന്‍ കുറവാണ് ഉണ്ടായത്. 2016ല്‍ സംസ്ഥാന വിവരാവകാശ കമ്മിഷന് 2810 അപ്പീല്‍ അപേക്ഷകള്‍ ലഭിച്ചപ്പോള്‍ അവയില്‍ 946 ഫയലുകള്‍ തീര്‍പ്പാക്കാന്‍ കമ്മിഷനായി.
എന്നാല്‍, കഴിഞ്ഞ വര്‍ഷം നവംബര്‍ 30വരെയുള്ള കണക്കനുസരിച്ച് 2409 അപ്പീലുകള്‍ ലഭിച്ചപ്പോള്‍ 131 എണ്ണത്തില്‍ മാത്രമാണ് കമ്മിഷന് തീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞത്.
2016ല്‍ സംസ്ഥാന കമ്മിഷന് നേരിട്ട് ലഭിച്ച 1266 പരാതികളില്‍ 376 എണ്ണം അവസാനിപ്പിക്കാനായപ്പോള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍വരെ ലഭിച്ച 1210 പരാതികളില്‍ 98 എണ്ണം മാത്രമാണ് തീര്‍പ്പാക്കാനായത്. ഇത്തരത്തില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ല.
സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ അഞ്ച് അംഗങ്ങളെ നിയമിക്കാനുള്ളതില്‍ ഒരെണ്ണമാകും സി.പി.ഐക്ക് നല്‍കുക.
ബാക്കിയുള്ള നാലെണ്ണത്തില്‍ മറ്റേതെങ്കിലും ഘടകകക്ഷിയിലെ ഒരംഗത്തെക്കൂടി ഉള്‍പ്പെടുത്തുകയും മൂന്നൊഴിവിലേക്ക് സി.പി.എം അംഗത്തെ നിയമിക്കാനുമാണ് നീക്കം നടക്കുന്നത്. ഇതിലേക്കായി മാധ്യമപ്രവര്‍ത്തകനെന്ന പരിഗണനയിലാണ് കവികൂടിയായ പ്രഭാവര്‍മയെ പരിഗണിക്കുന്നത്. സി.പി.എമ്മിന്റെ മറ്റൊരു പ്രതിനിധിയായി അഡിഷണല്‍ സെക്രട്ടറിയും വിവരാവകാശ കമ്മിഷന്‍ സെക്രട്ടറിയുമായിരുന്ന എന്‍. വിജയകുമാറിനെയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
കമ്മിഷണര്‍ക്കൊപ്പം അഞ്ച് അംഗങ്ങള്‍കൂടി ഉണ്ടായിരിക്കേണ്ട സ്ഥാനത്ത് ഒരാളുടെ മാത്രം പ്രവര്‍ത്തനം വിവരാവകാശ കമ്മിഷന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റിക്കുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."