ആറളം ഫാമിന്റെ വികസനത്തിന് സമഗ്ര പാക്കേജ്
തിരുവനന്തപുരം: പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനായി ആരംഭിച്ച കണ്ണൂര്‍ ആറളം ഫാമിന്റെ സമഗ്രവികസനത്തിന് 60 കോടി രൂപയുടെ പാക്കേജിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാക്കേജ് നടപ്പിലാക്കുന്നത്.
3060 ഹെക്ടറോളം പ്രദേശത്ത് വ്യാപിച്ച് കിടക്കുന്നതും 3375 കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖയുള്ളതും 1693 കുടുംബങ്ങള്‍ നിലവില്‍ താമസിക്കുന്നതുമായ പട്ടികവര്‍ഗ പുനരധിവാസ കേന്ദ്രമാണ് ആറളം. ഫാമിനുള്ളിലെ രണ്ട് പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മാണം, സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം, കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മാണം, ആയുര്‍വേദ ആശുപത്രി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി ഹാള്‍, അങ്കണവാടി, കൃഷിഭവന്‍, മൃഗാശുപത്രി, പാല്‍സംഭരണ കേന്ദ്രം തുടങ്ങിയവയുടെ നിര്‍മാണം എന്നിവയ്ക്കായി 42 കോടി രൂപയാണ് നബാര്‍ഡ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഏഴ് കോടി രൂപ സംസ്ഥാന വിഹിതമാണ്.
സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതിയില്‍ ഭവന നിര്‍മാണം, ഭവന പുനരുദ്ധാരണം, പോലിസ് എയ്ഡ് പോസ്റ്റ്, കോംപൗണ്ട് വാള്‍, തയ്യല്‍ യൂനിറ്റ് എന്നിവയ്ക്ക് നബാര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നില്ല.
ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന വിഹിതത്തില്‍ നിന്നോ പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നോ തുക അനുവദിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. എല്‍.ഡി.എഫ് അധികാരമേല്‍ക്കുമ്പോള്‍ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലാവസ്ഥയിലായിരുന്നു. ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് ഫാം തൊഴിലാളികള്‍ സമരത്തിലായിരുന്നു.
അടിയന്തര ധനസഹായമായി 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് ശമ്പളകുടിശ്ശിക ഉള്‍പ്പെടെയുള്ള ഫാമിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് നാല് കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചു. 494 വീടുകള്‍ നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിച്ചു. ഫാം കോര്‍പ്പറേഷന് പുതിയ എം.ഡിയെ നിയമിച്ചു.
ഇവിടത്തെ പ്രധാന കൃഷിയായ കശുവണ്ടി സംഭരിച്ച് കാഷ്യു ഡവലപ്‌മെന്റ് കോര്‍പ്പറേഷന് നല്‍കുന്ന നടപടി സ്വീകരിച്ചു. ഇതിലൂടെ കമ്പനിക്ക് ഇപ്പോള്‍ നല്ല വരുമാനവും ലഭിക്കുന്നുണ്ട്.
മന്ത്രി ഫാം സന്ദര്‍ശിക്കുകയും തൊഴിലാളികളോടും താമസക്കാരോടും ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ പാക്കേജ് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."