കാരാട്ടിന്റെ പോയത്തവും സി.പി.എമ്മിന്റെ ഭാവിയും
കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി അലയടിക്കുന്ന 'ഉള്‍പ്പാര്‍ട്ടി ജനാധിപത്യ വിപ്ലവം' സി.പി.എമ്മിനെ എവിടെ എത്തിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മുന്‍പ് ഇത്രത്തോളമൊന്നും സംഭവമല്ലാതിരുന്ന നാലാംലോക സിദ്ധാന്ത ചര്‍ച്ചകള്‍ മഹാസംഭവമായി മാറിയിട്ടുണ്ട്.
കേളികേട്ട കര്‍ശനമായ അച്ചടക്കത്തിന്റെ അതിരുകള്‍ പൊട്ടിച്ച് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെ ജനറല്‍സെക്രട്ടറിയും തമ്മിലുള്ള തര്‍ക്കം അങ്ങാടിപ്പാട്ടായിരിക്കുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കണം എന്ന യെച്ചൂരിയുടെ പ്രമേയത്തിനു പകരം കോണ്‍ഗ്രസുമായി ഒരു തെരഞ്ഞെടുപ്പ് ചങ്ങാത്തവും വേണ്ട പ്രകാശ് കാരാട്ടിന്റെ ബദല്‍ രേഖയെച്ചൊല്ലി ഉണ്ടാകുന്ന വിവാദങ്ങള്‍ പുതിയ മാനം കൈവരിക്കുമെന്നുറപ്പ്.
തുറന്നവാഗ്വാദങ്ങള്‍ക്കപ്പുറം എതിര്‍ ചേരിക്കാര്‍ക്കെതിരായ ആക്ഷേപശരമുയര്‍ത്തലില്‍ വരെ എത്തി നില്‍ക്കുകയാണിപ്പോള്‍.എന്നെ കോണ്‍ഗ്രസുകാരുടെ ആളെന്നു വിളിച്ചാല്‍ ഞാന്‍ അവരെ ബി.ജെ.പിയുടെ ആള്‍ക്കാര്‍ എന്നു വിളിക്കും എന്നു യെച്ചൂരി തുറന്നടിക്കുകയും ചെയ്തു.
സത്യത്തില്‍ കാരാട്ട് വിഭാഗം പൊട്ടന്‍ കളിക്കുകയാണ്. കോണ്‍ഗ്രസിനെ ഉള്‍ക്കൊള്ളുന്നു എന്ന് സമ്മതിക്കാനുള്ള ജാള്യത. രണ്ടു പേര്‍ക്കും ബി.ജെ.പിയാണു മുഖ്യശത്രു. മുഖ്യശത്രുവിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടണം എന്നാണ് യെച്ചൂരി ലൈന്‍.
മുഖ്യശത്രുവിനെ തോല്‍പ്പിക്കാന്‍ പോലും കോണ്‍ഗ്രസുമായി കൂടരുത് എന്നു കാരാട്ടും വാദിക്കുന്നു. എന്നാല്‍, വളഞ്ഞവഴിക്ക് മൂക്ക് പിടിക്കുന്ന കാരാട്ട്, ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടു മത്സരിക്കുന്നിടത്തു ബി.ജെ.പിയെ തോല്‍പ്പിക്കാനുള്ള നിലപാട് അവിടുത്തെ സഖാക്കള്‍ക്കു സ്വീകരിക്കാം എന്നു പറയുന്നു.
അതിനര്‍ഥം കോണ്‍ഗ്രസിനു വോട്ടു ചെയ്യാം എന്നു തന്നെയല്ലേ? ഇനി കേന്ദ്രത്തില്‍ ഒരു ബി.ജെ.പി വിരുദ്ധ മന്ത്രിസഭ വരുന്നു എന്നിരിക്കട്ടെ സി.പി.എമ്മിന് അവരെ പിന്തുണയ്‌ക്കേണ്ടി വരില്ലേ? വരും എന്നും തീര്‍ച്ച. അല്ലെങ്കില്‍ ബി.ജെ.പി ഭരണത്തില്‍ വരും.
എന്നിട്ടും പൊട്ടന്‍കളിക്കുകയാണ് കേരളനേതൃത്വം എന്നതാണ് ജനത്തിന് മനസ്സിലായത്. വര്‍ഗസംവാദത്തില്‍ പൊതുജനത്തിനും ഒരു അവസരം ലഭിച്ചാല്‍ പൊട്ടിപ്പൊളിയാവുന്നതേയുള്ളൂ കാരാട്ട് ലൈന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."