കരിപ്പൂരില്‍ റിസ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നു
കൊണ്ടോട്ടി: ഇടത്തരം വിമാനങ്ങളുടെ സര്‍വിസിന് അനുമതി ലഭിക്കുമെന്നായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ(റിസ)നീളം വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ വേഗത്തിലാക്കി.
നിലവിലുള്ള വിമാന സര്‍വിസുകളില്‍ മൂന്നെണ്ണം പുനഃക്രമീകരിച്ച്് റണ്‍വേ താല്‍ക്കാലികമായി അടച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. ജൂണില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനായി റണ്‍വേയിലെ മാര്‍ക്കിങ് ജോലികള്‍ നടന്നുവരികയാണ്.
പകല്‍ 12 മുതല്‍ ഉച്ചക്ക് 2.30 വരെയും വൈകിട്ട് 3.30 മുതല്‍ രാത്രി ഏഴ് വരെയും റണ്‍വേ അടച്ചാണ് പ്രവൃത്തികള്‍ നടത്തുന്നത്. മാര്‍ച്ച് 24 വരെയാണ് റണ്‍വേ ഈ രീതിയില്‍ അടക്കുന്നത്.
ഈ സമയത്തുള്ള ഇന്‍ഡിഗോയുടെ ഷാര്‍ജ, ജെറ്റ് എയര്‍വെയ്സിന്റെ ബംഗളൂരു, മുംബൈ സര്‍വിസുകളാണ് പുന:ക്രമീകരിച്ചത്. പുതിയ വേനല്‍ക്കാല സമയക്രമ പട്ടിക നടപ്പില്‍വരുന്ന മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 15 വരെ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ തുടര്‍ച്ചയായി റണ്‍വേ അടച്ച് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ഈ സമയത്ത് കൂടുതല്‍ വിമാനങ്ങള്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തും. അഞ്ചു അന്താരാഷ്ട്ര കമ്പനികള്‍ ആറ് കോടി മുടക്കിയാണ് റണ്‍വേയില്‍ റിസ വര്‍ധിപ്പിക്കുന്നത്. നിര്‍മാണത്തിലെ അലംഭാവം കാരണം പ്രവൃത്തി നീളരുതെന്ന് കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയാല്‍ പിടിച്ചു നിര്‍ത്തുന്ന ചതുപ്പ് പോലുള്ള പ്രദേശമാണ് റിസ. നിലവിലെ റിസയോട് കൂടി റണ്‍വേയുടെ ഒരു ഭാഗം കൂടി ഉള്‍പ്പെടുത്തിയാണ് വലുപ്പം കൂട്ടുന്നത്.
90 മീറ്ററുള്ള നിലവിലെ റിസ 150 മീറ്റര്‍ കൂടി ഉള്‍പ്പെടുത്തി 240 മീറ്ററായാണ് വര്‍ധിപ്പിക്കുന്നത്. 2,850 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ നീളം ഇതോടെ 2700 ആകും. കരിപ്പൂരില്‍ ഇടത്തരം വിമാന സര്‍വിസിന് ഫെബ്രുവരിയോടെ അനുമതി ലഭിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."