കരിഓയില്‍ ഒഴിച്ച കേസ്: ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി
കൊച്ചി: കെ.എസ്.യു നടത്തിയ സമരത്തിനിടെ ഹയര്‍സെക്കന്‍ഡറി ഡയരക്ടറായിരുന്ന കേശവേന്ദ്ര കുമാറിനെ കരിഓയില്‍ ഒഴിച്ച കേസ് റദ്ദാക്കാന്‍ ഒന്നാംപ്രതി പാങ്ങോട് സ്വദേശി സിപ്പി നൂറുദ്ദീന്‍ നല്കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി.
പൊലിസ് കേസ് നിലവിലുള്ളതിനാല്‍ കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയില്‍ ലഭിച്ച ജോലി നഷ്ടമായി. പൊലിസ് റിപ്പോര്‍ട്ട് നല്കിയാല് ഇപ്പോള്‍ വെറ്ററിനറി സര്‍വകലാശാലയില്‍ ലഭിച്ച ജോലിയും നഷ്ടമാകും. ഈ സാഹചര്യത്തില്‍ കേസ് റദ്ദാക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
2013 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. സിപ്പി നൂറുദ്ദീന്റെ നേതൃത്വത്തില്‍ കെ.എസ്.യു പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ കേശവേന്ദ്ര കുമാറിന്റെ ചേംബറില്‍ അതിക്രമിച്ചുകയറി കരിഓയില്‍ ഒഴിക്കുകയായിരുന്നു. കംപ്യൂട്ടര്‍, ഫോണ്‍ തുടങ്ങിയവ സമരക്കാര്‍ നശിപ്പിച്ചതിനാല്‍ 5.5 ലക്ഷം രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായെന്ന് കണക്കാക്കിയിരുന്നു.
ഈ തുക ഈടാക്കി കേസ് അവസാനിപ്പിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് വ്യക്തമാക്കി കേശവേന്ദ്ര കുമാര്‍ നല്കിയ സത്യവാങ്മൂലവും ഹരജിക്കാരന് ഹാജരാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."