സി.പി.എമ്മിന്റെ വിചിത്രമായ അയിത്തരാഷ്ട്രീയം
കോണ്‍ഗ്രസിനോടു സഹകരിക്കേണ്ടതില്ലെന്ന സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനം ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തിന്റെ മതേതരത്വം വലിയ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് സി.പി.എമ്മിനെപ്പോലൊരു പാര്‍ട്ടിയില്‍നിന്നു മതേതരജനത പ്രതീക്ഷിക്കാത്ത തീരുമാനമാണുണ്ടായത്. ഏതു സാഹചര്യത്തിലാണെങ്കിലും ഈ തീരുമാനം ന്യായീകരിക്കപ്പെടില്ല. പഴയ കോണ്‍ഗ്രസ് വിരോധം മാത്രം വച്ചിട്ടാണോ അതോ ഉള്‍പ്പാര്‍ട്ടി വടംവലിയുടെ ഭാഗമായാണോ ഇത്തരമൊരു തീരുമാനമെന്നു കാലം തെളിയിക്കും.
കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാത്തതിലുള്ള പ്രയാസം മൂലമല്ല ഇതുപറയുന്നത്. മറിച്ച്, മതേതരപ്പാര്‍ട്ടിയെന്ന നിലയില്‍ സി.പി.എം എടുക്കുന്ന തീരുമാനം നല്‍കുന്ന സന്ദേശം അപകടകരമായതുകൊണ്ടാണ്. സംഘ്പരിവാര്‍ മുമ്പെങ്ങുമില്ലാത്തവിധം പിടിമുറുക്കി രാജ്യത്തിന്റെ മതേതരത്വത്തെ പരസ്യമായി വെല്ലുവിളിക്കുകയും കശാപ്പുചെയ്യുകയും ചെയ്യുന്ന കാലമാണിത്. ഇത്തരമൊരു ഘട്ടത്തില്‍ മതേതരകക്ഷികള്‍ ഒന്നിച്ചുനിന്നു പ്രതിരോധിക്കണമെന്ന കാലത്തിന്റെ ആവശ്യം തിരിച്ചറിയാന്‍ രാഷ്ട്രീയഗവേഷണത്തിന്റെ ആവശ്യമില്ല.
വര്‍ഗീയ,ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോല്‍പ്പിക്കുകയെന്നതാണു തങ്ങളുടെ രാഷ്ട്രീയ അജന്‍ഡയിലെ പ്രഥമപരിഗണനയെന്ന് ആവര്‍ത്തിച്ചു പറയുന്ന പാര്‍ട്ടിയാണ് സി.പി.എം. തങ്ങളുടെ ഇപ്പോഴത്തെ തീരുമാനം ആ നയത്തോടു ചേര്‍ന്നു പോകുന്നതാണോയെന്നു സി.പി.എം നേതാക്കള്‍ പരിശോധിക്കേണ്ടതാണ്.
രാജ്യത്തിന്റെ നിര്‍ണായകമായ എല്ലാ രാഷ്ട്രീയദശാസന്ധികളിലും തെറ്റായ തീരുമാനങ്ങള്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ആ തീരുമാനങ്ങളെല്ലാം ചരിത്രപരമായ വിഡ്ഢിത്തങ്ങളായിരുന്നുവെന്നു പിന്നീട് അവര്‍തന്നെ അംഗീകരിച്ചിട്ടുണ്ട്. ആ ചരിത്രം കാലാകാലങ്ങളില്‍ അവരെ വേട്ടയാടുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. അതിനുദാഹരണമാണു ക്വിറ്റിന്ത്യാസമരം. രാജ്യത്തെ മുഴുവന്‍ പാര്‍ട്ടികളും അതുമായി സഹകരിച്ചപ്പോള്‍ തള്ളിപ്പറഞ്ഞവരാണ് ഇടതുപക്ഷക്കാര്‍.
ആരെയും കൂട്ടുപിടിച്ചു കോണ്‍ഗ്രസിനെ എതിര്‍ക്കണമെന്ന നിലപാട് ഒരുകാലത്ത് സി.പി.എം സ്വീകരിച്ചിരുന്നു. ആ കോണ്‍ഗ്രസ് വിരുദ്ധ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ആദ്യമായി വര്‍ഗീയ,ഫാസിസ്റ്റുകളുടെ കൈയിലേയ്ക്ക് രാജ്യത്തിന്റെ അധികാരം ചെന്നെത്തിയത്. 77ല്‍ സി.പി.എം ഉള്‍പ്പെടെയുള്ളവര്‍ ജനസംഘവുമായി തോളോടുതോള്‍ ചേര്‍ന്നപ്പോഴാണ് അടല്‍ ബിഹാരിവാജ്‌പേയ് എന്ന ബി.ജെ.പി നേതാവ് വിദേശകാര്യമന്ത്രിയായത്.
