ഉദ്യോഗസ്ഥരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞു
പയ്യന്നൂര്‍: പെട്രോളിയം സംഭരണശാലക്കായി സ്ഥലം കണ്ടെത്തിയ കിഴക്കെ കണ്ടങ്കാളി മുല്ലക്കോട്ടുവയലില് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞു. എ.ഡി.എം ഉള്‍പ്പടെയുള്ള സംഘത്തെയാണ് കുന്നരുവില്‍ തടഞ്ഞത്.
ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുന്ന വിവരമറിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്ഥലത്ത് കാത്തുനിന്നു. എന്നാല്‍ പ്രതിഷേധക്കാരെ ഒഴിവാക്കി സന്ദര്‍ശനം നടത്താതെ ഉദ്യോഗസ്ഥര്‍ മറ്റൊരു വഴിയില്‍ കൂടി കടന്നുപോയി.
വയല്‍ ഏറ്റെടുക്കുന്നതിനെതിരേ പ്രതിഷേധിക്കാനും നിവേദനം കൊടുക്കാനും മുല്ലക്കോട് വയലില്‍ സമരസമിതി പ്രവര്‍ത്തകര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഇതറിഞ്ഞ എ.ഡി.എം റവന്യു, ബി.പി.സി.എല്‍ ഉദ്യാഗസ്ഥര്‍ അടങ്ങുന്ന വാഹനവ്യൂഹം മറ്റൊരു വഴിയില്‍ കൂടി കുന്നരു ഭാഗത്തേക്ക് പോയി. ഇതറിഞ്ഞ പ്രവര്‍ത്തകര്‍ കുന്നരു പാലത്തിനടുത്തെത്തി ഇതുവഴി തിരിച്ചു വന്ന സംഘത്തെ റോഡില്‍ തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.
തുടര്‍ന്ന് നോട്ടിസും നിവേദനവും എ.ഡി.എമ്മിന് കൈമാറി. ഭൂമി ഏറ്റെടുക്കലുമായി നടക്കുന്ന മീറ്റിങ്ങില്‍ സമരസമിതിക്കാരുടെ അഭിപ്രായവും കേട്ട ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകൂ എന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.
അത്തായി ബാലന്, സുധാകരന് പുഞ്ചക്കാട്, സി ശശി, ഭാസ്കരന് വെളളൂര്‍, കാരയില്‍ അപ്പുക്കുട്ടന്, രാജീവന് ലോഹ്യ, പി ലാലു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."