ക്വട്ടേഷന്‍സംഘം കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ നേതാവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു
ഹരിപ്പാട്: കാവടിയാട്ടത്തില്‍ പങ്കെടുത്തിട്ട് തിരികെ വരുന്ന വഴി ഒമ്പതംഗ ക്വട്ടേഷന്‍സംഘം ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ നേതാവ് കരുവാറ്റ വടക്ക് വിഷ്ണുഭവനത്തില്‍ ജിഷ്ണുവിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ പകല്‍ 2.30 ന് വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.നേരത്തേ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നോടെ വിട്ടുകിട്ടിയ മൃതദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വമ്പിച്ച വിലാപയാത്രയായാണ് കുടുംബ വീടായ പള്ളി വടക്കതില്‍ ശശിയുടെ ഭവനത്തില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വച്ചു.
മൃതദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിന് ജീവിതത്തിന്റെ നാനാതുറകളിലുള്ള ജനസഞ്ചയമാണ് എത്തിച്ചേര്‍ന്നത്. പിന്നീട് അന്ത്യകര്‍മ്മങ്ങള്‍ക്കായി വിഷ്ണുഭവനത്തിലേക്ക് കൊണ്ടുവന്ന മൃതദേഹം കുറച്ചു സമയം പൊതുദര്‍ശനത്തിന് വെച്ചു.തന്റെ മകനെ അവസാനമായി ഒന്നു കാണുന്നതിന് മാതാവ് ഗീത എത്തിയത് വികാരപരമായ രംഗങ്ങളാണ് സൃഷ്ടിച്ചത്.കൂടി നിന്ന ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. ബന്ധുക്കളെ എന്തു പറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ നേതാക്കള്‍ കുഴങ്ങി.
പിതൃ സഹോദരപുത്രന്‍ ഷാനാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍,മുന്‍ എം.എല്‍.എമാരായ സി.കെ സദാശിവന്‍, ടി.കെ.ദേവകുമാര്‍, ആര്‍.രാജേഷ് എം.എല്‍.എ, ഡി.വൈ.എഫ്.ഐ സ്റ്റേറ്റ് സെക്രട്ടറി ഗ്രീഷ്മ ,ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി.പ്രസാദ്, ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സഞ്ചു, ജില്ലാ സെക്രട്ടറി ജനീഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്, സംസ്ഥാന കമ്മറ്റി അംഗം സുമ, കരുവാറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കളരിയ്ക്കല്‍,എം.സുരേന്ദ്രന്‍, എ.മഹേന്ദ്രന്‍ ,ആര്‍.നാസര്‍, എം.സത്യപാലന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, എസ്.സുരേഷ്, ഭഗീരഥന്‍, അഡ്വ.അനസ് അലി, മനു.സി.പുളിയ്ക്കല്‍, സി.പ്രസാദ് തുടങ്ങി നിരവധി നേതാക്കള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."