നടിയെ ആക്രമിച്ച കേസ്: ദിലീപ് നല്‍കിയ ഹരജികളില്‍ കോടതി വാദം കേട്ടു
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലിസ് സമര്‍പ്പിച്ച രേഖകളും വിഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ രണ്ട് ഹരജികളിലും അങ്കമാലി കോടതി പ്രതിഭാഗം വാദംകേട്ടു. ദിലീപിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഹാജരായി.
കേസ് വിചാരണ കോടതിയിലേക്ക് അയക്കുന്നതിന് മുന്‍പ് കുറ്റപത്രത്തിനൊപ്പം നല്‍കിയിട്ടുള്ള എല്ലാ രേഖകളും ലഭിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, പൊലിസ് ഈ രേഖകള്‍ നല്‍കിയില്ല. പ്രതിക്ക് നീതിപൂര്‍വമായ വിചാരണ നിഷേധിക്കുകയാണെന്നും അദ്ദേഹം വാദിച്ചു.
കുറ്റപത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന രേഖകളുടെ പട്ടിക അപൂര്‍ണവും അവ്യക്തവുമാണ്. എല്ലാ രേഖകളും നല്‍കിയിട്ടില്ല, നല്‍കിയെന്നു പറയുന്ന രേഖകള്‍ അപൂര്‍ണമാണ്. പരിശോധന റിപ്പോര്‍ട്ടിന്റെ പൂര്‍ണവിവരങ്ങള്‍ നല്‍കിയിട്ടില്ല. മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, ഫോണ്‍ വിളിച്ചതിന്റെ വിവരങ്ങള്‍, വിവിധ സി.സി.ടി.വി ദൃശ്യങ്ങള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ തുടങ്ങിയ നല്‍കിയിട്ടില്ലെന്നും അഡ്വ.രാമന്‍പിള്ള വാദിച്ചു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ ശബ്ദം സംബന്ധിച്ച് വിശദപരിശോധന നടത്തിയിട്ടുണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞു. ദൃശ്യങ്ങളിലെ ശബ്ദം ആരുടേതാണെന്നോ, സ്ത്രീ ശബ്ദം പരാതിക്കാരിയുടേതാണെന്നോ പ്രതിഭാഗം പറഞ്ഞിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. ശബ്ദത്തെ സംബന്ധിച്ച് ഏതെങ്കിലും തരത്തില്‍ പുരുഷ, സ്ത്രീശബ്ദം ഉണ്ടെന്ന് പോലും പൊലിസ് നല്‍കിയ വിവരങ്ങളില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് പൊലിസാണ്. പ്രോസിക്യൂഷനാണ് സ്ത്രീ ശബ്ദം പരാതിക്കാരിയുടേതാണെന്ന നിലയില്‍ അഭിപ്രായം പറഞ്ഞത്. ഏതെങ്കിലും വിധത്തില്‍ ഇരയെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിഭാഗം ശ്രമിച്ചിട്ടില്ല. മാധ്യമങ്ങളില്‍ നേരത്തെവന്ന കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളു. ഇതുസംബന്ധിച്ച വാര്‍ത്തകളുടെ തെളിവ് കോടതിയില്‍ നല്‍കി. ഇന്നലെ ഉച്ചക്ക് ശേഷം ഒന്നര മണിക്കൂറോളം എടുത്താണ് പ്രതിഭാഗം ഇക്കാര്യങ്ങള്‍ കോടതിയില്‍ വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."