കീഴാറ്റൂര്‍: 'വയല്‍ക്കിളികള്‍' സുപ്രിംകോടതിയിലേക്ക്
തളിപ്പറമ്പ്: കീഴാറ്റൂരില്‍ ഏക്കര്‍കണക്കിന് നെല്‍പാടം നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ 'വയല്‍ക്കിളി' പ്രവര്‍ത്തകര്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് കുറ്റിക്കോല്‍-ചുടല ബൈപാസ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തീരുമാനം.
നോട്ടിഫിക്കേഷന്‍ വന്നതോടെ ബഹുജന പ്രക്ഷോഭം കൊണ്ടുമാത്രം സമരം വിജയിക്കില്ലെന്ന സാഹചര്യത്തിലാണ് നിയമ പോരാട്ടത്തിനും തയാറായത്.
രാജ്യത്ത് നിലവിലുള്ള തണ്ണീര്‍തട സംരക്ഷണ നിയമങ്ങള്‍ അനുസരിച്ചു കോടതിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നു തന്നെയാണ് വയല്‍ക്കിളി പ്രവര്‍ത്തകരുടെ വിശ്വാസം. ഭൂമി വിട്ടു നല്‍കുന്നതിനുള്ള ജനങ്ങളുടെ എതിര്‍പ്പും ബൈപാസ് നിര്‍മിക്കുന്നതോടെ ഭൂമി നഷ്ടമാകുന്നവരുടെ വിവരങ്ങളും കീഴാറ്റൂരിലെ ഭൂപ്രകൃതിയുടെ പ്രത്യേകതകളും ഇവയെകുറിച്ച് പരിസ്ഥിതി സംഘടനകള്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും.
വികസന വിരോധികളെന്ന് മുദ്രകുത്തിയും തീവ്രവാദ ബന്ധം ആരോപിച്ചും സി.പി.എം പ്രക്ഷോഭകരെ നേരിടുമ്പോഴാണ് നാട്ടുകാര്‍ നിയമപോരാട്ടത്തിനു തയാറാകുന്നത്. അതിനിടെ ബൈപാസ് നോട്ടിഫിക്കേഷന്‍ വന്നതിനാല്‍ തുടര്‍ പ്രവൃത്തിക്കായി ഉദ്യോഗസ്ഥര്‍ എത്തിയാല്‍ ജനകീയ പ്രതിരോധമുയര്‍ത്താനാണ് നാട്ടുകാരുടെ തീരുമാനം.
കീഴാറ്റൂരില്‍ ബൈപാസിനെതിരേ സമരം നടത്തുന്നവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസവും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആരോപിച്ചിരുന്നു.
തീവ്രവാദബന്ധമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണ് വേണ്ടതെന്നു വയല്‍ക്കിളികളും തിരിച്ചടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."