കണ്ണൂരിലെ എ.ടി.എം തട്ടിപ്പ്: രണ്ടുപേര്‍ ഹരിയാനയില്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരിലെ എ.ടി.എം കൗണ്ടറില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ ഹരിയാന സ്വദേശികളായ രണ്ടുപേരെ ടൗണ്‍ ഡിവൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തു. ഹരിയാന പിണകാവിലെ ജുനൈദ് (22), വാലി (20) എന്നിവരെയാണ് പ്രത്യേകസംഘം ഹരിയാനയിലെ പിണകാവില്‍ നിന്നു പിടികൂടിയത്. ഇവരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലെത്തിച്ചു. സംഭവത്തിലെ പ്രധാന സൂത്രധാരനും പരാതിക്കാരനുമായ ഷക്കീല്‍ അഹമ്മദിനു വേണ്ടിയുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കി. കേസന്വേഷണം വഴിതിരിച്ചു വിടാന്‍ വേണ്ടി സംഘം നല്‍കിയ വ്യാജ പരാതിയാണ് പ്രതികളെ കുടുക്കിയത്. എ.ടി.എം ഉപയോഗിക്കുന്നവരുടെ കാര്‍ഡ് വിവരങ്ങള്‍ കൗണ്ടറില്‍ സ്‌കിമ്മറും കാമറയും സ്ഥാപിച്ച് മനസിലാക്കിയ ശേഷം വ്യാജ കാര്‍ഡ് നിര്‍മിച്ചാണ് പണം കവര്‍ന്നിരുന്നത്. സംസ്ഥാനത്ത് എ.ടി.എം കവരുന്ന സംഘത്തിലെ ഒരു ടീമാണ് പിടിയിലായതെന്ന് പൊലിസ് പറഞ്ഞു.
കണ്ണൂരിലെ ടൗണ്‍ സ്റ്റേഷനു തൊട്ടടുത്തുള്ള എസ്.ബി.ഐ എ.ടി.എം കൗണ്ടറില്‍ നിന്ന് സംഘം വ്യാജ കാര്‍ഡ് ഉപയോഗിച്ച് 40, 000 രൂപ കവര്‍ന്നിരുന്നു. ഇതിന്റെ അന്വേഷണം വഴിതെറ്റിക്കാനായി 2017 ഡിസംബര്‍ 27ന് സ്റ്റേറ്റ് ബാങ്കിന്റെ ഹരിയാനയിലെ സാങ്‌ഗോന്‍ ശാഖയില്‍ അക്കൗണ്ടുള്ള ഷക്കീല്‍ അഹമ്മദ് 40,000 രൂപ നഷ്ടമായതായി കാണിച്ച് ബാങ്ക് മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂരിലെ ടൗണ്‍ സ്റ്റേഷനു തൊട്ടടുത്തുള്ള എസ്.ബി.ഐ എ.ടി.എം കൗണ്ടറില്‍ നിന്ന് പണം വിന്‍വലിച്ചെന്ന് മെസേജ് വന്നതായാണ്പരാതിയില്‍ പറയുന്നത്. ഹരിയാന ബ്രാഞ്ചില്‍ നിന്നുള്ള വിവരത്തെതുടര്‍ന്ന് എസ്.ബി. എ കണ്ണൂര്‍ ശാഖാ അധികൃതര്‍ കണ്ണൂരിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ടൗണ്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഷക്കീല്‍ അഹമ്മദും ജുനൈദും വാലിയുമടങ്ങുന്ന സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ ജൂനിയര്‍ എസ്.ഐ ഷൈജു, സി.പി.ഒമാരായ സഞ്ജയ് കണ്ണാടിപ്പറമ്പ്, റൗഫ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."