മെഡി. കോളജ് എം.എസ്.എസിന് ഇരുപത്തിയഞ്ച് വയസ്
ചേവായൂര്‍: പതിനായിരത്തോളം മയ്യിത്തുകള്‍ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്ത നിര്‍വൃതിയില്‍ എം.എസ്.എസ് മെഡിക്കല്‍ കോളജ് യൂനിറ്റ്. മോര്‍ച്ചറിക്കു സമീപത്തെ സ്ഥാപനത്തിന് ഇരുപത്തിയഞ്ച് വയസ് പൂര്‍ത്തിയാവുകയാണ്.
1993ല്‍ സ്ഥാപിച്ച സ്ഥാപനത്തില്‍ നിന്ന് ഈ കാലയളവില്‍ കുളിപ്പിച്ച് കഫന്‍ ചെയ്ത മയ്യിത്തുകളുടെ എണ്ണം പതിനായിരത്തോളമാണ്. കാല്‍നൂറ്റാണ്ടായി അപകടത്തില്‍പെട്ട് മരിക്കുന്ന മയ്യിത്തുകളെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുളിപ്പിച്ച് കഫന്‍ ചെയ്ത് നിസ്‌കരിക്കാന്‍ സൗകര്യങ്ങളൊരുക്കി കൊടുക്കുന്ന സ്ഥാപനം സ്തുത്യര്‍ഹമായ സേവനങ്ങളാണ് ചെയ്തുവരുന്നത്.
തികച്ചും സൗജന്യമായാണ് ഈ കാരുണ്യ പ്രവര്‍ത്തനം നടക്കുന്നതെങ്കിലും ചിലരുടെ ബന്ധുക്കള്‍ സ്ഥാപനത്തിന്റെ നടത്തിപ്പിലേക്കു സാമ്പത്തികമായും സഹായിക്കാറുണ്ട്. പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ ആംബുലന്‍സ് സൗകര്യവും എം.എസ്.എസ് ഒരുക്കി കൊടുക്കുന്നുണ്ട്.
ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗകര്യ പ്രദമായ ഡോര്‍മെറ്ററിയും വിദ്യാര്‍ഥികള്‍ക്ക് മാസവാടകക്ക് ഹോസ്റ്റല്‍ സൗകര്യവും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
1993ല്‍ ഇരുപത് പേര്‍ചേര്‍ന്ന് ഇരുപതിനായിരം രൂപവീതം സ്വരൂപിച്ചാണ് 20 സെന്റ് സ്ഥലത്ത് സ്ഥാപനം ആരംഭിച്ചതെന്ന് സ്ഥാപക ചെയര്‍മാന്‍ കെ.വി കുഞ്ഞഹമ്മദ് പറഞ്ഞു.
നിരവധി അനാഥമയ്യിത്തുകളെ ഏറ്റെടുത്ത് പരിപാലിക്കാനും അജ്ഞാത മയ്യിത്തുകളുടെ അവകാശികളെ കണ്ടെത്തുന്നതിന് സഹായിക്കാനും പരമാവധി കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."