കടലറിവിന്റെ അറിയാക്കാഴ്ചകള്‍ തുറന്നിട്ട് സി.എം.എഫ്.ആര്.ഐ
കൊച്ചി: കടലറിവിന്റെ അറിയാക്കാഴ്ചകള്‍ തുറന്നിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ) ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. സി.എം.എഫ്.ആര്.ഐയുടെ 71ാമത് സ്ഥാപകദിനത്തിന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തില്‍ കടലറിവിന്റെ അത്ഭുതങ്ങളും സമുദ്രജൈവവൈവിധ്യങ്ങളുടെ വിസ്മയങ്ങളും വിദ്യാര്‍ഥികളടക്കമുള്ള ജനങ്ങള്‍ കൗതുകത്തോടെയാണ് കണ്ടുനിന്നത്.
പ്രദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വിലകൂടിയ മുത്തുകളും മുത്തുചിപ്പി കൃഷി ചെയ്ത് അവ വേര്‍തിരിച്ചെടുക്കുന്ന രീതികളും പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റി. സി.എം.എഫ്.ആര്.ഐയിലെ കക്കവര്‍ഗ ഗവേഷണ വിഭാഗം കൃഷി ചെയ്ത് വേര്‍തിരിച്ചെടുത്ത, ഒരു ഗ്രാമിന് 1500 രൂപ വരെ വിലയുള്ള മുത്തുകളാണ് പ്രദര്‍ശിപ്പിച്ചത്. അവയുടെ വില്പനയും നടന്നു.
സി.എം.എഫ്.ആര്.ഐയിലെ വിവിധ ഗവേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം. ആനത്തിരണ്ടി, ഗിത്താര്‍ മത്സ്യം, വിവിധയിനം സ്രാവുകള്‍ തുടങ്ങി 54 ഇനം അടിത്തട്ട് മത്സ്യങ്ങളും 52 ഇനം ഉപരിതല മത്സ്യങ്ങളും 30 ഇനം ചെമ്മീന്‍, ഞെണ്ട് വര്‍ഗങ്ങളും പ്രദര്‍ശനത്തില്‍ കാഴ്ചക്കാരെ ആകര്‍ഷിച്ചു.
സമുദ്ര ജൈവവൈവിധ്യ മ്യൂസിയത്തില്‍ ഒരുക്കിയ കടല്‍പശു, കടല്‍വെള്ളരി, കടല്‍ക്കുതിര, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ് എന്നിവ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. മീനുകളുടെ വയസ് കണ്ടെത്തുന്നതിനുവേണ്ടിയുള്ള പരീക്ഷണശാല സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായിരുന്നു. മീനുകളുടെ പ്രായം തിട്ടപ്പെട്ടുത്തുന്നതിന്റെ വിവിധ പ്രവര്‍ത്തനങ്ങളും അതിനുപയോഗിക്കുന്ന ഉപകരണങ്ങളും ഗവേഷകര്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി.
ഇന്ത്യന്‍ തീരങ്ങളില്‍നിന്ന് പിടിക്കപ്പെടുന്ന മത്തിയുടെ ശരാശരി പ്രായം ഒരു വയസില്‍ താഴെയും അയലയുടേത് ഒരുവര്ഷവുമാണെന്ന് പഠനത്തില്‍ കണ്ടെത്താനായത് ശാസ്ത്രസംഘം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."