അന്താരാഷ്ട്ര ഡാം സുരക്ഷാ സമ്മേളനത്തിനു തുടക്കമായി: വന്‍കിട അണക്കെട്ടുകള്‍ അനിവാര്യമെന്ന് കേന്ദ്ര മന്ത്രി
തിരുവനന്തപുരം: രാജ്യത്ത് വന്‍കിട അണക്കെട്ടുകള്‍ അനിവാര്യമെന്ന് കേന്ദ്ര ജലവിഭവ, നദിവികസന സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. കോവളത്തു നടക്കുന്ന അന്തര്‍ദേശീയ ഡാം സുരക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷി, ഗ്രാമം, നഗരം, വ്യവസായം തുടങ്ങിയവയുടെ വികസനത്തില്‍ അണക്കെട്ടുകള്‍ക്ക് വലിയ പങ്കാണുള്ളത്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ ഈ വിഷയത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ലോക ബാങ്ക് സഹായത്തോടെ 2,100 കോടി ചെലവില്‍ 2012ല്‍ ആവിഷ്‌കരിച്ച ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് (ഡ്രിപ്) ഒന്നാംഘട്ടം കേരളമുള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
രണ്ടാംഘട്ടത്തില്‍ ഇത് 18 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 16 സംസ്ഥാനങ്ങള്‍ ഇപ്പോള്‍തന്നെ ഇതിനായി മുന്നോട്ടുവന്നിട്ടുണ്ട്. ഈ പദ്ധതിയില്‍ കേരളത്തില്‍ ഇപ്പോള്‍ 53 അണക്കെട്ടുകളുടെ നവീകരണ, വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 280 കോടി രൂപ ചെലവിലാണ് ഇതു നടപ്പാക്കുന്നത്.
രാജ്യത്തെ വന്‍കിട അണക്കെട്ടുകളില്‍ 80 ശതമാനവും കാല്‍നൂറ്റാണ്ട് പ്രായമുള്ളവയാണെന്ന് മന്ത്രി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
213 അണക്കെട്ടുകള്‍ 100 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. അവയുടെ രൂപകല്‍പനയും സുരക്ഷാസംവിധാനങ്ങളും ഇന്നത്തെ മാനദണ്ഡങ്ങള്‍ക്കു താഴെയാണ്. ഇവയില്‍ പലതിനും തകരാറുകള്‍ സംഭവിക്കാനിടയുണ്ട്.
അതിനാല്‍ അവയ്ക്ക് പ്രത്യേക സുരക്ഷാ സംവിധാനമൊരുക്കേണ്ടതുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് അന്താരാഷ്ട്രതലത്തിലുള്ള സമ്മേളനങ്ങള്‍ ഏറെ സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ജല കമ്മിഷന്റെ സുരക്ഷാ നിര്‍ദേശങ്ങളിലും മാനദണ്ഡങ്ങളിലും കാലോചിതമായ മാറ്റംവരുത്തേണ്ടതുണ്ടെന്ന് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ച സംസ്ഥാന ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു.
ജലക്ഷാമമാണ് ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വിപത്ത്. ജലസംരക്ഷണത്തില്‍ അണക്കെട്ടുകള്‍ക്കു വലിയ പങ്കാണുള്ളതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കേന്ദ്ര ജല കമ്മിഷന്‍ ചെയര്‍മാന്‍ മസൂദ് ഹുസൈന്‍ അധ്യക്ഷനായി. വൈദ്യുതി മന്ത്രി എം.എം മണി, ലോക ബാങ്ക് ഡാം സ്‌പെഷലിസ്റ്റ് സത്തോരു ഉഡേ, ഇന്റര്‍നാഷണല്‍ കമ്മിഷന്‍ ഓഫ് ലാര്‍ജ് ഡാം പ്രസിഡന്റ് ഡോ. ആന്റണ്‍ ഷ്‌ലെയ്‌സ്, ഓസ്‌ട്രേലിയന്‍ വാട്ടര്‍ പാര്‍ട്ട്ണര്‍ഷിപ്പ് സി.ഇ.ഒ ഡോ. നിക്കോളാസ് ഷൊഫീല്‍ഡ്, കെ.എസ്.ഇ.ബി സി.എം.ഡി ഡോ. കെ. ഇളങ്കോവന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനം ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."