കാബൂള്‍ ഹോട്ടല്‍ ആക്രമണം: ഭീകരരെ ഐ.എസ്.ഐ പരിശീലിപ്പിച്ചതായി വെളിപ്പെടുത്തല്‍
യുനൈറ്റഡ് നാഷന്‍സ്: കാബൂള്‍ അന്താരാഷ്ട്ര ഹോട്ടല്‍ ആക്രമിച്ച ഭീകരരെ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ പരിശീലിപ്പിച്ചുവെന്ന് യു.എന്നിലെ അഫ്ഗാനിസ്താന്‍ സ്ഥിരം പ്രതിനിധി മഹ്മൂദ് സൈകലിന്റെ വെളിപ്പെടുത്തല്‍. പാകിസ്താനെതിരേയുള്ള ഈ ഗുരുതര ആരോപണം ട്വിറ്റര്‍ വഴിയാണ് മഹ്മൂദ് സൈകല്‍ ഉന്നയിച്ചത്.
ജനുവരി 20ന് നടന്ന ഹോട്ടല്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹോട്ടല്‍ ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു ഭീകരവാദിയുടെ പിതാവായ അബ്ദുല്‍ ഖഹാര്‍ എന്നയാള്‍ അഫ്ഗാന്‍ അധികൃതരുടെ കസ്റ്റഡിയിലുണ്ട്. തന്റെ മകന് ബലൂചിസ്താന്‍ പ്രവിശ്യയിലെ ചമാന്‍ എന്ന സ്ഥലത്തുവച്ച് ഐ.എസ്.ഐ പരിശീലനം ലഭിച്ചുവെന്ന് ഇദ്ദേഹം സമ്മതിച്ചു. പാകിസ്താനിലെ ഒരു കേന്ദ്രത്തിലാണ് ഹോട്ടല്‍ ആക്രമണത്തിനുള്ള പദ്ധതികള്‍ തയാറാക്കിയത്. ഈ സംഭവങ്ങള്‍ക്ക് അബ്ദുല്‍ ഖഹാര്‍ ദൃക്‌സാക്ഷിയാണെന്ന് മഹ്മൂദ് സൈകല്‍ ട്വീറ്റ് ചെയ്തു.
അന്താരാഷ്ട്ര ഹോട്ടല്‍ ആക്രമണത്തിനു പിറകെ ശനിയാഴ്ച കാബൂളിലെ നയതന്ത്രമേഖലയില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ആംബുലന്‍സ് പെട്ടിത്തെറിച്ചിരുന്നു. 103 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. കൂടാതെ അഫ്ഗാന്‍ സൈനിക അക്കാദമിയില്‍ തിങ്കളാഴ്ച നടന്ന സ്‌ഫോടനത്തില്‍ 11 പേരും കൊല്ലപ്പെട്ടു. അഫ്ഗാനില്‍ തുടര്‍ച്ചയായുള്ള ഭീകരാക്രമണങ്ങള്‍ക്കെതിരേ യു.എന്‍ രക്ഷാസമിതി, യു.എസ് ഉള്‍പ്പെടെയുള്ളവ രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."