അംഗബലംകൊണ്ട് ഇന്ത്യയില്‍ വലിയൊരു രാഷ്ട്രീയശക്തിയാണെന്ന് ഇടതുപക്ഷത്തിന് അവകാശപ്പെടാനാവില്ല. എങ്കിലും രാജ്യത്തെ ഇടതുപക്ഷ മനസ്സുള്ളവരെ പ്രതിനിധീകരിക്കുന്നവരെന്ന നിലയില്‍ ഇടതുപക്ഷത്തിന്റെ നിലപാടിനു ദേശീയതലത്തില്‍ തീര്‍ച്ചയായും പ്രസക്തിയുണ്ട്. അംഗബലത്തിനും വോട്ടുകളുടെ എണ്ണത്തിനുമുപരിയായി ഒരു രാഷ്ട്രീയയുദ്ധത്തില്‍ അതു മതേതരസഖ്യത്തിനു ശക്തിപകരും.
അമിത് ഷായുടെയും മോദിയുടെയും നേതൃത്വത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയാന്തരീക്ഷം ഉരുത്തിരിഞ്ഞു വരികയും തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കുകയും ചെയ്ത വേളയിലാണു ബിഹാര്‍ തെരഞ്ഞെടുപ്പു വന്നത്. രാഹുല്‍ഗാന്ധിയാണ് അന്നു മതേതരകക്ഷികളെ മുഴുവന്‍ ഒരുമിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ ബിഹാറില്‍ അമിത് ഷായുടെയും മോദിയുടേയും സ്വപ്‌നം തകര്‍ന്നടിഞ്ഞു. (പിന്നീട് മഹാസഖ്യത്തില്‍ വിള്ളലുണ്ടായെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നില്ല). എന്നാല്‍, സി.പി.എം വിട്ടുനിന്നു. അതു തങ്ങള്‍ക്കുണ്ടാക്കിയ നഷ്ടത്തില്‍നിന്നു പാഠം പഠിക്കാന്‍ ഇപ്പോഴും അവര്‍ക്കായില്ല.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ മനസിലാക്കാന്‍ കഴിയുന്ന രാഷ്ട്രീയപാഠം മതേതര വോട്ടുകള്‍ ഭിന്നിച്ചിടത്താണു ബി.ജെ.പി വിജയം നേടിയതെന്നാണ്. അതുകൊണ്ടാണ് 30 ശതമാനം വോട്ടു മാത്രം നേടിയ ബി.ജെ.പി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്.
ബി.ജെ.പി ഇപ്പോള്‍ ആഗ്രഹിക്കുന്നതും ഇതാണ്. ആ തന്ത്രത്തില്‍ സി.പി.എം വീണുപോകരുതായിരുന്നു. രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും ഇടതുപക്ഷത്തിന്റെ മതേതരസ്വഭാവത്തെ അംഗീകരിക്കുന്ന ഈ ലേഖകന്‍ അടക്കമുള്ളവര്‍ക്ക് ഈ തീരുമാനത്തില്‍ വലിയ നിരാശയുണ്ട്.
മുന്‍കാലങ്ങളില്‍ സി.പി.എം നേതാക്കന്മാര്‍ രാഷ്ട്രീയാന്തരീക്ഷത്തിലെ അപകടം തിരിച്ചറിഞ്ഞു ശരിയായ നിലപാടെടുത്തിട്ടുണ്ട്. ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്ത് സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്നപ്പോഴാണ് ഒന്നാം യു.പി.എ സര്‍ക്കാരിന് പുറത്തുനിന്നു പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.
രാജ്യത്തിന്റെ അധികാരം വര്‍ഗീയകക്ഷികളുടെ കൈകളിലേക്കു പോകാതിരിക്കാനായിരുന്നു അത്. ആ കാലഘട്ടത്തില്‍ ഇടതുപക്ഷത്തിന് ദേശീയതലത്തില്‍ത്തന്നെ വലിയ രാഷ്ട്രീയപ്രസക്തിയുണ്ടായി. സര്‍ക്കാരില്‍ സ്വാധീനവുമുണ്ടായി.
വര്‍ഗീയതക്കെതിരായ നിലപാടാണ് ഇടതുപക്ഷത്തിന്റെ പ്രഥമകര്‍ത്തവ്യമെന്നു ഹര്‍കിഷന്‍സിങ്ങിനുണ്ടായ ആ തിരിച്ചറിവാണ് ഇപ്പോള്‍ യെച്ചൂരിയും മുന്നോട്ടുവച്ചത്.
നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വിലമതിക്കപ്പെട്ടില്ല. ഉള്‍പ്പാര്‍ട്ടി വടംവലിയെന്നതിനപ്പുറം പാര്‍ട്ടിയിലെ എതിരാളിയെ എങ്ങനെയും തോല്‍പ്പിക്കുകയെന്ന നിലപാടാണ് ഇതിനുപിന്നില്‍. സി.പി.എമ്മിന്റെ ഈ തീരുമാനം തെറ്റായിരുന്നുവെന്നു ചരിത്രം വിലയിരുത്തുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."