ഉപ്പ ഞങ്ങളുടെ റോള്‍മോഡലായിരുന്നു
കണ്ണൂര്‍ താണയിലെ 'സിതാര'യില്‍ വിഷാദക്കാറ്റിന്റെ തേങ്ങലുണ്ടിപ്പോഴും. ഉരുകിയൊലിക്കുന്ന പകലിലും വേദനയുടെ താളമുണ്ടെപ്പോഴും. ഇന്ത്യയുടെയും ന്യൂനപക്ഷ സമൂഹത്തിന്റെയും ശബ്ദം ലോകത്തോളമെത്തിച്ച ഇ. അഹമ്മദെന്ന വലിയ നേതാവിന്റെ വീടാണത്. നാഥനില്ലാതായ വീട്.
ഫെബ്രുവരി ഒന്നിനെത്തിയ ആ വിയോഗവാര്‍ത്തയ്ക്കു ശേഷം ആ വീടിന്റെ പടി കടന്നുപോയവര്‍. ഇപ്പോഴും വന്നുപോകുന്നവര്‍. വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കള്‍, ഒരു പാര്‍ട്ടിയിലും പെടാത്തവര്‍... പിതാവിന്റെ അപ്രതീക്ഷിത വിയോഗം തീര്‍ത്ത ആഘാതത്തില്‍ നിന്നു മക്കളും ബന്ധുക്കളും ഇതുവരെ മോചിതരായിട്ടില്ല. അവരുടെ മനസിന്റെ ഭാരം കുറഞ്ഞിട്ടുമില്ല. ആശ്വസിപ്പിക്കാനെത്തുന്ന പലരെയും തിരിച്ചാശ്വസിപ്പിക്കേണ്ട അവസ്ഥ. അവരെയെല്ലാം മക്കളായ റഈസ് അഹമ്മദും നസീര്‍ അഹമ്മദും ഡോ. ഫൗസിയ ഷര്‍സാദും സ്വീകരിക്കുന്നു.
രാഷ്ട്രീയത്തിനപ്പുറം വിശാലമായ ഹൃദയബന്ധം സൂക്ഷിച്ച കണ്ണൂരുകാരുടെ അഹമ്മദ് സാഹിബിനെക്കുറിച്ച് നിറമുള്ള ഓര്‍മകളുമായാണ് ഓരോ മുഖവും അവിടെ എത്തുന്നത്. കണ്ണീരോടെയാണ് പലരും ഇറങ്ങിപ്പോകുന്നത്. ഉപ്പയെ സംബന്ധിച്ചിടത്തോളം സേവനം പാര്‍ട്ടിക്കു വേണ്ടിയായിരുന്നില്ല. പാര്‍ട്ടി സേവനത്തിനു വേണ്ടിയായിരുന്നല്ലോ.
ഒരു നേതാവ് എന്നതിനപ്പുറം ഉപ്പ ഈ നാടിന് ആരായിരുന്നുവെന്നു തൊട്ടറിഞ്ഞ ദിനങ്ങളായിരുന്നു അവര്‍ക്കു മുന്നിലൂടെ കടന്നുപോയത്. നേരത്തെ അവരതറിഞ്ഞതാണ്. അനുഭവിച്ചവരാണ്. എങ്കിലും അതിന്റെ തീവ്രതയുടെ ആഴം വീണ്ടുമളക്കാനാകുന്നു. അവിടെ എത്തിയ ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു ഉപ്പയെക്കുറിച്ച് സ്‌നേഹത്തോടെ പറയാന്‍ ഒട്ടേറെ കാര്യങ്ങള്‍. ഹൃദയത്തോടു ചേര്‍ത്തുവയ്ക്കാനുള്ള നിമിഷങ്ങള്‍.
