വ്യവസായ ശാലകളിലെ മാലിന്യം ഏലൂരിന് തലവേദനയാകുന്നു എം.എ സുധീര്‍
ഏലൂര്‍: ജില്ലയിലെ വ്യവസായ ശാലകളുടെ ഈറ്റില്ലമായി അറിയപ്പെടുന്ന ഏലൂരില്‍ നഗരസഭയെ സംബന്ധിച്ച് മഴക്കാലം ഒരു വെല്ലുവിളി തന്നെയാണ്. മഴ ആരംഭിക്കുന്നതോടെ വിവിധ വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതും ഇവിടെ സാധാരണമാണ്. അതുകൊണ്ട് ഏലൂര്‍ നഗരസഭ മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ വിവിധ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വ്യവസായ ശാലകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് പതിവ്.
മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ കാര്യക്ഷമമാക്കാനും, പരിസര പ്രദേശങ്ങള്‍ അടിയന്തിരമായി ശുചീകരിക്കാനും ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ എല്ലാ വ്യവസായ ശാലകള്‍ക്കും ഇതിനകം തന്നെ നോട്ടീസ് നല്‍കിയിട്ടുണ്ട്. മഴവെള്ളത്തോടൊപ്പം വ്യവസായ ശാലകളില്‍ നിന്നും മാലിന്യങ്ങള്‍ പൊതു കാനകളിലേക്ക് ഒഴുകിയെത്താതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചില വ്യവസായ സ്ഥാപനങ്ങള്‍ പൊതു കാനയിലേക്ക് രാസമാലിന്യങ്ങള്‍ അടക്കം തുറന്ന് വിടുന്നത് പലപ്പോഴും ഗുരുതരമായ പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.
അടുത്തിടെ പ്രദേശത്തെ പ്രമുഖ പേപ്പര്‍ മില്ലില്‍ നിന്നുള്ള മാലിന്യം പൊതു കാനയിലൂടെ പെരിയാറില്‍ ഒഴുകിയെത്തി പുഴയില്‍ കൂട്ട മത്സ്യക്കുരുതിക്ക് ഇടയാക്കിയിരുന്നു. നഗരസഭ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് ഈ കമ്പനി അടച്ചുപൂട്ടാന്‍ കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നല്‍കിയിരിക്കുകയാണ്.എലൂരിലെ കണ്ടെയിനര്‍ ഫ്രൈറ്റ് സ്റ്റേഷനുകളില്‍ നിന്നും,കണ്ടെയിനര്‍ യാര്‍ഡുകളില്‍ നിന്നും മാലിന്യം പൊതു കാനയിലേക്ക് ഒഴുക്കി വിടുന്നതായും പരാതിയുണ്ട്.ഇതിനെതിരെ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.റോഡിലേക്ക് ചരിഞ്ഞ് അപകട നിലയിലായ മരങ്ങളും ഒടിഞ്ഞു വീഴാന്‍ സാധ്യതയുള്ള മരക്കൊമ്പുകളും മുറിച്ച് മാറ്റാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എന്നാല്‍ പല സ്ഥലത്തും വെട്ടിയിട്ട മരക്കൊമ്പുകള്‍ നീക്കം ചെയ്യാത്തത് മൂലം മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
വേനല്‍ മഴ ആരംഭിച്ചതോടെ നഗരസഭയുടെ 14 ആം വാര്‍ഡായ പുത്തലത്ത് കടവ് ഭാഗത്ത് വ്യാപകമായി ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.ഇവയെ ഒഴിവാക്കാന്‍ ഉപ്പും ഫിനോയിലും,സോപ്പ് പൊടിയും മറ്റും ഉപയോഗിച്ച് ശ്രമം നടത്തുന്നുണ്ടെങ്കിലും ഇത് കാര്യമായി വിജയിച്ചു എന്ന്! പറയാനാകുന്നില്ല.നഗരസഭ അടിയന്തിര യോഗം ചേര്‍ന്നാണ് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്. വാര്‍ഡു തല ആരോഗ്യ സമിതികള്‍ പ്രത്യേകം യോഗം ചേര്‍ന്ന് ഓരോ പ്രദേശത്തും നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് മാര്‍ഗ്ഗരേഖ തയ്യാറാക്കിയാണ് മുന്നോട്ടുപോകുന്നത്.
