'വാക്കു മാറ്റിയവളെ' ശിക്ഷിക്കാന്‍ ദമ്പതികളുടെ നില്‍പ്പുസമരം
കല്‍പ്പറ്റ: വയനാട് കലക്ടറേറ്റിലേക്ക് ഇന്നലെയെത്തിയ എല്ലാവരുടെയും കണ്ണിലുടക്കി രണ്ടുപേര്‍ കവാടത്തിനു മുന്നില്‍ പോസ്റ്ററും പ്ലാസ്റ്റിക് പാവയും പിടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. കണ്ടവരെല്ലാം അവരെ കൗതുകത്തോടെ നോക്കി. അവരുടെ കൈകളിലുണ്ടായിരുന്ന പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ: 'ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി, ആ പെണ്ണിനെ ശിക്ഷിക്കുക.'
അതുവായിച്ചു ചിലര്‍ അവര്‍ക്കരികിലെത്തി കാര്യമന്വേഷിച്ചപ്പോഴാണ് ഇവരുടെ ഈ നില്‍പ്പുസമരത്തിന്റെ പൊരുള്‍ ബോധ്യപ്പെടുന്നത്.
സമൂഹമധ്യത്തില്‍ തെറ്റായ മാതൃകയുടെ പ്രതീകമാകുന്നവരെ കുറ്റവിചാരണ ചെയ്തു ശിക്ഷിക്കണം. അതാണു സമരം ചെയ്യുന്ന ദമ്പതികളുടെ ആവശ്യം. ഗതാഗതമന്ത്രിയായിരുന്ന ശശീന്ദ്രനെതിരെ ആദ്യം ആരോപണമുന്നയിക്കുകയും പിന്നീട് അദ്ദേഹത്തെ വെള്ളപൂശുകയും ചെയ്ത പെണ്‍കുട്ടി ആ പ്രവൃത്തിയിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയാണു ചെയ്തതെന്നാണ് മൂന്നരപതിറ്റാണ്ടുകാലം സ്‌കൂള്‍ അധ്യാപകനായിരുന്ന എന്‍. ബാലകൃഷ്ണന്റെയും ഭാര്യ പി.കെ സരളടീച്ചറുടെയും ആരോപണം.
ആദ്യം പറഞ്ഞതാണു ശരിയെങ്കില്‍ മന്ത്രിയെപ്പേടിച്ച് അതു മാറ്റിപ്പറഞ്ഞ് അവള്‍ സ്ത്രീസമൂഹത്തെ അപമാനിച്ചു. രണ്ടാമതു പറഞ്ഞതാണു ശരിയെങ്കില്‍ അവള്‍ ആദ്യം കളവു പറഞ്ഞ് സ്ത്രീസമൂഹത്തിനു മാനഹാനിയുണ്ടാക്കി.
രണ്ടായാലും അവള്‍ ശിക്ഷാര്‍ഹയാണ് ഇതാണു കോഴിക്കോട് കണ്ണഞ്ചേരി സ്‌കൂളില്‍ നിന്നു വിരമിച്ച എന്‍ ബാലകൃഷ്ണന്‍ മാസ്റ്ററുടെയും അധ്യാപികതന്നെയായ ഭാര്യയുടെയും വാദം.
ആ പെണ്‍കുട്ടി ഉയര്‍ത്തിയ ആരോപണത്തെ തുടര്‍ന്നു സംസ്ഥാനത്തുണ്ടായ കോലാഹലങ്ങള്‍ ചില്ലറയല്ലെന്ന് അവര്‍ പറയുന്നു. സര്‍ക്കാരിനെ പിടിച്ചുലച്ച ആരോപണത്തില്‍ നിന്നു തനിക്കൊന്നുമറിയില്ലെന്ന ഭാവത്തില്‍ കേസിനെ നിസാരവല്‍ക്കരിച്ചു പിന്‍വലിഞ്ഞ ഈ പെണ്‍കുട്ടി ആരോപണവിധേയനെ രക്ഷപ്പെടുത്തുകയാണു ചെയ്തത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.
മുന്‍പ് ഹര്‍ത്താലിനെതിരേ റോഡിലിറങ്ങി മുദ്രാവാക്യം വിളിച്ചു വാര്‍ത്താശ്രദ്ധ നേടിയയാളാണു ബാലകൃഷ്ണന്‍ മാസ്റ്റര്‍. ഇത്തരത്തില്‍ നിരവധി സാമൂഹിക തിന്‍മകള്‍ക്കെതിരേ താന്‍ പ്രതികരിച്ചിട്ടുണ്ടെന്നു മാസ്റ്റര്‍ പറയുന്നു.
ശശീന്ദ്രന്‍ തെറ്റുകാരനെങ്കില്‍ അദ്ദേഹത്തെയും ശിക്ഷിക്കണമെന്ന നിലാപാടാണു തങ്ങള്‍ക്കെന്നും ഇരുവരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."