കണ്ണൂര്‍ താണയിലെ 'സിതാര'യില്‍ വിഷാദക്കാറ്റിന്റെ തേങ്ങലുണ്ടിപ്പോഴും. ഉരുകിയൊലിക്കുന്ന പകലിലും വേദനയുടെ താളമുണ്ടെപ്പോഴും. ഇന്ത്യയുടെയും ന്യൂനപക്ഷ സമൂഹത്തിന്റെയും ശബ്ദം ലോകത്തോളമെത്തിച്ച ഇ. അഹമ്മദെന്ന വലിയ നേതാവ് പടിയിറങ്ങിപ്പോയ വീടിന്റെ പൂമുഖത്തിരുന്ന് മക്കള്‍ ഉപ്പയെ വായിക്കുന്നു
ഒരു നേതാവ് എന്തായിരിക്കണം എന്നതിന്റെ ഉദാഹരണമായിരുന്നു ഉപ്പ. വ്യക്തിബന്ധങ്ങള്‍ക്ക് ഏറെ വിലകൊടുത്തയാള്‍. ഖബറടക്കത്തിനു ശേഷം അറിയുന്നവരും അറിയാത്തവരുമായ ആയിരക്കണക്കിനു മനുഷ്യര്‍ ഇവിടെയെത്തി. പലരും ഉപ്പയെക്കുറിച്ച് പറഞ്ഞ് വിങ്ങിപ്പൊട്ടി. ഈ നഗരം ഉപ്പാക്കു നല്‍കിയ യാത്രയയപ്പു തന്നെ അതിനുള്ള തെളിവല്ലേ...? ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഇ. അഹമ്മദിനു നേരിട്ട അനാദരവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ അറിയിച്ച മകള്‍ ഡോ. ഫൗസിയ ഷര്‍സാദ് പറയുന്നു.
'ഉപ്പയായിരുന്നു ഞങ്ങളുടെ റോള്‍മോഡല്‍. കുട്ടിക്കാലം മുതലേ അഭിമാനത്തോടെയാണ് ആ വിരല്‍ത്തുമ്പില്‍ പിടിച്ചു നടന്നത്. ആരാധനയോടെയാണ് ഞാന്‍ ഉപ്പയെ നോക്കിക്കണ്ടത്. മനുഷ്യരോട് എങ്ങനെ പെരുമാറണമെന്നു പോലും കൃത്യമായി ഞങ്ങളെ പഠിപ്പിച്ചു. മൂന്നുപേരെയും ചേര്‍ത്തുപിടിച്ച് ഏതാണ് ശരി, ഏതാണ് തെറ്റ് എന്നു വ്യക്തമായി പറഞ്ഞുതന്നു. ഞാന്‍ സമുദായത്തെ സ്‌നേഹിക്കുന്ന പാത നിങ്ങളും സ്വീകരിക്കണമെന്നു ചെറുപ്പം മുതലേ ഓര്‍മിപ്പിച്ചു. ഞങ്ങള്‍ മൂവരും ഉപ്പയോടൊപ്പം ഒരുമിച്ചു യാത്രചെയ്തു. ലോകത്തെ അറിഞ്ഞു. യാത്രകള്‍ അറിവു പകരുമെന്നായിരുന്നു ഉപ്പയുടെ വിശ്വാസം. ശരിക്കും ഞങ്ങള്‍ക്ക് ലോകത്തിന്റെ ജാലകം തുറന്നുതന്നത് ഉപ്പയാണ്. ഇന്ത്യയ്ക്കകത്തും പുറത്തും പോയി കാണണമെന്ന് എപ്പോഴും പറയുമായിരുന്നു. കശ്മിരില്‍ ഒരു പരിപാടി വന്നപ്പോള്‍ കുടുംബവുമായി പോകാമെന്നു ആദ്യം ഞങ്ങളെ നിര്‍ബന്ധിച്ചതും ഉപ്പയായിരുന്നു.
ഇറ്റലി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ യാത്രയ്ക്കു ശേഷം സഊദിയിലെത്തി ഉംറ ചെയ്തു മടങ്ങിയ ഓര്‍മ ഇപ്പോഴും മനസിലുണ്ട്. ഇറ്റലിയില്‍ കൊടുംതണുപ്പിനിടെയായിരുന്നു മീറ്റിങ്. ഞങ്ങള്‍ മൂന്നുപേരോടും പ്രത്യേക മമതയുണ്ടെന്ന രീതിയിലായിരുന്നു ഉപ്പയുടെ ഓരോ ഇടപെടലും'. മൂത്ത മകന്‍ റഈസ് അഹമ്മദിന്റെ വാക്കുകള്‍.
