പാലക്കാട്-തൃശൂര്‍ ദേശീയപാത കേന്ദ്രീകരിച്ച് മോഷണം വ്യാപകമാവുന്നു
കുഴല്‍മന്ദം : ഒരിടവേളയ്ക്കുശേഷം ദേശീയപാതയോരം കേന്ദ്രീകരിച്ച് മോഷണം വര്‍ധിക്കുന്നു. കുഴല്‍മന്ദം മുതല്‍ വാണിയമ്പാറ വരെയുള്ള ഭാഗങ്ങളില്‍ റോഡരികിലുള്ള പളളികളുടെയും അമ്പലങ്ങളുടെയും ഭണ്ഡാരം തകര്‍ത്തുള്ള മോഷണങ്ങളാണ് കൂടുതല്‍. കടകളിലും മോഷണം നടക്കുന്നുണ്ട്. 2 മാസത്തിനിടെ പത്തോളം മോഷണങ്ങള്‍ നടന്നിട്ടുള്ളതായാണ് കണക്ക്. നഷ്ടപ്പെടുന്നത് ചെറിയ തുകകളായതിനാല്‍ കുറച്ചുപേര്‍ മാത്രമാണ് പരാതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞയാഴ്ച പന്തലാംപാടം നിത്യസഹായമാതാ പളളിയിലെ മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നതാണ് ഒടുവിലത്തെ സംഭവം. ഒരാഴ്ച മുമ്പ് വാണിയമ്പാറ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ ഭണ്ഡാരം തുറന്ന് മോഷണം നടന്നിരുന്നു. ദേശീയപാതയോരമായതിനാല്‍ വഴിയരികില്‍ ആളുകളെ കണ്ടാലും സംശയിക്കില്ലെന്ന ആനുകൂല്യം മോഷ്ടാക്കള്‍ മുതലെടുക്കുകയാണെന്ന് വടക്കഞ്ചേരി എസ്.ഐ. വിപിന്‍ കെ. വേണുഗോപാല്‍ പറഞ്ഞു. രണ്ട് മാസങ്ങള്‍ക്കുമുമ്പ് വടക്കഞ്ചേരി, മുടപ്പല്ലൂര്‍, കണ്ണമ്പ്ര കേന്ദ്രീകരിച്ച് ഭണ്ഡാരങ്ങളില്‍ മോഷണം നടക്കുന്നത് പതിവായിരുന്നു. ടൗണിനുസമീപം ആമക്കുളത്ത് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടിയതോടെ ടൗണ്‍ കേന്ദ്രീകരിച്ചുള്ള മോഷണം കുറഞ്ഞിട്ടുണ്ട്. മുടപ്പല്ലൂര്‍ അഴിക്കുളങ്ങര ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് മോഷണം നടന്ന സംഭവത്തിലും പോലീസ് പ്രതികളെ പിടികൂടിയിരുന്നു. ക്ഷേത്രത്തില്‍ സ്ഥാപിച്ച സി.സി.ടി.വി. ദൃശ്യങ്ങളാണ് മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ചത്. വടക്കഞ്ചേരി ടൗണിന്റെ വിവിധ കേന്ദ്രങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദേശീയ പാതയോരം കേന്ദ്രീകരിച്ച് നടക്കുന്ന മോഷണങ്ങള്‍ തടയുന്നതിനായി രാത്രി പട്രോളിങ് ശക്തിപ്പെടുത്തുന്നതോടൊപ്പം മറ്റ് പരിശോധനാ സംവിധാനങ്ങളും നടപ്പാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."