മുഖ്യ ശത്രുവാര്
'സാധാരണക്കാര്‍ക്കു മാത്രമല്ല പണ്ഡിതന്മാര്‍ക്കുപോലും അപ്രാപ്യമായ ശൈലിയാണു ചില പഴയ ഗ്രന്ഥങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.' ജംഉല്‍ ജവാമിഅ് പോലുള്ള ഗഹനമായ ചര്‍ച്ചകളാല്‍ സമ്പന്നമായ മതഗ്രന്ഥങ്ങളെക്കുറിച്ചു സാഹിത്യകാരന്‍ കൂടിയായിരുന്ന സി.എന്‍ അഹ്മദ് മൗലവി എഴുതിയ കമന്റാണിത്. ഇത്തരം ഗ്രന്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരാളും സി.എന്നിന്റെ അഭിപ്രായത്തെ നിരാകരിക്കുമെന്നു തോന്നുന്നില്ല.
ഇവിടെ സൂചിപ്പിക്കുന്നതു വേറെ ചില ആനുകാലികപ്രശ്‌നങ്ങളാണ്. കോണ്‍ഗ്രസ്സും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മണ്ഡലങ്ങളില്‍ സി.പി.എം നിലപാടെന്തായിരിക്കും.
ഈ വിഷയത്തില്‍ പാര്‍ട്ടി അംഗീരിച്ച പ്രമേയം എത്ര വായിച്ചിട്ടും മനസ്സിലാവുന്നില്ല. സി.എന്‍ പറഞ്ഞതിന്റെയും അപ്പുറമാണു സംഗതി. പക്ഷേ, വോട്ടു ചെയ്യേണ്ട സാധാരണക്കാര്‍ക്ക് ഇതൊന്നും കൂടുതല്‍ മനസ്സിലാവില്ലല്ലോ. യൂറോപ്പില്‍ കമ്മ്യൂണിസം തകര്‍ന്നതും ചൈന കമ്മ്യൂണിസത്തെ ഉപേക്ഷിക്കാതെ ലോകമാര്‍ക്കറ്റില്‍ ആധിപത്യം നേടിയതും മാത്രമല്ല സാധാരണക്കാര്‍ കാണുന്നത്. മൂന്നുപതിറ്റാണ്ടു കാലം സി.പി.എം ഭരിച്ച പശ്ചിമബംഗാളില്‍നിന്നു തൊഴിലാളികള്‍ കേരളത്തിലേയ്ക്കു പ്രവഹിക്കുന്നതും ജനം കാണുന്നുണ്ട്. എന്നിരിക്കെ രണ്ടു ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ അതില്‍ മുഖ്യശത്രു ആരെന്നു പാര്‍ട്ടിപ്രമേയം വായിച്ചല്ല ജനം മനസിലാക്കുക.
അതൊരു വശം. മറുവശത്ത് പരിപ്പ് വടയും കട്ടന്‍ ചായയും ചിഹ്നമായി കരുതിയ പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ടവര്‍ ഗള്‍ഫില്‍ പോയി കോടികള്‍ സമ്പാദിക്കുന്നതും ജനം കാണുന്നുണ്ട്. പരസ്പര മത്സരമാണ് ഏതു രംഗത്തും പുരോഗതിക്കു നിദാനം. സാമ്പത്തികരംഗവും ഇതിന് അപവാദമല്ല. ഈ കാര്യം അവഗണിച്ചതാണു യൂറോപ്പില്‍ കമ്മ്യൂണിസം തകരാന്‍ ഇടയാക്കിയത്.
ടാറ്റയെയും ബിര്‍ളയെയും വിമര്‍ശിക്കാത്ത ഒരു പ്രസംഗവും മുമ്പ് സഖാക്കള്‍ നടത്താറുണ്ടായിരുന്നില്ല.
ഇന്നു പുതിയ ബിര്‍ള ടാറ്റമാരുടെ ചുമലില്‍ കൈവച്ചാണു പാര്‍ട്ടിനേതാക്കള്‍ ഊരുചുറ്റുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും ജനങ്ങള്‍ക്കിടയില്‍ തൊഴിലാളി സംരക്ഷകര്‍ എന്ന ലേബലില്‍ തന്നെയാണ് സി.പി.എം ഇന്നും അറിയപ്പെടുന്നത്. ഈ പ്രതിച്ഛായ തന്നെയാണ് ഇന്നും ഈ പാര്‍ട്ടിയുടെ കൈമുതല്‍.