'പതിനെട്ടു വര്‍ഷം മുന്‍പായിരുന്നു ഉമ്മയുടെ വിയോഗം. ഞങ്ങളെ മാത്രമല്ല, ഉപ്പയെ ജീവിതത്തില്‍ ഇത്രയേറെ ഉലച്ച മറ്റൊരു ദുരന്തമുണ്ടായിട്ടില്ല. കുടുംബവുമായി വല്ലാത്തൊരു രസതന്ത്രം ഉപ്പ എന്നും സൂക്ഷിച്ചു. എത്ര വലിയ തിരക്കുകള്‍ക്കിടയിലും ലോകത്തെവിടെയായാലും എല്ലാദിവസും ഉമ്മയെ വിളിച്ചു. പൊടുന്നനെയുണ്ടായ ഉമ്മയുടെ വേര്‍പാട് ഉപ്പയെ വല്ലാതെ തളര്‍ത്തി. ആ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനാവാതെ ഏറെ പകച്ചു'. ഉമ്മയും ഉപ്പയും തമ്മിലുണ്ടായിരുന്ന സ്‌നേഹവും സൗഹൃദവും അത്രയേറെ അഗാധമായിരുന്നുവെന്നു മകള്‍ ഫൗസിയ.
'ഉമ്മയുടെ മരണശേഷം ലോകത്ത് എവിടെയായിരുന്നാലും ഉപ്പയുടെ ഒരുദിവസം തുടങ്ങുന്നതു യാസീന്‍ (ഖുര്‍ആനിലെ അധ്യായം) പാരായണം ചെയ്തായിരുന്നു. രാവിലെ കൂടുതല്‍ തിരക്കുള്ള ദിവസമാണെങ്കില്‍ രാത്രി കിടക്കുന്നതിനു മുന്‍പ് ഉപ്പ യാസീന്‍ ഓതിയിരിക്കും. ഈ ശീലം അവസാനകാലം വരെ തുടര്‍ന്നു. എത്ര തിരക്കിലായിരുന്നാലും ഉമ്മയുടെ ചരമവാര്‍ഷിക ദിനത്തില്‍ ഉപ്പ വളപട്ടണം മന്ന ഖബര്‍സ്ഥാനിലെത്തും. ഉമ്മാക്കു വേണ്ടി പ്രാര്‍ഥന നടത്തും.
ഓര്‍മവച്ച നാള്‍ മുതലേ ഉപ്പ രാഷ്ട്രീയത്തിലായിരുന്നു. എപ്പോഴും തിരക്ക്. എന്നാല്‍ വീട്ടിലെത്തിയാല്‍ സ്‌നേഹനിധിയായ കുടുംബനാഥനായി. കുടുംബത്തിനുവേണ്ടി പ്രത്യേകം സമയം മാറ്റിവച്ചു. ഞങ്ങളോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തി. സ്‌കൂളിലെ കാര്യങ്ങളൊക്കെ അന്വേഷിച്ചു. കൂടെ കൂടാന്‍ പറ്റാതിരുന്നത് പിന്നീടെത്തുമ്പോള്‍ നികത്തുന്ന ശൈലിയായിരുന്നു ഉപ്പയുടേത്. മക്കളോടൊപ്പം കളിക്കും. കുശലം പറയും. അതിനെല്ലാം സമയം കണ്ടെത്തും. കണ്ണൂരിലായാലും തിരുവനന്തപുരത്തു എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലായിരുന്നാലും രാത്രിഭക്ഷണത്തിനു ശേഷം നടക്കുന്ന ശീലമുണ്ടായിരുന്നു. ഈ സമയം ഞങ്ങളും ഒപ്പം കൂടും. കണ്ണൂരുകാരുടെ മഹിമയൊക്കെ പറഞ്ഞു തുടങ്ങിയാല്‍ ഉപ്പ വാതോരാതെ സംസാരിക്കും'. രണ്ടാമത്തെ മകന്‍ നസീര്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ ജീവിതത്തില്‍ ഉപ്പ ഓര്‍മിച്ച കുറേ കാര്യങ്ങളെ ഫൗസിയ വാചാലമായി പൂരിപ്പിച്ചു.
