HOME
DETAILS
MAL
ബജറ്റ്; പ്രവാസികളെ കേന്ദ്രം തഴഞ്ഞപ്പോള്‍ സംസ്ഥാനം കൈപിടിച്ചു
backup
February 02 2018 | 17:02 PM
ജിദ്ദ: ഗള്‍ഫ് മേഖലയിലെ പ്രതികൂല രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം മടങ്ങി വരുന്ന ഇന്ത്യക്കാരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രബജറ്റില്‍ പ്രവാസികളെ അപ്പാടം തഴഞ്ഞപ്പോള്‍ എക്കാലത്തെയും റെക്കോര്‍ഡ് തുക പ്രവാസി ക്ഷേമത്തിനായി വകയരുത്തി സംസ്ഥാന ബജറ്റ്. പ്രവാസി ക്ഷേമത്തിനായി നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 80 കോടി രൂപയാണ് ധനമന്ത്രി തോമസ് ഐസക് വകയിരുത്തിയത്.
പ്രവാസികള്‍ക്കായി കിഫ്ബിയിലുടെ മസാല ബോണ്ട് ഇറക്കും. കെ.എസ്.എഫ്.ഇയുടെ പ്രത്യേക എന്‍.ആര്‍.ഐ ചിട്ടി മാര്‍ച്ച്- ഏപ്രില്‍ കാലയളവില്‍ ആരംഭിക്കും. ചിട്ടിക്ക് പലിശയ്ക്കു പകരം ലാഭവിഹിതമാകും ലഭ്യമാക്കുക. ചിട്ടിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷനും നല്‍കാനും പദ്ധതിയുണ്ട്. ചിട്ടിയിലൂടെ നാടിന്റെ വികസനത്തില്‍ എന്‍.ആര്‍.ഐകളുടെ പങ്കാളിത്തത്തിനാണു ലക്ഷ്യമിടുന്നത്. ലോക മലയാളികളെ കേരളവുമായി ബന്ധിപ്പിക്കുന്ന ലോക കേരള സഭയ്ക്ക് കൂടുതല്‍ തുക അനുവദിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനവും നടപ്പാക്കും. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് തയാറാക്കാന്‍ പദ്ധതിയുള്ളതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു.
അതേസമയം പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് തയാറാക്കുമെന്ന് കഴിഞ്ഞ ബജറ്റിലും പ്രഖ്യാപനമുണ്ടായിരുന്നു. നടപ്പാക്കാത്ത ആ പ്രഖ്യാപനത്തിന്റെ ആവര്‍ത്തനമാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നത്.
ഒരുലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്രവാസികള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കുന്നതിന് സാന്ത്വനം പദ്ധതിക്ക് രൂപം നല്‍കും. ചികിത്സാ ചെലവ്, മൃതദേഹം തിരിച്ചു കൊണ്ടുവരാന്‍ എയര്‍ ആംബുലന്‍സ്, ജയില്‍ മോചിതര്‍ക്കുള്ള സഹായം, തുടങ്ങിയവക്ക് 16 കോടി വകയുരുത്തിയിട്ടുണ്ട്.
അതേസമയം പ്രവാസികളുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശം പോലും കേന്ദ്ര ബജറ്റില്‍ ഇല്ല. പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് പ്രവാസി കൂട്ടായ്മകള്‍ കേന്ദ്ര ധനമന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സാധിച്ചെങ്കിലും പ്രവാസിക്ഷേമ കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മക നിലപാടാണ് മോദി സര്‍ക്കാര്‍ തുടരുന്നത്. പ്രവാസികള്‍ക്ക് പ്രത്യക്ഷത്തില്‍യാതൊരു പ്രയോജനവും നല്‍കാത്ത ബജറ്റാണിതെന്ന് വിവിധ പ്രവാസി കൂട്ടായ്മകള്‍ കുറ്റപ്പെടുത്തുകയും ചെയ്തു.
വിമാന യാത്രക്കാരുടെ ബാഗേജ് അലവന്‍സ് ആനുപാതികമായി ഉയര്‍ത്തണമെന്ന ആവശ്യവും ബജറ്റ് തള്ളി. 45000 രൂപക്ക് തുല്യമായ സാധനങ്ങള്‍ മാത്രമാണ് ഒരു യാത്രക്കാരന് ബാഗേജായി കൊണ്ടു വരാന്‍ അനുമതിയുള്ളത്. അത് അങ്ങനെ തന്നെ തുടരുമെന്ന് ബജറ്റ് പറയുന്നത്. വലിയ ടെലിവിഷന്‍ സെറ്റുകള്‍ കൊണ്ടു വരുന്നതിനുള്ള കസ്റ്റംസ് ഡ്യൂട്ടിയുടെ ഭാഗമായ മൂന്നു ശതമാനം സെസ് നാലായി ഉയര്‍ത്തുകയും ചെയതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."