ജനകീയ സമരത്തിന് വിജയക്കൊടി കയ്യിട്ടാപൊയിലില്‍ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കില്ലെന്ന് എം.എല്‍.എയുടെ ഉറപ്പ്
മുക്കം: നഗരസഭയിലെ കയ്യിട്ടാപൊയിലില്‍ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കില്ലെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉറപ്പു നല്കി. ബിവറേജസ് ഔട്ട്ലെറ്റിനെതിരേയുള്ള സമരം ഇതോടെ വിജയംകണ്ടു.
ഇതിനെ തുടര്‍ന്ന് പതിനൊന്ന് ദിവസമായി നാട്ടുകാര്‍ നടത്തിവന്ന ഇരിപ്പുസമര അവസാനിപ്പിച്ചു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയപാതയോരത്തു പ്രവര്‍ത്തിച്ചുവരുന്ന ബിവറേജസ് കോര്‍പറേഷന്റെ മദ്യ വില്പനശാല മുക്കത്തേക്കു മാറ്റാനാണ് നീക്കം നടന്നിരുന്നത്.
നേരത്തെ മുക്കം ആശുപത്രി ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യ വില്പനശാല നിരവധി സമരങ്ങള്‍ക്കൊടുവിലാണ് അവിടെനിന്നു മാറ്റിയത്. ഇതിനിടെയാണ് അങ്കണവാടിക്കും ക്ഷേത്രത്തിനും സമീപം പുതിയ ഔട്ട്ലെറ്റ് തുടങ്ങാന്‍ നീക്കം നടന്നത്.
ഇതോടെ നഗരസഭാ കൗണ്‍സിലര്‍ പി. ബ്രിജേഷിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി കുടില്‍കെട്ടി ഇരിപ്പുസമരം ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ സമരപന്തലിലെത്തി എം.എല്‍.എ പ്രഖ്യാപനം നടത്തിയത്.
എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും ഇതുസംബന്ധിച്ച് ഉറപ്പു നല്‍കിയതായും എം.എല്‍.എ അറിയിച്ചു.
എം.എല്‍.എയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചതെന്ന് ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു. നഗരസഭാ ചെയര്മാന് വി. കുഞ്ഞന്‍, ടി. വിശ്വനാഥന് എന്നിവരും എം.എല്‍.എക്കൊപ്പം സമരപന്തലിലെത്തിയിരുന്നു. സമര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നാട്ടുകാര്‍ മധുരം വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."