ലോകത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ഉപ്പ റെഡിയായിരുന്നു. 'നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും സ്വീകരിക്കാം, വിദ്യാഭ്യാസം മാത്രമേ സ്വത്തായി ബാക്കിയുണ്ടാകൂ' എന്നായിരുന്നു ഉപദേശം. പഠനകാലത്ത് ഓരോ ഘട്ടത്തിലും എന്തു ചെയ്യണമെന്ന് എനിക്കു കൃത്യമായി അറിയാമായിരുന്നു. കാരണം ഉപ്പയുടെ നിര്‍ദേശം മുന്‍കൂട്ടി എത്തിയിട്ടുണ്ടാകും. ഞങ്ങളുടെ പഠനകാര്യത്തിലൊക്കെ എനിക്ക് അഭിമാനമാണെന്നു പറഞ്ഞ് ഉപ്പ എപ്പോഴും പ്രോത്സാഹിപ്പിച്ചു. അതിന്റെ ബാക്കിപത്രമാണ് മൂന്നു മക്കളുടെയും വിദ്യാഭ്യാസയോഗ്യതകളും ജോലിയും.
'ഉപ്പയെ ഏറ്റവും വലിയ നേതാവാക്കിയതു ജനങ്ങളാണ്. അവരോടുള്ള നന്ദി ഒരിക്കലും പറഞ്ഞറിയിക്കാന്‍ കഴിയില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച് പാര്‍ലമെന്റില്‍ എത്തിയ ആള്‍. അദ്ദേഹം പാര്‍ലമെന്റില്‍ നിന്നു കുഴഞ്ഞുവീണപ്പോഴും എനിക്ക് ഒരുകാര്യം ഉറപ്പുണ്ടായിരുന്നു. ഉപ്പായ്ക്ക് മികച്ച ചികിത്സതന്നെ ലഭിക്കുമെന്ന്. എന്റെ ഉപ്പ ഏറ്റവും കൂടുതല്‍ വിലമതിച്ച സംവിധാനമായിരുന്നു ഇന്ത്യന്‍ പാര്‍ലമെന്റ്.
പാര്‍ലമെന്റിന്റെ മഹത്വത്തെക്കുറിച്ച് ഉപ്പയുടെ സംസാരം ഞാന്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ടായിരുന്നു. അതെല്ലാം എന്റെ മനസിലുണ്ട്. ആ ധൈര്യത്തിലാണു ഞങ്ങള്‍ ഡല്‍ഹിയില്‍ ഓടിപ്പിടഞ്ഞെത്തിയത്. പക്ഷേ... എന്നിട്ടു സംഭവിച്ചതോ? എനിക്കറിയാം ഉപ്പയെ സ്‌നേഹിക്കുന്ന എല്ലാവരെയും അതു വേദനിപ്പിച്ചെന്ന്. മിക്കപ്പോഴും യാത്ര രാത്രിയിലാക്കുമായിരുന്നു ഉപ്പ. പകല്‍ ഉത്തരവാദിത്തങ്ങളെല്ലാം നിര്‍വഹിക്കുന്ന ശീലമായിരുന്നു. അങ്ങനെ ടൈം മാനേജ്‌മെന്റിലും ഉപ്പയ്ക്ക് കൃത്യത വരുത്താനായി.'
