തൊണ്ടയില്‍ കുടുങ്ങിയ വാക്കുകള്‍
ബാര്‍ബര്‍ ഷാപ്പില്‍ പോയപ്പോള്‍ രാമേട്ടന്‍ കസര്‍ക്കുന്നു. എന്നെ കണ്ടപ്പോള്‍ ഒന്നുകൂടി ഉഷാറായി. ഇക്കൊല്ലം മേടത്തില്‍ കിട്ടാത്ത മഴയെക്കുറിച്ച് പറഞ്ഞാണ് അയാള്‍ വിയര്‍ക്കുന്നത്.
'മഴ അതിര്‍ത്തിയിലെത്തിയപ്പോഴാണ് ഇവിടെ മൊത്തം ബംഗാളികളെ കണ്ടത്. ഇതു കേരളമല്ലെന്ന് തെറ്റിദ്ധരിച്ച് മഴ മടങ്ങിപ്പോയി. ആ പോക്ക് നേരെ ഗള്‍ഫിലെത്തിയപ്പോള്‍ അവിടെ നിറയെ മലയാളികള്‍. അങ്ങനെ ഇക്കൊല്ലം കിട്ടേണ്ട മഴ ഗള്‍ഫില്‍ തകര്‍ത്തു പെയ്തു...'
എല്ലാവരുടെയും തല തടവുന്ന രാമേട്ടാ, ങ്ങളെ തല ഞാന്‍ ആരെക്കൊണ്ട് തടവിക്കും?
കേരളത്തിലെ ബംഗാളി ചോദിക്കുന്നു. 'ഇദര്‍ ക്യാ ഗുര്‍മി ഹേ?'
അങ്ങനെ കേരളത്തിലെ കത്തുന്ന ചൂടുകൊണ്ട് (മനുഷ്യച്ചൂട്) ഒരു ബംഗാളി കൂടി പിരാന്തനായി.
ഇങ്ങനെയാണ് ഞാന്‍ 'തെരഞ്ഞെടുത്ത ഭ്രാന്തുകള്‍' എഴുതിയത്.
കേരളം ഇനി തിളക്കും (തെരഞ്ഞെടുപ്പു കാലം)
വാര്‍ക്കുമ്പോള്‍ ചോരയും എല്ലിന്‍ കഷണവും കിട്ടാതിരുന്നാല്‍ മതി. നമുക്കിനിയും ചോറ് കഴിച്ചു തന്നെ ജീവിക്കണം.
ഞാനും നീയും. ഇതിലേതാണ് ശരി? ഏതാണ് തെറ്റ്?
''നമ്മള്‍'' എന്ന് നാം എപ്പോഴാണ് ഒന്നുറക്കെപ്പറയുക?
അല്ലാഹുവിന്റെ അടിമകള്‍, ദൈവത്തിന്റെ മരണം, ഭഗവാന്‍ കാലുമാറുന്നു, ഈശ്വരന്‍ അറസ്റ്റില്‍, നായരു പിടിച്ച പുലിവാല്, ഒരു ഭഗവദ്ഗീതയും കുറേ മുലകളും, അച്ഛനും ബാപ്പയും, വല്ലാത്ത പഹയന്‍, നസ്രാണിച്ചിയുടെ പല്ലക്ക്, ദൈവത്തിന്റെ വികൃതികള്‍, ദൈവത്തിന്റെ കണ്ണ്, പടച്ചോന്റെ ചോറ്...
ഇതൊന്നും പോരാഞ്ഞ് അയാള്‍ പുതിയ വീടിന് പേരിട്ടു. ''മതം''.
മാമച്ചന്‍ പറഞ്ഞു: 'പത്ത് കൊടുത്താല്‍ പോലും വാങ്ങാന്‍ മടിക്കുന്ന യാചകരാണ് ദിവസേന എന്റെ വീട്ടിലേക്ക് വരുന്നത്'. എന്താ കാരണം?
കാരണം മറ്റൊന്നുമല്ല. പതിനഞ്ച് ലക്ഷത്തിന്റെ ഗേറ്റാണ് വീടിന്. അപ്പുറത്തെ വീടിനു മൊത്തം പതിനാലെ ആയുള്ളൂ.
നോക്കണേ, യാചകന്റെ വാതില്‍പ്പുറക്കാഴ്ചകള്‍.
