പിന്‍വലിപ്പിക്കാന്‍ ഇടതു സര്‍വിസ് സംഘടനകള്‍; പങ്കാളിത്ത പെന്‍ഷന്‍ 'സമ്മര്‍ദത്തില്‍'
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മുപ്പത്തിയഞ്ചിന കര്‍മപദ്ധതിയില്‍പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുകയും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിലവില്‍വരുമെന്നുമുള്ള ഉറപ്പ് പാലിക്കുന്നതിനായി ഇടതു സര്‍വിസ് സംഘടനയുടെ നേതൃത്വത്തില്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ തീരുമാനം.
യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നു സര്‍ക്കാര്‍ ജീവനക്കാരില്‍ വലിയൊരു വിഭാഗം ഇടതുമുന്നണിയുടെ പ്രഖ്യാപനത്തിനു പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നത് ഏതു രീതിയിലെന്ന കാര്യത്തില്‍ സംസ്ഥാനത്തെ സാമ്പത്തിക വിദഗ്ധര്‍തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ നിലയില്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ചാല്‍ വലിയ സാമ്പത്തിക ബാധ്യതയായിരിക്കും നേരിടേണ്ടിവരികയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തികസ്ഥിതി ശോഭനമല്ലെന്നാണ് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കിയിട്ടുള്ളത്. ഖജനാവ് കാലിയാണെന്നും ഇതുസംബന്ധിച്ചു ധവളപത്രമിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്‍പു നല്‍കിയ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന ആവശ്യവുമായി എന്‍.ജി.ഒ യൂനിയന്‍ നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ഇപ്പോള്‍ വീണ്ടും പെന്‍ഷന്‍ പദ്ധതി ചര്‍ച്ചാ വിഷയമായത്.
2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വിസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധകമാക്കിയിരുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഉന്നയിച്ച വാദം കേരളത്തിന്റെ വര്‍ധിച്ചുവരുന്ന പൊതുകടത്തിന്റെ ബാധ്യതയായിരുന്നു. 2012 മാര്‍ച്ചില്‍ കേരളത്തിന്റെ പൊതുകടം 88,746 കോടിയോളമാണെന്നാണ് അന്നത്തെ ധനകാര്യ മന്ത്രി വെളിപ്പെടുത്തിയിരുന്നത്. ജീവനക്കാരുടെ പെന്‍ഷന്‍ തുകയായി കണക്കാക്കിയിരുന്നത് 8,700 കോടി രൂപയായിരുന്നു. പെന്‍ഷന്‍ തുക വര്‍ധിച്ചുവരുന്നതു സര്‍ക്കാറിനു താങ്ങാനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, ഇതില്‍ ഒട്ടേറെ അപാകതകളുണ്ടെന്നു വ്യക്തമാക്കിയാണ് ഇടതുമുന്നണി പദ്ധതി പിന്‍വലിക്കുമെന്നു പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധവേണമെന്ന ആവശ്യവുമായി സര്‍വിസ് സംഘടനാ നേതാക്കള്‍, പ്രത്യേകിച്ചു സി.പി.എം അനുകൂല സര്‍വിസ് സംഘടനാ ഭാരവാഹികള്‍ സര്‍ക്കാറില്‍ സമ്മര്‍ദം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."