31 വാര്‍ഡുകളുള്ള നഗരസഭയില്‍ എല്ലാ വാര്‍ഡുകളിലും തോടുകളുടെയും,കാനകളുടെയും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം ബഹുഭൂരിഭാഗവും പൂര്‍ത്തിയായിട്ടുണ്ട്.ഏതാനും സ്ഥലങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.പുല്ലുകള്‍ വളര്‍ന്ന് കാട് പിടിച്ച് പലയിടത്തും തോടുകള്‍ കാണാന്‍ കഴിയാത്ത നിലയിലായിരുന്നു.കോണ്‍ക്രീറ്റ് കാനകളില്‍ മണ്ണും,മാലിന്യങ്ങളും നിറഞ്ഞിരിക്കുകയായിരുന്നു.ഏതാനും ദിവസങ്ങളുടെ പരിശ്രമങ്ങള്‍ കൊണ്ടാണ് ഇവ വൃത്തിയാക്കി എടുക്കാന്‍ സാധിച്ചത്.അതുകൊണ്ട് ഇപ്പോള്‍ മഴപെയ്യുമ്പോള്‍ കാനകളിലൂടെയുള്ള നീരൊഴുക്ക് തടസ്സമില്ലാതെ പോകുന്നുണ്ട്.എന്നാല്‍ ചിലയിടങ്ങളില്‍ കാനകളില്‍ നിന്നും വാരിമാറ്റിയിരുന്ന മണ്ണ്! നീക്കം ചെയ്യാതിരുന്നത് മൂലം കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ഇത് കാനകളിലേക്ക് തന്നെ ഒഴുകിയെത്തി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ശുചിത്വ മിഷന്റെ കീഴിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഇതിനായി ഓരോ വാര്‍ഡിലും 10,000 രൂപ വീതമാണ് ചിലവ് ചെയ്യുന്നത്.മനുഷ്യ പ്രയത്‌നം കൊണ്ട് വൃത്തിയാകാന്‍ ബുദ്ധിമുട്ട് നേരിട്ട ആഴം കൂടിയ കാനകള്‍ ജെ.സി.ബി ഉപയോഗിച്ചാണ് വൃത്തിയാക്കിയത്. വ്യവസായ ശാലകളുടെ സജീവ സാന്നിദ്ധ്യവും മറ്റും പ്രദേശത്ത് കൊതുക് ശല്യം രൂക്ഷമാകാനും ഇടയാക്കിയിട്ടുണ്ട്.കൊതുക് ശല്യം നേരിടുന്നതിന് നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ(എന്‍.ആര്‍.എച്ച്.എം) നേതൃത്വത്തില്‍ എല്ലാ പ്രദേശത്തും ഫോഗിംഗ് നടത്തുന്നുണ്ട്. കൂടാതെ ഓരോ വാര്‍ഡുകളും കേന്ദ്രീകരിച്ച് വീടുകളിലും സ്ഥാപനങ്ങളിലും കിണറുകളില്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.ആശാ വര്‍ക്കര്‍മാരെ ഉപയോഗപ്പെടുത്തിയാണ് എന്‍.ആര്‍.എച്ച്.എംന്റെ പ്രവര്‍ത്തനങ്ങള്‍.അതോടൊപ്പം ഡ്രൈഡെ ആചരണവും,രോഗ പ്രതിരോധ ക്ലാസ്സുകളും നടത്തി വരുന്നു.
നഗരസഭാ ഹെല്‍ത്ത് വിഭാഗവും ഇക്കാര്യത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. 10,000 രൂപ വീതം എന്‍.ആര്‍.എച്ച്.എം മഴക്കാല പൂര്‍വ്വ ശുചീകരണത്തിനായി ഓരോ വാര്‍ഡിലും ചിലവിടുന്നു. ഓരോ വാര്‍ഡിലും എന്‍.ആര്‍.എച്ച്.എം ശുചിത്വ മിഷനും ചേര്‍ന്ന് ചിലവഴിക്കുന്ന 20,000 രൂപ എന്നത് തികച്ചും അപര്യാപ്തമാണെന്നും ആക്ഷേപമുണ്ട്. വേനല്‍ മഴ ആരംഭിച്ചതോടെ പനിയും മറ്റ് രോഗങ്ങളും ബാധിച്ച് നിരവധി പേരാണ് ഓരോ ദിവസവും ചികിത്സ തേടി എത്തുന്നത്. വ്യാപകമായ കൊതുക് ശല്യം നിയന്ത്രിക്കാന്‍ സാധിക്കാത്തതും, പാരിസ്ഥിതിക പ്രശ്‌നങ്ങളും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ അക്കാര്യം നഗരസഭ പരിഗണിക്കുമെന്നും, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു കാരണവശാലും തടസ്സം നേരിടാന്‍ അനുവദിക്കില്ലെന്നും നഗരസഭാ ചെയര്‍പേഴ്‌സന്‍ സിജി ബാബു പറഞ്ഞു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."