ഐ.എസ്.എമ്മിനെ മടവൂര്‍ വിഭാഗം ഹൈജാക്ക് ചെയ്തു
കോഴിക്കോട്: മുജാഹിദ് ഭിന്നിപ്പ് പൂര്‍ണതയിലേക്ക്. മടവൂര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് നടന്ന ഐ.എസ് എം ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായുള്ള സംസ്ഥാന കാംപയിനിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഔദ്യോഗിക നേതൃത്വം വിലക്കിയിട്ടും മടവൂര്‍ വിഭാഗത്തിലെ പ്രമുഖ നേതാക്കള്‍ സംബന്ധിച്ചു. ഇരു മുജാഹിദ് വിഭാഗങ്ങളും ഒന്നിച്ചതിന് ശേഷവും ഉണ്ടായ അസ്വാരസ്യങ്ങളെതുടര്ന്നായിരുന്നു മടവൂര്‍ വിഭാഗം പരിപാടി സംഘടിപ്പിച്ചത്.
ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ ജാബിര്‍ അമാനിയും ട്രഷറര്‍ ഫൈസല്‍ നന്മണ്ടയും ഉപാധ്യക്ഷന്‍ അബ്ദുസ്സലാം മുട്ടിലും സമ്മേളനത്തിനെത്തിയിരുന്നു. മുജാഹിദ് നേതൃത്വത്തെ വെട്ടിലാക്കി കെ.ജെ.യു വര്‍ക്കിങ് പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഉമര്‍ സുല്ലമി പരിപാടിയില്‍ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തേ പ്രചരിച്ചിരുന്നത്. അരയിടത്തുപാലത്തു നടന്ന സമ്മേളനത്തില്‍ സ്ത്രീകളുള്‍പ്പെടെ വന്‍ ജനാവലിയാണ് സംഗമിച്ചത്.
ഇതോടെ, ഒന്നിച്ച മുജാഹിദ് സംഘടനയിലെ പിളര്‍പ്പ് പരസ്യമായിരിക്കുകയാണ്. ഐ.എസ്.എം ഗോള്‍ഡന്‍ ജൂബിലി എന്ന പേരില്‍ മടവൂര്‍ വിഭാഗത്തെ വീണ്ടും സജീവമാക്കാനാണ് പദ്ധതി. വിവിധ പദ്ധതികളുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് ഇവരുടെ നീക്കം. ഇപ്പോള്‍ ഔദ്യോഗിക വിഭാഗത്തിന്റെ കൂടെ നില്ക്കുന്ന പഴയ മടവൂര്‍ വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഉടന്‍ തങ്ങളോടൊപ്പം ചേരുമെന്നാണ് ഇവരുടെ പ്രതീക്ഷ. മടവൂര്‍ വിഭാഗത്തിന്റെ കീഴിലുണ്ടായിരുന്ന എല്ലാ സംരംഭങ്ങളേയും സജീവമാക്കാനാണ് തീരുമാനം. ഇരുമുജാഹിദ് വിഭാഗങ്ങളും ഒന്നിച്ചിരുന്നെങ്കിലും മടവൂര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മദ്റസകളും പള്ളികളും വേറിട്ടു തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇന്നലെ നടന്ന സമ്മേളനത്തിന്റെ പോസ്റ്ററുകള്‍ പല മടവൂര്‍ വിഭാഗത്തിന്റെ സ്ഥാപനങ്ങളിലും പതിച്ചിരുന്നു. ഇതോടെ ഭിന്നിപ്പ് താഴെ തട്ടിലേക്കും എത്തിത്തുടങ്ങിയിരിക്കുകയാണ്. ചടങ്ങില്‍ ഡോ. കെ.കെ.എന്‍ കുറുപ്പ്, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, പ്രൊഫ. യു.പി യഹ്യാഖാന്‍, അബ്ദുന്നാസര്‍ മുണ്ടക്കയം, ഹാസില്‍ മുട്ടില്‍, റാഫിദ ഖാലിദ്, റിഹാസ് പുലാമന്തോള്‍, ഡോ. ഫുക്കാര്‍ അലി, അലി മദനി മൊറയൂര്‍, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഫൈസല്‍ ചക്കരക്കല്ല്, ഇസ്മാഈല്‍ കരിയാട്, എം അഹ്മദ്കുട്ടി മദനി എടവണ്ണ, ഷാനിഫ് വാഴക്കാട്, അന്‍ഫസ് നന്മണ്ട, ശുക്കൂര്‍ കോണിക്കല്‍, ഡോ. ലബീദ് അരീക്കോട്, യൂനുസ് നരിക്കുനി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."