ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റ്; നിലപാടിലുറച്ച് കേന്ദ്രമന്ത്രി സത്യപാല്‍സിങ്
ഔറംഗബാദ്: ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്ന തന്റെ പ്രസ്താവനയിലുറച്ച് കേന്ദ്രമന്ത്രി സത്യപാല്‍സിങ്. താനും ശാസ്ത്രമേഖലയിലുള്ള വ്യക്തിയാണ്. ശാസ്ത്രത്തില്‍ അറിവുള്ളയാളാണ് താനും.
രസതന്ത്രത്തിലാണ് താന്‍ പി.എച്ച്.ഡി ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു. താന്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അടിസ്ഥാനമില്ലാതെ ഒന്നും പറയാറില്ലന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രരംഗത്തുനിന്ന് നിരവധിയാളുകള്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ നാഷനല്‍ സയന്‍സ് അക്കാദമി മുന്‍ പ്രസിഡന്റ് രാഘവേന്ദ്ര ഗഡാഗ്കര്‍ സത്യപാല്‍ സിങ് ശാസ്ത്രത്തെ ധ്രുവീകരിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. സത്യപാല്‍ സിങ് ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും ഒരേസമയം ധ്രുവീകരിക്കാനാണ് ശ്രമിക്കുന്നത്.
അത് വലിയ അപകടമാണ്. അതുകൊണ്ടുതന്നെ ഇതിനെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബയോകോണ്‍ മേധാവി കിരണ്‍ മജൂംദാര്‍ ഷായും മന്ത്രിയുടെ പ്രസ്താവനക്കെതിരേ രംഗത്തുവന്നിരുന്നു.
ഔറംഗബാദില്‍ നടന്ന ഓള്‍ ഇന്ത്യാ വൈദിക് സമ്മേളനത്തില്‍ സംസാരിക്കവെയാണ് കേന്ദ്രമാനവ വിഭവശേഷി മന്ത്രി ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനെതിരേ രംഗത്തിയത്.
കുരങ്ങ് മനുഷ്യനാകുന്നത് ആരും കണ്ടിട്ടില്ലാത്തതിനാല്‍ ഡാര്‍വിന്റെ സിദ്ധാന്തത്തിനെ അംഗീകരിക്കാനാകില്ല. മനുഷ്യനെ ഭൂമുഖത്ത് കണ്ട് തുടങ്ങിയ കാലം മുതല്‍ മനുഷ്യനായി തന്നെയാണ് കണ്ടിട്ടുള്ളത്. പരിണാമസിദ്ധാന്തം ശരിയാണെന്ന് സ്ഥാപിച്ചുകൊണ്ടുള്ള സ്‌കൂളുകളിലെയും കോളജുകളിലെയും പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണം.
നമ്മുടെ പൂര്‍വികരില്‍ ആരും തന്നെ കുരങ്ങന്‍ മനുഷ്യനായി കാണുന്നത് കണ്ടതായി പറഞ്ഞിട്ടില്ല. പൂര്‍വ്വിക കഥകള്‍ പറയുന്ന ഒരു പുസ്തകത്തിലും അത്തരമൊരു പരാമര്‍ശവുമില്ലെന്നും മുന്‍ ഐ.പി.എസ് ഓഫിസര്‍ കൂടിയായ സത്യപാല്‍സിങ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."