കരിപ്പൂരിനെ തഴഞ്ഞതിനു പിന്നില്‍ സ്വകാര്യ താല്‍പര്യം
ഹജ്ജ് വിമാന സര്‍വിസില്‍ നിന്ന് ഈ പ്രാവശ്യവും വ്യോമയാന മന്ത്രാലയം കരിപ്പൂരിനെ തഴഞ്ഞിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നീതി നിഷേധത്തിന് മറ്റൊരു ഉദാഹരണം കൂടി. കരിപ്പൂരിനെ നശിപ്പിക്കുന്നതിനു പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യക്കാരാണെന്ന് ഇതിനകം തന്നെ വ്യക്തമായതാണ്. വ്യോമയാന മന്ത്രാലയത്തിന്റെ കരുതിക്കൂട്ടിയുള്ള നടപടികളാണ് ഈ സംഭവത്തിനു പിന്നില്‍. ഏവരും പ്രതീക്ഷിച്ചിരുന്ന ഈ പ്രാവശ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിന് നിഷേധിച്ചതിനെതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും വിവിധ സംഘടനകളും ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ പോര്‍മുഖം തുറക്കുന്ന ഈ സമരത്തിന് വ്യാപക പിന്തുണ അനിവാര്യവുമാണ്. കേരളത്തില്‍ നിന്ന് എല്ലാ വര്‍ഷവും ഹജ്ജ് തീര്‍ഥാടകര്‍ കൂടുതലായും ഉണ്ടാകാറ് മലബാറില്‍ നിന്നാണ്. ഈ പ്രാവശ്യവും ഇതിനു മാറ്റമുണ്ടാവില്ല. മലബാറിലെ ഹജ്ജ് യാത്രികര്‍ക്ക് എളുപ്പത്തില്‍ ആശ്രയിക്കാവുന്ന വിമാനത്താവളമാണ് കരിപ്പൂരിലേത്. മലബാറിന്റെ മധ്യഭാഗത്ത് നിലകൊള്ളുന്ന ഈ വിമാനത്താവളത്തിലേക്ക് തൃശൂര്‍, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് എത്താന്‍ കഴിയും. ദീര്‍ഘദൂരം യാത്രചെയ്ത് ഹജ്ജാജികള്‍ക്ക് കൊച്ചിയിലെത്തുക എന്നത് വലിയ സാഹസം തന്നെയാണ്. പ്രത്യേകിച്ച് വയോധികരായ ഹജ്ജ് യാത്രക്കാര്‍ക്ക് കാസര്‍കോട് നിന്നു കൊച്ചിയിലേക്കുള്ള യാത്ര യാതന തന്നെയാണ്. കൊച്ചി വിമാനത്താവളത്തിന് പണം മുടക്കിയ ഏതാനും ചില വ്യവസായ പ്രമുഖരെ സന്തോഷിപ്പിക്കുവാന്‍ ബഹുഭൂരിപക്ഷം വരുന്ന ഹജ്ജ് യാത്രികരെ കഷ്ടപ്പെടുത്തുന്ന വ്യോമയാന വകുപ്പിനെതിരെ പ്രതിഷേധ ജ്വാലകള്‍ തന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്. രണ്ട് വര്‍ഷം മുന്‍പു വരെ കരിപ്പൂരില്‍ നിന്നു യാതൊരു പ്രശ്‌നവുമില്ലാതെ മലബാറില്‍ നിന്നുള്ള ഹജ്ജ് യാത്രികര്‍ യാത്ര പോയതാണ്. ഇവിടെ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ വര്‍ധനവ് കണ്ടറിഞ്ഞ കൊച്ചി വിമാനത്താവളത്തിന് പണം മുടക്കിയ സ്വകാര്യ വ്യവസായികള്‍ ലാഭേഛയോടെ കരിപ്പൂരിനെതിരെ കരുക്കള്‍ നീക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍.
