ഒ.ബി.സിക്കാരെ വിവാഹം കഴിക്കുന്ന മുന്നോക്കക്കാര്‍ക്ക് നിയമനത്തിന് മുന്‍ഗണന നല്‍കണം
തിരുവനന്തപുരം: ഒ.ബി.സി വിഭാഗക്കാരുമായി മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുന്ന മുന്നോക്കക്കാര്‍ക്ക് എംപ്ലോയ്മെന്റ് എകസ്ചേഞ്ച് നിയമനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന പിന്നോക്ക വികസന വകുപ്പിന്റെ തീരുമാനം ഭരണഘടനയുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
ഒ.ബി.സിക്കാരെ വിവാഹം കഴിക്കുന്ന മുന്നോക്കക്കാരുടെ ജാതി വിവാഹത്തിന് മുന്‍പ് നിശ്ചയിക്കപ്പെട്ടതിനാലാണ് നിയമനങ്ങളില്‍ മുന്‍ഗണന നല്‍കാത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
എസ്.സി, എസ്.ടി വിഭാഗക്കാരെ വിവാഹം കഴിച്ച മുന്നോക്കകാര്‍ക്ക് എംപ്ലോയ്മെന്റ് നിയമനങ്ങളില്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഒ.ബി.സിക്കാരെ വിവാഹം കഴിക്കുന്ന മുന്നോക്കകാര്‍ക്ക് മുന്‍ഗണന നല്കാന് കഴിയില്ലെന്ന ന്യായം ഭരണഘടന നല്കുന്ന തുല്യ നീതിയുടെയും തുല്യ അവസരത്തിന്റെയും നിഷേധമാണെന്ന് കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന പരമോന്നത കോടതികളുടെ ഉത്തരവുകളെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ നിഷേധിക്കരുതെന്നും കമ്മിഷന് പറഞ്ഞു.
ഹിന്ദു ബ്രാഹ്മണസമുദായാംഗമായ മിശ്രവിവാഹിതക്ക് എസ്.സി, എസ്.ടി വിഭാഗക്കാരുമായി മിശ്രവിവാഹത്തില്‍ ഏര്‍പ്പെട്ട മുന്നോക്കകാര്‍ക്ക് നല്കുന്ന ആനുകൂല്യം നല്കാന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു. വഴുതക്കാട് വിഘ്നേശ്വരനഗര് സ്വദേശിനി ഉമ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."