പറമ്പിക്കുളം ആളിയാര്‍ കരാര്‍: ഗവര്‍ണര്‍ ഇടപെടുന്നു
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍പ്രകാരം ലഭിക്കേണ്ട വെള്ളം വാങ്ങിയെടുക്കാന്‍ കേരളത്തിനായില്ലെങ്കില്‍ കേന്ദ്രത്തെ ഇടപെടുവിക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം.
രാജ്ഭവനില്‍ നിവേദനം നല്‍കാനെത്തിയ പറമ്പിക്കുളം ആളിയാര്‍ ജലസംരക്ഷണ സമിതി ഭാരവാഹികളോടാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയും തമിഴ്‌നാടും തമ്മില്‍ നടന്ന കാവേരി ജലതര്‍ക്കം പോലെയാണിത്. കേരളാ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി പ്രശ്‌നം പരിഹരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളം ഇതിന് തയാറായില്ലെങ്കില്‍ വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി ജലസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിന് അവകാശപ്പെട്ട പറമ്പിക്കുളം ഡാമിലെ ജലം കോണ്ടൂര്‍ കനാല്‍വഴി തിരുമൂര്‍ത്തി ഡാമിലെത്തിക്കുകയാണ് തമിഴ്‌നാട് ചെയ്യുന്നത്. കരാര്‍പ്രകാരം തമിഴ്‌നാടിന് ഒന്നര ലക്ഷം ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാനെ അനുവാദമുള്ളൂ. എന്നാല്‍, നാലുലക്ഷത്തി എണ്‍പതിനായിരം ഏക്കറിലാണ് കൃഷിചെയ്തുവരുന്നത്. കേരളത്തില്‍ 20,000 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. തമിഴ്‌നാടിനു കരാര്‍പ്രകാരം 16.3 ടി.എം.സി വെള്ളമെടുക്കാനാണ് അവകാശം. എന്നാല്‍, ഇതിന്റെ നാലിരട്ടി വെള്ളം ഉപയോഗിക്കുന്നുണ്ട്. കേരളത്തിന് ഏഴര ടി.എം.സിയാണ് നല്‍കാറുള്ളത്. ഇപ്പോള്‍ രണ്ടുവര്‍ഷമായി അഞ്ച് ടി.എം.സിയില്‍ താഴെയാണ് നല്‍കുന്നത്. ഇതിനാല്‍ പാലക്കാട് ജില്ലയില്‍ കൃഷി ഉണക്കം നേരിടുന്നു. ഭാരതപ്പുഴയില്‍ വെള്ളമില്ലാത്തതിനാല്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ സമിതി കണ്‍വീനര്‍ മുതലാംതോട് മണി, വൈസ് ചെയര്‍മാന്‍ അഡ്വ. പി.സി ശിവശങ്കരന്‍, ജോ. കണ്‍വീനര്‍ കണക്കമ്പാറ കരുണന്‍, എസ്. അധിരഥന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."