ആഗോള ഹജ്ജ് ടെന്‍ഡറില്ല: സര്‍വിസില്‍ പണം കൊയ്യാന്‍ വിമാന കമ്പനികള്‍
കൊണ്ടോട്ടി: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് സര്‍വിസുകളില്‍ പണംകൊയ്യാന്‍ വിമാന കമ്പനികള്‍ രംഗത്ത്. ഈ ഹജ്ജ് സീസണില്‍ ഇന്ത്യ-സഊദി വിമാന കമ്പനികള്‍ക്ക് മാത്രം സര്‍വിസിന് അവസരം നല്‍കിയാണ് വ്യോമയാന മന്ത്രാലയം ഹജ്ജ് ടെന്‍ഡര്‍ ക്ഷണിച്ചത്.
സീസണ്‍ കണക്കിലെടുത്ത് വിമാന കമ്പനികള്‍ നിലവിലെ നിരക്കിന്റെ ഇരട്ടിയിലേറെ രൂപയാണ് ടിക്കറ്റിന് ഈടാക്കുക. ഹജ്ജ് സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കിയതിനാല്‍ വിമാന നിരക്കിന്റെ മുഴുവന്‍ തുകയും ഓരോ തീര്‍ഥാടകനും നല്‍കേണ്ടിവരും.
കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ട് നിരക്കടക്കം നെടുമ്പാശ്ശേരിയില്‍ നിന്ന് ഈടാക്കിയത് 72,000 രൂപയാണ്. എന്നാല്‍ ഇതില്‍ 10,500 രൂപ സബ്‌സിഡി ലഭിച്ചിരുന്നെങ്കിലും ഈ വര്‍ഷം മുതല്‍ സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്.
മുന്‍വര്‍ഷത്തേക്കാള്‍ വിമാന നിരക്കില്‍ ഈവര്‍ഷം വര്‍ധനവുണ്ടാകും. ആഗോള തലത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചാല്‍ കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ ഹജ്ജ് സര്‍വിസ് നടത്താന്‍ മുന്നോട്ടുവരും. ഇത് കടുത്ത മത്സരത്തിന് വേദിയാകുന്നതോടെ ടെന്‍ഡര്‍ താരതമ്യേന കുറയും. ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിമാന നിരക്കിലെ കൊള്ളയില്‍ നിന്ന് രക്ഷപ്പെടാനുമാകും. വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കില്‍ രക്ഷപ്പെടാനായി കേന്ദ്രം കപ്പല്‍ സര്‍വിസ് ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇത് ലഭ്യമാക്കാനായിട്ടില്ല.
എയര്‍ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്,സഊദി എയര്‍ലൈന്‍സ്,നാസ് എയര്‍,സ്‌പെയ്‌നാസ് തുടങ്ങിയവ കമ്പനികളാണ് ഈ വര്‍ഷം ഹജ്ജ് ടെന്‍ഡര്‍ നല്‍കാനിരിക്കുന്നത്. ഈ മാസം 21നകം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ടെന്‍ഡര്‍ ലഭിച്ചിരിക്കും. ഇന്ത്യയിലെ 21 ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റെില്‍ ഇന്‍ഡോര്‍ ഒഴിവാക്കി 20 സ്ഥലത്ത് നിന്നാണ് കേന്ദ്രം ഹജ്ജ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഇന്‍ഡോറിലെ തീര്‍ഥാടകര്‍ക്ക് മുംബൈയില്‍ നിന്ന് ഹജ്ജിന് പോകാന്‍ അവസരം നല്‍കും.
ഹജ്ജ് ടെന്‍ഡര്‍ നല്‍കുന്ന വിമാന കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളാണ് വ്യോമയാന മന്ത്രാലയം നല്‍കിയിരിക്കുന്നത്. സഉദിയില്‍ വിമാന സര്‍വിസ് അനുമതിയുള്ളവരാണ് ടെന്‍ഡര്‍ നല്‍കേണ്ടത്. 20 വര്‍ഷത്തിലധികം കാലപ്പഴക്കംചെന്ന വിമാനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
ഹജ്ജ് വിമാന നിരക്ക് ഘട്ടംഘട്ടമായിട്ടായിരിക്കും വിമാന കമ്പനികള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി നല്‍കുക. ഒരു എംപാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് നാലുമണിക്കൂര്‍ ഇടവിട്ടയിരിക്കണം സര്‍വിസ് നടത്തേണ്ടത്. എന്നാല്‍ നാലു സര്‍വിസ് വരെ നടത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."