ഓവുചാല്‍ നവീകരണം പയ്യന്നൂര്‍ നഗരം സ്മാര്‍ട്ടായി
പയ്യന്നൂര്‍: പ്രധാന റോഡിന്റെ വീതിക്കുറവ് കാരണം വികസന മുരടിപ്പും ഗതാഗത പ്രശ്‌നവും രൂക്ഷമായ പയ്യന്നൂരിന് ഓവുചാല്‍ നവീകരണ പ്രവൃത്തി അനുഗ്രഹമായി. പ്രവൃത്തിയിലൂടെ ടൗണില്‍ വിവിധ ഭാഗങ്ങളില്‍ രണ്ട് മുതല്‍ അഞ്ച് മീറ്റര്‍ വരെയാണ് വീതി വര്‍ധിച്ചത്. ഇതില്‍ ഏറ്റവും ആശ്വാസമാകുന്നത് സെന്‍ട്രല്‍ ബസാര്‍ മുതല്‍ ബി.കെ.എം ജങ്ഷന്‍ വരെയുള്ള ഭാഗത്തെ വീതി വര്‍ധനവാണ്. നഗരത്തിലെ വ്യാപാരികളുള്‍പ്പടെ ഇക്കാര്യത്തില്‍ സഹകരിച്ചു. സെന്‍ട്രല്‍ ബസാര്‍ മുതല്‍ പുതിയ സ്റ്റാന്‍ഡ് വരെയുള്ള പ്രവൃത്തിയാണ് നിലവില്‍ പുരോഗമിക്കുന്നത്.
പലയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ ചവിട്ടുപടികള്‍, ഷീറ്റുകള്‍ എന്നിവ ഉള്‍പ്പടെ നീക്കം ചെയ്താണ് വീതി വര്‍ധിപ്പിച്ചത്. സെന്‍ട്രല്‍ ബസാര്‍, പഴയ സ്റ്റാന്‍ഡ് പരിസരം, ബി.കെ.എം ജങ്ഷന്‍ എന്നിവിടങ്ങളില്‍ രണ്ടു മുതല്‍ അഞ്ച് മീറ്റര്‍ വരെ വീതി വര്‍ധിച്ചു. ടാറിങ്ങ് ഉള്‍പ്പടെ പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍ പരിഹാരം കാണാനാകും.
നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി കേളോത്ത് മുതല്‍ കൊറ്റി റെയില്‍വേ മേല്‍പ്പാലം വരെ റോഡരികില്‍ പൈപ്പ് സ്ഥാപിക്കാനുണ്ട്. ഇത് ഈ മാസം 20നകം പൂര്‍ത്തിയാകും.
ഇതിന് ശേഷം വീതി കൂടിയ ഭാഗങ്ങളിലെ വൈദ്യുതി തൂണുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവ മാറ്റിസ്ഥാപിക്കും. മാര്‍ച്ച് ആദ്യവാരത്തോടെ ടാറിങ് നടത്താനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."