ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ച യുവാക്കള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
പള്ളുരുത്തി: ശനിയാഴ്ച രാത്രി ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ച യുവാക്കള്‍ക്ക് നാട്ടുകാരുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.പള്ളുരുത്തി തങ്ങള്‍ നഗറില്‍ മുഹമ്മദ് ജലാലിന്റെ മുഹമ്മദ് അജ്മല്‍,സാബിദിന്റെ മകന്‍ സല്‍മാന്‍ എന്നിവരുടെ ചേതനയറ്റ ശരീരം തങ്ങള്‍ നഗര്‍ അല്‍ അസ്ഹര്‍ സ്‌ക്കൂളില്‍ എത്തിച്ചപ്പോള്‍ നൂറ് കണക്കിനാളുകളാണ് ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്.
കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്നു ഇരുവരും. സല്‍മാനായിരുന്നു ആ കുടുംബത്തിലെ ആണ്‍ തരി.പിന്നെ ഒരു സഹോദരിയാണുള്ളത്. വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് ഒരു താങ്ങാകാനാണ് സല്‍മാന്‍ തന്റെ പതിനേഴാം വയസ്സില്‍ ജോലിക്ക് പോയി തുടങ്ങിയത്.
പക്ഷെ ടാങ്കര്‍ ലോറിയുടെ രൂപത്തിലെത്തിയ മരണം ആ കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമാണ് ഇല്ലാതാക്കിയത്.അജ്മലിന്റെ കുടുംബത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല.വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തില്‍ നിന്നാണ് അജ്മലും വരുന്നത്.അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന ഇരുവരും പെന്റാമേനകയിലെ മൊബൈല്‍ ഷോപ്പിലാണ് ജോലി ചെയ്യുന്നത്.ജോലി കഴിഞ്ഞ് ബൈക്കില്‍ പള്ളുരുത്തിയിലെ വീട്ടിലേക്ക് വരും വഴി വാത്തുരുത്തിയില്‍ വച്ചാണ് അപകടം നടന്നത്.
ഒരു സ്വകാര്യ ബസ്സിനെ മറി കടക്കുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന ടാങ്കര്‍ ലോറി എതിരെ വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു.വൈകിട്ട് മൂന്ന് മണിയോടെ തങ്ങള്‍ നഗര്‍ പള്ളിയില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് സുഹൃത്തുക്കളായ ഇരുവരുടേയും കബറടക്കം നടന്നത്.
നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്ന ഇരുവരുടേയും മരണം പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തി.
അതേസമയം അപകടത്തിനിടയാക്കിയ ടാങ്കര്‍ ലോറി ട്രാഫിക് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വണ്ടി ഓടിച്ചിരുന്ന ഫോര്‍ട്ട്‌കൊച്ചി വെസ്റ്റ് മാന്ത്രയില്‍ സിറാജി(24)നെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."