പണമടങ്ങിയ ബാഗ് തട്ടിയെടുത്തവരെ പൊലിസ് നാടകീയമായി പിടികൂടി
തോണ്ടന്‍കുളങ്ങര ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെ ബാഗാണ് തട്ടിയെടുത്തത്
അമ്പലപ്പുഴ: സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന ആളുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ബൈക്ക് യാത്രക്കാരായ യുവാക്കളെ പൊലിസ് പിടികൂടി.
മണ്ണഞ്ചേരി അമ്പനാകുളങ്ങര തയ്യില്‍വീട്ടില്‍ ആഷിക്ക് (23), മണ്ണഞ്ചേരി നേതാജി കളരിക്കല്‍ വെളിയില്‍ അന്‍സില്‍ (30) എന്നിവരെയാണ് അമ്പലപ്പുഴ എസ്.ഐ എം പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് നാടകീയമായി പിടികൂടിയത്.
തോണ്ടന്‍കുളങ്ങര ക്ഷേത്രത്തിലെ മേല്‍ശാന്തി പൂച്ചാക്കല്‍ പാണാവള്ളി കുരിക്കാട് വീട്ടില്‍ സുഭഗന്റെ പണമടങ്ങിയ ബാഗാണ് ഇവര്‍ തട്ടിയെടുത്തത്.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദര്‍ശനത്തിനുശേഷം തിരികെ വീട്ടില്‍ പോകാനായി കഴിഞ്ഞ രാത്രി 10.30 ഓടെ കച്ചേരിമുക്ക് ബസ് സ്റ്റോപ്പില്‍ നിന്ന ഇദ്ദേഹത്തിന്റെ ബാഗ് ബൈക്കിലെത്തിയ യുവാക്കള്‍ തട്ടിയെടുക്കുകയായിരുന്നു.
ഇതിനിടയില്‍ ബാഗ് തട്ടിയെടുത്ത ആഷിക്ക് ബൈക്കില്‍ നിന്നും താഴെവീണു. എങ്കിലും ബാഗുമായി ഓടിരക്ഷപെടാന്‍ ശ്രമിച്ച യുവാവിന്റെ പിന്നാലെ സുഭഗന്‍ ഓടി.
ഇതിനിടയില്‍ ബൈക്കിന്റെ താക്കോല്‍ ബസ് സ്റ്റോപ്പില്‍ നിന്ന് മറ്റ് യാത്രക്കാര്‍ ഊരിയെടുത്തു.
നമ്പര്‍ പതിക്കാത്ത പുതിയ ബൈക്കായിരുന്നു ഇത്. ബൈക്ക് ഓടിച്ച യുവാവും ഓടി രക്ഷപെട്ടു. നാട്ടുകാരും വിവരം അറിഞ്ഞെത്തിയ പൊലിസും പിന്നാലെയെത്തിയെങ്കിലും തൊട്ടടുത്തുള്ള കെ കെ കുഞ്ചുപിള്ള സ്‌കൂളിലേയ്ക്ക് ഓടിക്കയറിയ ഇവരെ പിന്നീട് കണ്ടെത്താനായില്ല.
ഇതിനിടയില്‍ ബൈക്കിന്റെ ചെയ്‌സ് നമ്പര്‍ മനസ്സിലാക്കി പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ മണ്ണഞ്ചേരിയിലുള്ള ഒരു സ്ത്രീയുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി.
പിന്നീട് ഈ സ്ത്രീയെ കണ്ടെത്തി അന്വേഷിച്ചപ്പോള്‍ തന്റെ സഹോദരന്‍ ബൈക്ക് കൊണ്ടുപോയതായി ഇവര്‍ പറഞ്ഞു.
ഉത്സവപ്പറമ്പുകളില്‍ കച്ചവടം നടത്തുന്ന സഹോദരന്റെ സുഹൃത്തുക്കളാണ് യുവാക്കള്‍. ഇവര്‍ തന്റെ ബൈക്ക് കൊണ്ടുപോയെന്നാണ് ഇദ്ദേഹം പറഞ്ഞത്.
ഒടുവില്‍ പുലര്‍ച്ചെ നാലോടെ നടത്തിയ അന്വേഷണത്തില്‍ ഇരട്ടക്കുളങ്ങര സ്വകാര്യബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസില്‍ ഉറങ്ങുകയായിരുന്ന രണ്ട് യുവാക്കളേയും പൊലിസ് പിടികൂടി.
സുഭഗന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത പണവും ഇവരില്‍ നിന്ന് കണ്ടെടുത്തു.
നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."