മൂത്ത മകന്‍ റഈസിന്റെ ഭാര്യയും മുന്‍ എം.പി പി.വി അബ്ദുല്ലക്കോയയുടെ പൗത്രിയുമായ നിഷാമിന്റെ വാക്കുകള്‍ പിന്നാലെയെത്തി. 'എന്നെ മകളായാണ് ഉപ്പ കണ്ടത്. അത് എന്റെ ജീവിതത്തിലെ വലിയ പാഠമാണ്. കുടുംബത്തില്‍ ഇത്രയേറെ ബിരുദധാരികളെയും എന്‍ജിനിയര്‍മാരെയും ആര്‍കിടെക്ടുമാരെയും സൃഷ്ടിച്ചത് ഉപ്പയായിരുന്നു. ഞങ്ങള്‍ക്ക് എത്താന്‍ പറ്റാതിരുന്ന കുടുംബത്തിലെ പരിപാടികള്‍ക്കു പോലും തിരക്കുകള്‍ മാറ്റിവച്ച് എത്താന്‍ ഉപ്പ സമയം കണ്ടെത്താറുണ്ട്. എന്റെ മകള്‍ നഫീസാ സുഹറക്ക് അഞ്ചു വയസുള്ളപ്പോള്‍ ഫോണ്‍നമ്പര്‍ ഉപ്പ അവളെ കാണാതെ പഠിപ്പിച്ചു. ആകാശവാണിയില്‍ ജോലി ചെയ്യുന്ന സമയത്ത് ഇടവേളയില്‍ ഫോണ്‍ ശ്രദ്ധിച്ചപ്പോള്‍ ഉപ്പയുടെ അഞ്ചാറു മിസ്ഡ് കോള്‍. തിരിച്ചുവിളിച്ചപ്പോള്‍ നഫീസയ്ക്കു കളിപ്പാട്ടം വാങ്ങിനല്‍കാത്തതിനു വഴക്കുപറയാനായിരുന്നു അത്.
ചെറിയ കുട്ടികളുടെ കാര്യത്തിലും അത്രമേല്‍ ശ്രദ്ധയായിരുന്നു ഉപ്പാക്ക്. മക്കള്‍ക്കു പനിയും മറ്റുമുണ്ടായാല്‍ ഞങ്ങള്‍ ഉപ്പയെ അറിയിക്കാറില്ലായിരുന്നു. മക്കളുടെ ചെറിയകാര്യം സസൂക്ഷ്മം ശ്രദ്ധിച്ചു. ഉപ്പയും എന്റെ വല്യുപ്പയും വളരെ അടുപ്പത്തിലായിരുന്നു. പണ്ടേ വീട്ടില്‍ വരാറുണ്ടായിരുന്നു. എന്റെ വിവാഹം ഉറപ്പിച്ചത് ഉപ്പ (ഇ. അഹമ്മദ്) ആയിരുന്നു. ഈ അടുപ്പം കാരണം ഞാനും റഈസ് അഹമ്മദും പരസ്പരം കാണാതെയായിരുന്നു ആ വിവാഹമുറപ്പിക്കല്‍. നിഷാം പറഞ്ഞുനി ര്‍ത്തി. ഒരാഴ്ചയുടെ ഇടവേളയില്‍ ഞങ്ങള്‍ മക്കളില്‍ മൂവരും ഉപ്പയെ കാണാറുണ്ടായിരുന്നു. ദുബൈയില്‍ വരുമ്പോള്‍ ഫൗസിയയുടെ വീട്ടിലായിരുന്നു താമസം. ഞങ്ങളും അവിടെ എത്തുമെന്നു റഈസും നസീറും. മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് ദുബൈയില്‍ എത്തിയപ്പോഴാണ് അവസാനമായി കണ്ടുമുട്ടിയത്'.
ആ വേര്‍പാടിന് ഒരാഴ്ച പിന്നിടുമ്പോഴും വീട്ടിലെത്തുന്ന വിതുമ്പുന്ന മുഖങ്ങളുടെ എണ്ണം കുറഞ്ഞിട്ടില്ല. അദ്ദേഹമിനി ഇല്ലല്ലോ എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ആ വീടിനും വീട്ടുകാര്‍ക്കുമായിട്ടുമില്ല. അഹമ്മദ് എന്നാല്‍ സ്തുത്യര്‍ഹന്‍ എന്നാണര്‍ഥം. പേര് അന്വര്‍ഥമാക്കിത്തന്നെയാണ് ഉറ്റവരുടെ സ്‌നേഹങ്ങള്‍ക്കിടയില്‍ നിന്നും പരിചയക്കാരുടെയെല്ലാം അഹമ്മദ് സാഹിബ് തിരിച്ചുവരാത്ത ലോകത്തേക്കു യാത്രപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."