കരിപ്പൂര്‍: യൂത്ത് ലീഗ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് പി കെ ഫിറോസ്
ജിദ്ദ: കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗും പ്രത്യക്ഷ സമരരംഗത്തേക്ക്. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിച്ചപ്പോള്‍ കരിപ്പൂരിനെ തഴഞ്ഞതിലും, ജംബോ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കാത്തതിലും പ്രതിഷേധിച്ച് ഏപ്രില്‍ 3ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇ കാറ്റഗറി വിമാനങ്ങള്‍ കരിപ്പൂരില്‍ നേരത്തെ ഇറങ്ങിയതാണ്. എന്നാല്‍, റണ്‍വേയുടെ പണി പൂര്‍ത്തിയായ ശേഷം എന്തുകൊണ്ട് അനുമതി തടഞ്ഞു എന്നു മനസ്സിലാകുന്നില്ല. ലക്ഷ്യം നേടും വരെ യൂത്ത് ലീഗ് സമരരംഗത്തുണ്ടാകുമെന്ന് ഫിറോസ് പറഞ്ഞു.
ഇ അഹമ്മദിന്റെ മയ്യിത്തിനോടു പോലും മര്യാദകേടു കാണിച്ച കേന്ദ്ര ഗവണ്മെന്റിന്റെ ഫാഷിസ്റ്റ് നടപടിക്കെതിരെ സംഘടന രാജ്ഭവനില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആ വിഷയത്തില്‍ ഇനിയും തുടര്‍ പോരാട്ടങ്ങള്‍ നടത്തും. കേരള പൊലിസ് ഈയിടെയായി ഫാഷിസ്റ്റുകള്‍ക്ക് കഞ്ഞി വയ്ക്കുകയാണെന്ന് ഉദാഹരണങ്ങള്‍ നിരത്തി യൂത്ത് ലീഗ് സെക്രട്ടറി ആരോപിച്ചു. വേണ്ടിവന്നാല്‍ അതിനെതിരെയും സംഘടന സമര രംഗത്തിറങ്ങുമെന്നും ഫിറോസ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ജിദ്ദാ കെ.എം.സി.സി ഭാരവാഹികളായ അഹ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, സി കെ ശാക്കിര്‍, റസാഖ് അണക്കായി, പഴേരി കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."