210 റഷ്യന്‍ 'നോട്ടപ്പുള്ളി'കളുടെ പട്ടിക യു.എസ് പുറത്തുവിട്ടു
വാഷിങ്ടണ്‍: 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതിന് റഷ്യക്ക് തിരിച്ചടി നല്‍കാന്‍ ശക്തമായ നീക്കവുമായി അമേരിക്ക. പുതിയ ഉപരോധ നീക്കങ്ങളുടെ ഭാഗമായി റഷ്യയിലെ രാഷ്ട്രീയ പ്രവര്‍ത്തകരും വ്യവസായികളും ഉള്‍പ്പെടുന്ന 210 പേരുടെ പട്ടിക യു.എസ് ട്രഷറി പുറത്തുവിട്ടു.
പട്ടികയുടെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും ഇവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക പദ്ധതിയിടുന്നതായാണു സംശയിക്കപ്പെടുന്നത്.
പ്രാദേശിക സമയം തിങ്കളാഴ്ച അര്‍ധരാത്രിയാണ് യു.എസ് ട്രഷറി പട്ടിക പുറത്തുവിട്ടത്. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ ഭരണകൂടത്തിലെ മിക്ക മുതിര്‍ന്ന വ്യക്തികളും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. പുടിനോട് അടുത്ത ബന്ധം പുലര്‍ത്തുകയും ചുരുങ്ങിയത് ഒരു ബില്യന്‍ യു.എസ് ഡോളറിന്റെ ആസ്തിയുള്ളവരുമായ 114 രാഷ്ട്രീയ പ്രവര്‍ത്തകരെയും 96 വ്യവസായികളെയും ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവ്, വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് എന്നിവരാണ് ഇതില്‍ ഉള്‍പ്പെട്ട പ്രമുഖര്‍.
വ്യാവസായിക രംഗത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ കമ്പനികളായ റോസ്‌നെഫ്റ്റ്, സെബര്‍ബാങ്ക് എന്നിവയുടെ സി.ഇ.ഒമാരും ഉണ്ടെന്നാണു വിവരം. ഏഴു പേജുള്ള പട്ടിക പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല.
അടുത്ത മാര്‍ച്ചില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നേരിടുന്ന പുടിന് ശക്തമായ തിരിച്ചടിയാകും യു.എസ് ട്രഷറിയുടെ റിപ്പോര്‍ട്ട്. ലോക സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് റഷ്യയെ പിന്തിരിപ്പിക്കാനായാണ് പട്ടിക തയാറാക്കിയിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 'കൗണ്ടറിങ് അമേരിക്കാസ് അഡ്‌വേഴ്‌സറീസ് ത്രു സാങ്ക്ഷന്‍സ് ആക്ട് ' എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം യു.എസ് കോണ്‍ഗ്രസ് പാസാക്കിയ നിയമത്തിനു ചുവടുപിടിച്ചാണ് ഇത്തരമൊരു പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതില്‍ നേരത്തെ ട്രംപ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. യു.എസ് തെരഞ്ഞെടുപ്പില്‍ ഇടപെടുകയും ഉക്രൈനെ അസ്ഥിരപ്പെടുത്തുകയും ചെയ്തതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ റഷ്യന്‍ വൃത്തങ്ങളെ ശിക്ഷിക്കാന്‍ ട്രംപ് വിമുഖത കാട്ടിയിരുന്നു.
റഷ്യക്കെതിരേ പുതിയ ഉപരോധത്തിന്റെ ആവശ്യമില്ലെന്ന് പട്ടിക പുറത്തുവന്നതിനു പിറകെ ട്രംപ് വ്യക്തമാക്കി. മുഴുവന്‍ റഷ്യക്കാരെയും വേട്ടയാടുന്ന നടപടിയാണിതെന്ന് വഌദ്മിര്‍ പുടിന്‍ പ്രതികരിച്ചു.
അമേരിക്കയുമായി സഹകരണത്തെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."