പ്രാഥമിക സഹകരണബാങ്കുകള്‍ ആധുനികവല്‍ക്കരണത്തിന് തയാറാവണം: മന്ത്രി
കല്‍പ്പറ്റ: പണമിടപാടുരംഗത്തെ ആധുനികവല്‍ക്കരണത്തിന് പ്രാഥമിക സര്‍വിസ് സഹകരണ ബാങ്കുകള്‍ തയാറാവണമെന്ന് സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയിലെ പ്രാഥമിക സര്‍വിസ് സഹകരണ ബാങ്കുകള്‍ കോര്‍ ബാങ്കിങ്ങിലേക്കു കടക്കുന്നതിന്റെ ഉദ്ഘാടനം കല്‍പ്പറ്റയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മേഖലയിലേക്ക് കോര്‍ ബാങ്കിങ്ങ് കൊണ്ടുവരാനായത് എടുത്തുപറയത്തക്ക നേട്ടമാണ്. ഏറ്റവും പുതിയ ശാസ്ത്ര- സാങ്കേതിക സൗകര്യം പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിക്കണം. ബാങ്ക് സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ പുന:ക്രമീകരിക്കണം. അതിന് ജീവനക്കാരെ പ്രാപ്തരാക്കുകയും പുതിയ സംവിധാനങ്ങള്‍ അവരെ പരിചയപ്പെടുത്തുകയും സ്ഥാപനങ്ങളില്‍ അതിനുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന്റെയും ജില്ലാ സഹകരണബാങ്കിന്റെയും നബാര്‍ഡിന്റെയും നേതൃത്വത്തിലാണ് കോര്‍ ബാങ്കിങ് സംവിധാനം നടപ്പാക്കുന്നത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി.
ചടങ്ങില്‍ എ.ടി.എം സൈ്വപിങ് മെഷീനുകളുടെ ഉദ്ഘാടനം കോ ഓപ്പറേറ്റീവ് സൊസൈറ്റി ജോയന്റ് ഡയറക്ടര്‍ വേലായുധനും ചിപ് കാര്‍ഡുകളുടെ ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ വി മുഹമ്മദ് നൗഷാദും പ്രോജക്ട് മോണിറ്ററിങ് യൂനിറ്റ് ഓഫിസ് നബാര്‍ഡ് എ.ജി.എം. എന്‍.എസ് സജികുമാറും ഉദ്ഘാടനം ചെയ്തു.
ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ പി ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന്‍ സെക്രട്ടറി മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഫോറം പ്രസിഡന്റ് എം വാസന്തി തുടങ്ങിയവര്‍ സംബന്ധിച്ചു. കോര്‍ കമ്മിറ്റി ചെയര്‍മാന്‍ പി ഗഗാറിന്‍ സ്വാഗതവും കണ്‍വീനര്‍ പി സുരേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."