അര ലിറ്റര്‍ മില്‍മ പാലിന് 19.20 കൊടുത്താല്‍ കടക്കാരന്‍ ഒരുറുപ്പിക ബാക്കിതരില്ല. ഒന്‍പതു രൂപയുടെ ബസ് ടിക്കറ്റിന് 10 കൊടുത്താല്‍ ബാക്കിയില്ല. 11ന്റെ ടിക്കറ്റിന് 10 കൊടുത്താല്‍ വാങ്ങുകയുമില്ല.
ചില്ലറയ്ക്ക് ഞാനെവിടെപ്പോകും?
ഏറ്റവും കൂടുതല്‍ 'ന' പറയുന്ന ദിക്കാണ് കാസര്‍കോട്. കണ്ടിന, കേട്ടിന, പറഞ്ഞിന, പോയിന, വന്നിന, വരാന്‍ പറഞ്ഞിന, തിന്നിന, തിന്നാതിരുന്നിന എന്നിങ്ങനെ...
ആരോ ഒരാള്‍ മറ്റൊരാളോടു പറയുന്നത് ഞാന്‍ കേട്ടു. ''നായിന്റെ മോനെ...''
എന്തു നല്ല നകാരം എന്റെ നാട്ടുഭാഷ.
കടം കയറി മുടിഞ്ഞ ഒരു കച്ചവടക്കാരന്‍. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ നാടുവിടുന്നു.
കാലം മാറി. കഥ മാറി. വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവന്ന് അതേ കടതന്നെ അയാള്‍ പുതിയ കച്ചവടത്തിനു തിരഞ്ഞെടുക്കുന്നു. ഇന്ന് ആ കടയുടെ പേര് 'കടം സൂപ്പര്‍ മാര്‍ക്കറ്റ്' എന്നാണ്. അത്ഭുതം. ഇപ്പോളാരും അവിടെച്ചെന്ന് കടം ചോദിക്കുന്നില്ല. അയാള്‍ കൊടുക്കുന്നുമില്ല.
ചോക്കുകൊണ്ട് ചോക്കിന്‍മേല്‍ എഴുതാനാവില്ല എന്നൊക്കെ പറയുന്നത് വെറുതെയാ. അയാള്‍ കറുത്ത ചോക്കുകൊണ്ട് വെളുത്ത ചോക്കിലും വെളുപ്പ് കൊണ്ട് കറുപ്പിലും നിരന്തരം കുത്തിക്കുറിക്കുന്നു.
മുന്‍പ് ഞാനൊരു കഥ (തിരക്കഥ) എഴുതിയിരുന്നു. മൂന്നുപേരുള്ള യാത്രയില്‍ രണ്ടു പേര്‍ കൊല്ലപ്പെടുന്നു. രക്ഷപ്പെട്ട മൂന്നാമന്‍ മരണത്തേക്കാളും ഭീകരമായ ജീവിതത്തിലേക്കാണ് പിന്നീട് കടന്നു കയറിയത്. ചുറ്റും പൊലിസ്, ചോദ്യങ്ങള്‍, സംശയങ്ങള്‍... ഒടുവില്‍ കുടുംബം പോലും വെറുക്കപ്പെടുമ്പോള്‍, ഒരു ശാപം പോലെ 'ഈ ജീവിതം എനിക്കു തിരിച്ചു തന്നതെന്തിന്?' എന്നു പ്രേക്ഷകരോട് ചോദിക്കുന്ന ഒരു കഥാപാത്രം. ഉത്തരമില്ലാത്ത ആ ചോദ്യത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്, കഥാപാത്രം ജീവിക്കുന്നത്.
ആ കഥാപാത്രത്തെ പട്ടണത്തില്‍വച്ച് ഞാനിന്നു കണ്ടു. എന്നെത്തന്നെ തുറിച്ചു നോക്കുന്നു. കഥാകൃത്തിനെ മനസിലായതുപോലെ. അയാളുടെ ഭാവം മാറുന്നു. രക്ഷപ്പെട്ടതിന്റെ തീക്ഷ്ണത വളരുന്നു. ഇനിയെന്തെങ്കിലും സംഭവിക്കുംമുന്‍പേ പെട്ടെന്നു ഞാന്‍ ആള്‍ക്കൂട്ടത്തിലേക്ക് ഉള്‍വലിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."