കരിപ്പൂരിലെ റണ്‍വേ നവീകരണം പറഞ്ഞ് എംബാര്‍ക്കേഷന്‍ കൊച്ചിയിലേക്ക് മാറ്റിയത് ഈ വ്യവസായ ലോബികളുടെ പ്രവര്‍ത്തന ഫലമായിരിക്കണം. നവീകരണത്തിന്റെ പിന്നില്‍ ഇത്തരമൊരു ചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്ന് മലബാറുകാര്‍ ഓര്‍ത്തില്ല. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്വാഭാവികമായും ഹജ്ജ് വിമാന സര്‍വിസ് കരിപ്പൂരില്‍നിന്ന് ആരംഭിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ഉള്‍പ്പെടെയുള്ള സംഘടനകളും വ്യക്തികളും വിശ്വസിച്ചു. ആ വിശ്വാസമാണിപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് ആദ്യത്തോടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി സര്‍വിസിന് സജ്ജമാകുന്നതോടെ വലിയ വിമാനങ്ങള്‍ക്ക് ലാന്റിങ് സൗകര്യം കരിപ്പൂരില്‍ ലഭ്യമാവും. ഈ സാധ്യതകളൊക്കെയുണ്ടായിട്ടും ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്നു തട്ടിത്തെറിപ്പിക്കപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളം കാലക്രമേണ ഇല്ലാതാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളായിട്ടു വേണം ഇതിനെ കാണാന്‍. യാതൊരു ലജ്ജയുമില്ലാതെ ഇത്തരം ക്രമക്കേടുകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനെതിരെയാണ് സമരമുണ്ടാകേണ്ടത്. കരിപ്പൂര്‍ വിമാനത്താവളം നശിച്ചുകാണാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ വിമാനത്താവള ലോബിയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ ചെയര്‍മാനായ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം കഴിഞ്ഞ ദിവസം ആരോപിച്ചിരിക്കുകയാണ്. കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് വിമാനസര്‍വിസുകളില്‍ നിന്നുമാത്രം കേന്ദ്രസര്‍ക്കാര്‍ വര്‍ഷം തോറും ഒരു കോടി രൂപ ലാഭിക്കുന്നുണ്ട്. ആ വരുമാനമാണ് ഏതാനും ചില വ്യോമയാന മന്ത്ര്യാലയ ഉദ്യോഗസ്ഥരുടെ താല്‍പര്യത്താല്‍ നഷ്ടപ്പെടുന്നത്. കൊച്ചി സ്വകാര്യ വിമാനത്താവളത്തിന് പണം മുടക്കിയവരെ സഹായിക്കുവാനാണ് വ്യോമയാന മന്ത്രാലയം 'അസാധാരണമായ തിടുക്കം' കാണിക്കുന്നതെന്ന ആരോപണമുണ്ടാവുമ്പോള്‍ ഇതെ കുറിച്ച് അന്വേഷിക്കാനുള്ള ബാധ്യത കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രിക്കുണ്ട്. അഴിമതി തുടച്ചുനീക്കാന്‍ ജന്മമെടുത്ത നരേന്ദ്രമോദി സര്‍ക്കാര്‍ ഈ കാര്യത്തില്‍ തുടരുന്ന മൗനം ദുരൂഹമാണ്.
4-സി എന്ന ചെറിയ വിമാനത്താവളങ്ങളുടെ കാറ്റഗറിയിലായ ഔറംഗാബാദിനും റാഞ്ചിക്കും വാരാണസിക്കും ഡി കാറ്റഗറിയുടെ പരിഗണന നല്‍കി ഹജ്ജ് സര്‍വിസ് നടത്താനാവുമോ എന്ന് പരിശോധിക്കാമെന്ന് വ്യോമയാന മന്ത്രാലയം ഉറപ്പുനല്‍കുമ്പോള്‍ ഡി കാറ്റഗറിയില്‍ പെട്ട വിമാനങ്ങള്‍ക്ക് അനുമതിയുള്ള കരിപ്പൂരിന് അവസരം നിഷേധിക്കുകയും ചെയ്യുന്നു. ഡി കാറ്റഗറിയില്‍ പെട്ട ബി-737, ബി-767, എ-310, എ-320 എന്നീ വിമാനങ്ങള്‍ക്ക് അഹമ്മദാബാദില്‍ നിന്നും ലക്‌നോവില്‍ നിന്നും അനുമതി നല്‍കിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള ടെന്‍ഡറില്‍ കരിപ്പൂരിനെ തഴഞ്ഞു.
ഇതൊന്നും യാദൃശ്ചികമല്ല. നേരത്തെയുണ്ടായിരുന്നത് പോലെ ഇ-വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയോ അല്ലെങ്കില്‍ കരിപ്പൂര്‍ ഉള്‍പ്പെടുന്ന ഡി കാറ്റഗറിയിലെ വിമാനങ്ങള്‍ ഉള്‍പ്പെടുത്തി റീ ടെന്‍ഡര്‍ നടത്തുകയോ വേണം. ഇതിലേതെങ്കിലുമൊന്ന് സാധിച്ചുകിട്ടുന്നത് വരെ മലബാറിലെ എം.എല്‍.എമാരുടെയും എം.പിമാരുടെയും നേതൃത്വത്തില്‍ പ്രതിഷേധങ്ങളുടെ ആര്‍ത്തിരമ്പുന്ന തിരമാലകള്‍ വ്യോമയാന മന്ത്രാലയത്തിനു നേരെ ആഞ്ഞടിക്കേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."