ഒരനുഭവം പറയട്ടെ. വടക്കാഞ്ചേരിയില്‍ റെയില്‍വേ മേല്‍പാലം വരുന്നതിന്റെ മുമ്പാണ്. ഞങ്ങള്‍ യാത്ര ചെയ്യുന്ന ബസ് അടഞ്ഞ ഗേറ്റിനടുത്തു വന്നുനിന്നു. കുറച്ചു കഴിഞ്ഞതും സ്ഥലത്ത് സ്റ്റോപ്പില്ലാത്ത ട്രെയിന്‍ ചീറിപ്പാഞ്ഞ് കടന്നു പോയി. അന്നേരത്താണ് എന്റെ പിറകിലിരിക്കുന്ന അപരിചിതന്റെ കമന്റ്. ''ഞനാലോചിക്കുകയായിരുന്നു ഈ സാധനത്തെയാണല്ലോ ഡിഫിക്കാര്‍ തടഞ്ഞു നിര്‍ത്തുന്നത്.''
സംഭവമിതാണ്. ട്രെയിന്‍ തടയല്‍ സമരം എന്ന് ഇയാളും കേട്ടിട്ടുണ്ട്. ഓടുന്ന വണ്ടി മുന്നിലിറങ്ങി തടയുകയെന്നാണു മനസ്സിലാക്കിയിരിക്കുന്നത്. അത്തരം സാഹസമാണു ഡിഫി ക്കാര്‍ ചെയ്യുന്നതെന്നു പാവം കരുതുന്നു. ഇത്തരം വ്യാജപ്രതിച്ഛായ മാത്രമാണ് ഇന്ന് പാര്‍ട്ടിയുടെ കൈമുതല്‍. അല്ലെങ്കില്‍ ലോകം മുഴുവന്‍ മുതലാളിത്തവ്യവസ്ഥയില്‍ മുഴുകിയ ഘട്ടത്തില്‍ ലെനിനും സ്റ്റാലിനും എഴുതിവച്ച തത്വങ്ങള്‍ എങ്ങനെ പ്രായോഗികമാവും.
കംപ്യൂട്ടറിനെയും ട്രാക്ടറിനെയും എതിര്‍ത്ത പാര്‍ട്ടി ഗെയ്‌ലിന് പച്ചക്കൊടി കാട്ടുന്നതെങ്ങനെയാണ്. കൊച്ചിയില്‍നിന്നു മംഗലാപുരത്തേയ്ക്കു ലോറികളില്‍ ഗ്യാസ് എത്തിക്കുകയാണെങ്കില്‍ എത്രയോ ഡ്രൈവര്‍മാര്‍ക്കും ഇതരപണിക്കാര്‍ക്കും തൊഴില്‍ ലഭിക്കുമല്ലോ. പിന്നെയെങ്ങനെ ഗെയ്‌ലിനെ പിന്തുണക്കും
ഇനി തെരഞ്ഞെടുപ്പു സഖ്യത്തിന്റെ കാര്യം. കേരളത്തിലും ത്രിപുരയിലും കോണ്‍ഗ്രസുമായി സഖ്യം ചെയ്യേണ്ട ആവശ്യം സി.പി.എമ്മിനില്ല. ബംഗാളിലാണെങ്കില്‍ സഖ്യംകൊണ്ടു പ്രയോജനവുമില്ല.
ഇക്കാര്യം തുറന്നു പറഞ്ഞാല്‍ കുറെയേറെ നിഗൂഢതകള്‍ ഒഴിവാക്കാമല്ലോ. അതിനൊരുങ്ങാതെ പ്രത്യയശാസ്ത്രത്തിന്റെ പിന്നിലൊളിക്കാനാണ് ആര്‍ക്കും തിരിയാത്ത പ്രമേയങ്ങളുമായി പാര്‍ട്ടി നടക്കുന്നത്.
ബിജെപിയാണു മുഖ്യശത്രുവെന്നു പറയുന്നതില്‍ ആത്മാര്‍ഥത തരിമ്പുമില്ലെന്നു ജനം മനസ്സിലാക്കിയാല്‍ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."