എം.എല്‍.എമാരെ ബലമായി തടഞ്ഞുവച്ചതായി പനീര്‍ശെല്‍വം
ചെന്നൈ: നിയമസഭാംഗങ്ങളെ ബലമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. ഓരോ എം.എല്‍.എമാര്‍ക്കും അവരവരുടെ മണ്ഡലത്തിലേക്ക് എത്തേണ്ടതുണ്ട്. എന്നാല്‍ അതിന് അനുവദിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് പനീര്‍ശെല്‍വം ആരോപിച്ചു.
സെക്രട്ടറിയേറ്റിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നതിനായി ശശികല നടത്തുന്ന നാടകം കാരണം സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
ജയയുടെ പേരിലും പാര്‍ട്ടിയുടെ പേരിലും ശശികല ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. എം.എല്‍.എമാരെയെല്ലാം തന്റെ പക്ഷത്തേക്ക് നിര്‍ത്തുന്നതിനാണ് അവര്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എം.എല്‍.എമാരെ ആദ്യം മോചിപ്പിക്കുകയാണ് വേണ്ടത്. ഇവര്‍ക്കെല്ലാം അവരുടെ മണ്ഡലത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനനുവദിക്കാതെ അവരെ തടഞ്ഞുവച്ചത് ഒരിക്കല്‍പോലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പനീര്‍ശെല്‍വം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. കാര്യങ്ങളെല്ലാം ലോകം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ കടവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് ഒരു എം.എല്‍.എ വേഷം മാറി ഒളിച്ചോടി പനീര്‍ശെല്‍വം ക്യാംപിലെത്തി.
മധുര സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എസ്.എസ്. ശരവണനാണ് പാര്‍ട്ടി എം.പി മധുര ആര്. ഗോപാലകൃഷ്ണനോടൊപ്പം വേഷം മാറി കാവല്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. പല എം.എല്‍.എമാരും ശാരീരികവും മാനസികവുമായി തകര്‍ന്നതായി അദ്ദേഹം വാര്‍ത്താ ലേഖകരെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."