കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് സത്യവാങ്മൂലം ഹജ്ജ് സര്‍വിസ് ചരിത്രം മറച്ചുവച്ച്
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി അനുവദിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ് മൂലം 14 വര്‍ഷത്തെ ഹജ്ജ് സര്‍വിസ് ചരിത്രം മറച്ചുവച്ച്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയാണ് കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. കോടതി കേന്ദ്ര സര്‍ക്കാറിനോട് ഇതു സംബന്ധിച്ച് സത്യവാങ് മൂലം നല്‍കാനാവശ്യപ്പെടുകയായിരുന്നു.
2001 മുതലാണ് കരിപ്പൂരില്‍ നിന്ന് ഹജ്ജ് വിമാന സര്‍വിസുകള്‍ ആരംഭിച്ചത്. കരിപ്പൂരിലെ റണ്‍വേ ആറായിരം അടിയില്‍ നിന്ന് ഒന്‍പതിനായിരം അടിയിലേക്ക് ഉയര്‍ത്തിയ പ്രവൃത്തികള്‍ 1996ല്‍ ആരംഭിച്ച് 2001ലാണ് പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് ആദ്യമായി എയര്‍ ഇന്ത്യ ജിദ്ദയിലേക്ക് വിമാന സര്‍വിസ് ആരംഭിച്ചു. ആ വര്‍ഷം തന്നെയാണ് ആദ്യമായി ഹജ്ജ് സര്‍വിസും ആരംഭിച്ചത്. 450 പേര്‍ക്ക് സഞ്ചരിക്കാവുന്ന ജംബോ വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്ന് തീര്‍ഥാടകരുമായി പറന്നുയര്‍ന്നത്. തുടര്‍ന്ന് തുടര്‍ച്ചയായ 14 വര്‍ഷം കരിപ്പൂരില്‍ നിന്നാണ് ഹജ്ജ് വിമാനങ്ങള്‍ പറന്നത്.
ആദ്യ ഘട്ടത്തില്‍ തീര്‍ഥാടകര്‍ക്കായി താല്‍ക്കാലിക ഹജ്ജ് ക്യാംപ് ഒരുക്കുകയായിരുന്നു. തുടര്‍ന്ന് 2008ല്‍ ആറു കോടി ചെലവില്‍ കരിപ്പൂരില്‍ പുതിയ ഹജ്ജ് ഹൗസും പണിതു. 14 വര്‍ഷവും മികച്ച ഹജ്ജ് ക്യാംപ് എന്ന ഖ്യാതിയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി കരിപ്പൂലെ ക്യാംപിന് നല്‍കിയത്.
2015ലാണ് കരിപ്പൂരിലെ റണ്‍വേ റീ കാര്‍പ്പറ്റിങ് പ്രവൃത്തികള്‍ക്കായി അടച്ചത്. ഇതോടെ വലിയ ജംബോ വിമാനങ്ങളുടെ സര്‍വിസും നിര്‍ത്തലാക്കി. ഇതാണ് ഹജ്ജ് സര്‍വിസും കരിപ്പൂരില്‍ നിന്ന് ഒഴിവാകാന്‍ കാരണമായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി നെടുമ്പാശ്ശേരിയിലാണ് ഹജ്ജ് ക്യാംപ് നടക്കുന്നത്. എന്നാല്‍ ഹജ്ജുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത് കരിപ്പൂര്‍ ഹജ്ജ് ഹൗസിലാണ്.
കരിപ്പൂര്‍ ചെറിയ വിമാനത്താവളമാണെന്ന കാരണം പറഞ്ഞാണ് നെടുമ്പാശ്ശേരിക്ക് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതത്. മികച്ച ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റെന്ന നിലയില്‍ 14 വര്‍ഷത്തെ കരിപ്പൂരിന്റെ സേവനത്തെ അവഗണിക്കുകയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതില്‍ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.
അതേ സമയം കരിപ്പൂരില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതോടെ കഴിഞ്ഞ വര്‍ഷം സഊദി എയര്‍ലൈന്‍സ് ഹജ്ജ് സര്‍വിസിനായി എത്തിച്ച തരത്തിലുള്ള വിമാനങ്ങള്‍ക്ക് കരിപ്പൂരിലിറങ്ങാനുമാകും. ഇങ്ങനെയിരിക്കെയാണ് വിമാനത്താവളത്തിന് വലുപ്പം കുറവാണെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നത്. 14 വര്‍ഷത്തിനിടെ ഒന്നേകാല്‍ ലക്ഷത്തോളം തീര്‍ഥാടകരാണ് കരിപ്പൂരില്‍ നിന്ന് ഹജ്ജിനായി പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."