വേനല്‍ചൂടില്‍ ചുട്ടുപൊള്ളി നാടും നഗരവും
കോട്ടയം: കുടിക്കാന്‍ വെള്ളമില്ല, കൊടുംചൂടില്‍ പുറം പണിക്കാര്‍ ജോലിചെയ്യാനാകാതെ വിഷമിക്കുന്നു, പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ, വേനല്‍ ചൂടില്‍ കോട്ടയം പൊള്ളുകയാണ്. കിണറുകളും മറ്റു ജലാശയങ്ങളും ഗ്രാമീണ മേഖലയില്‍ വറ്റിവരണ്ടിരിക്കുന്നു. കോട്ടയത്തെ കൂടിയ താപനില 36 ഉം കുറഞ്ഞ താപനില 23മാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
2016ല്‍ ഇതേവാരത്തേക്കാള്‍ രണ്ടു ഡിഗ്രിയാണ് ഇത്തവണ ചൂട് കൂടിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 34 ഡിഗ്രിയായിരുന്നു ഫെബ്രുവരിയില്‍ കൂടിയ താപനില രേഖപ്പെടുത്തിയിരുന്നത്. വേനല്‍മഴയിലും ഇക്കൊല്ലം ഗണ്യമായ കുറവുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.
പതിറ്റാണ്ടിനുള്ളില്‍ ഇത്രത്തോളം വേനല്‍മഴ കുറഞ്ഞ മറ്റൊരു വര്‍ഷമുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മൂന്നു വേനല്‍മഴ മാത്രമാണ് ഇക്കൊല്ലം ജില്ലയില്‍ ലഭിച്ചത്. വരും ആഴ്ചകളില്‍ ചൂട് ഒരു ഡിഗ്രി കൂടി വര്‍ധിച്ചേക്കുമെന്നാണ് സൂചന. രൂക്ഷമായ കുടിവെള്ള ക്ഷാമം ഇനിയും കൂടുതല്‍ ജനജീവിതത്തെ ദുസഹമാക്കും.
വേനല്‍ ശക്തിപ്പെട്ടതോടെ ജില്ലയിലെ പ്രധാന ജലസ്രോതസുകളായ മണിമല, പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍ നദികളിലെ ഒഴുക്ക് പലയിടങ്ങളിലും മുറിഞ്ഞു. കയങ്ങളില്‍ ജലവിതാനം കുറഞ്ഞതിനാല്‍ വാട്ടര്‍ അതോറിട്ടിയുടെ ജല വിതരണം പോലും കാര്യക്ഷമമായി നടത്താന്‍ പ്രയാസപ്പെടുകയാണ്.
മണ്ണിന്റെ മേല്‍ത്തട്ടില്‍ ഈര്‍പ്പത്തിന്റെ തോത് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കുറഞ്ഞതിനാല്‍ സസ്യജാലങ്ങള്‍ ഉണങ്ങി. വെള്ളം കിട്ടില്ലെന്ന കാരണത്താല്‍ പല സ്ഥലങ്ങളിലെയും കിണര്‍ നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നു. പരക്കെ കുഴിക്കുന്ന കുഴല്‍ കിണറുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
നെല്ല്, റബ്ബര്‍ കൃഷികളെ വേനല്‍ ഏറെ ബാധിച്ചുകഴിഞ്ഞു. ലാറ്റക്‌സ് അളവ് നന്നേ കുറഞ്ഞതോടെ പലയിടത്തും ടാപ്പിങ് നിര്‍ത്തിവച്ചു. വരള്‍ച്ച ശക്തിപ്പെട്ടതോടെ ജില്ലയില്‍ പാല്‍, പച്ചക്കറി ഉല്‍പ്പാദനത്തില്‍ വലിയ ഇടിവ്. പാല്‍ ഉല്‍പ്പാദനത്തില്‍ മാത്രം 30 ശതമാനത്തിലേറെ കുറവുണ്ടായി. നിലവില്‍ പ്രമുഖ പാല്‍ക്കമ്പനികള്‍ ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ വാങ്ങി ജില്ലയില്‍ വിതരണം ചെയ്യുകയാണ്. പച്ചക്കറി ഉല്‍പ്പാദനത്തില്‍ 60 ശതമാനത്തിലേറെ കുറവാണുണ്ടായിരിക്കുന്നതെന്ന് ഹോര്‍ട്ടി കോര്‍പ്പും വ്യക്തമാക്കുന്നു. വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട് പ്രദേശങ്ങളില്‍ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റുകളിലും പ്രാദേശിക ചന്തകളിലും നാടന്‍ പച്ചക്കറിയുടെ വരവ് കുറഞ്ഞതായും വ്യാപാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."