മദ്‌റസാ അധ്യാപകര്‍ക്ക് തിരിച്ചടി: പലിശരഹിത വായ്പ സര്‍ക്കാര്‍ നിര്‍ത്തലാക്കി
തിരുവനന്തപുരം:ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ മദ്‌റസാ അധ്യാപകര്‍ക്ക് നല്‍കി വന്ന പലിശരഹിത വായ്പ സര്‍ക്കാര്‍ നിര്‍ത്തലാക്കി. റീജണല്‍ ഓഫിസുകള്‍ വഴിയാണ് ഈ വായ്പ നല്‍കി വന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ വായ്പയ്ക്കായി അന്വേഷിച്ചാല്‍ നിര്‍ത്തിവച്ചെന്ന മറുപടിയാണ് ലഭിക്കുന്നത്.
മലപ്പുറം, കാസര്‍കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി നാല് റീജണല്‍ ഓഫിസുകളാണുള്ളത്. കോഴിക്കോട്ടുള്ള ഹെഡ് ഓഫിസിലും ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിപ്പോന്ന മറ്റു ലോണുകളും നിലച്ച മട്ടാണ്. നാല് ജില്ലകള്‍ അടങ്ങിയ തിരുവനന്തപുരം റീജണല്‍ ഓഫിസില്‍ മൂന്ന് മാസമായി വായ്പകളൊന്നും അനുവദിച്ചിട്ടില്ല.
മുന്‍പ് നൂറോളം മദ്‌റസാധ്യാപകര്‍ക്ക് വായ്പ നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ സ്വീകരിച്ച അപേക്ഷ മടക്കി നല്‍കുകയാണ്. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് തിരുവനന്തപുരം റീജണല്‍ ഓഫിസ് ഡെപ്യൂട്ടി മാനേജര്‍ മോഹനന്‍ സുപ്രഭാതത്തോട് പറഞ്ഞു.
കരാര്‍ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ട് പുതിയ ജീവനക്കാരെ നിയമിച്ചതാണ് കോര്‍പറേഷന്റെ മെല്ലപ്പോക്കിന് പ്രധാന കാരണം. ഓഫിസുകളില്‍ മതിയായ ജീവനക്കാരെ പകരം നിയമിച്ചതുമില്ല. തിരുവനന്തപുരം ഓഫിസില്‍ റീജണല്‍ മാനേജരൊഴികെ ആരുമില്ല.
ഈ ഓഫിസില്‍ വായ്പക്കായി എത്തുന്നവരെ എസ്.ബി.ടി മുദ്ര ലോണിന് പറഞ്ഞയക്കാറാണ് പതിവ്. ഒരു റീജണിന് ലഭിച്ച ഫണ്ട് ചെലവഴിച്ചില്ലെങ്കില്‍ അതു നഷ്ടപ്പെടും. പുതിയ വായ്പാ അപേക്ഷകള്‍ക്കുള്ള പരസ്യം രാഷ്ട്രീയ ചായ്‌വനുസരിച്ച് ചില പത്രങ്ങളില്‍ മാത്രമാണ് നല്‍കുന്നത്. ഇതിനാല്‍ ന്യൂനപക്ഷ വിഭാഗം ഇതിനെക്കുറിച്ചറിയാതെ പോകുകയാണ്.
എ.പി അബ്ദുല്‍ വഹാബ് ചെയര്‍മാനായ ധനകാര്യ കോര്‍പറേഷനെ വകുപ്പ് മന്ത്രി തിരിഞ്ഞുനോക്കാറില്ലെന്നാക്ഷേപമുണ്ട്. പഞ്ചായത്ത് വകുപ്പടക്കം മറ്റു പ്രധാന അഞ്ചു വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി കോര്‍പറേഷനെ തഴഞ്ഞ മട്ടാണ്. കാസര്‍കോട് റീജണല്‍ ഓഫിസിലും സ്റ്റാഫില്ലാതെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
പ്രധാനമായും ദേശീയ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരുമാണ് ഈ സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ്. എന്നാല്‍ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പാസാക്കിയ 15 കോടി രൂപ ഇതുവരെ കോര്‍പറേഷന്‍ വാങ്ങിച്ചിട്ടില്ല. ഈ മെല്ലപ്പോക്ക് കാരണം സാമ്പത്തിക വര്‍ഷം അവസാനിക്കാറായതിനാല്‍ ആ ഫണ്ടും ലാപ്‌സായിപ്പോകാനാണ് സാധ്യത.
കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന് അനുവദിച്ച കോടിക്കണക്കിന് രൂപയും ചെലവാക്കാതെ നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."