ഇ. അഹമ്മദ് രാജ്യത്തിന്റെ യഥാര്‍ഥ അംബാസിഡര്‍: മുഖ്യമന്ത്രി
കണ്ണൂര്‍: രാജ്യത്തിന്റെ യഥാര്‍ഥ അംബാസിഡറായി നിലകൊണ്ട വിശ്വപൗരനായിരുന്നു മുസ്‌ലിംലീഗ് അധ്യക്ഷനും ലോക്‌സഭാംഗവുമായിരുന്ന ഇ അഹമ്മദെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തില്‍നിന്നു പാര്‍ലമെന്റിലേക്കു പോയ ആളുകളെ പരിശോധിച്ചാല്‍ അപൂര്‍വം ചിലയാളുകളുടെ ഔന്നിത്യത്തിലാണു അഹമ്മദിന്റെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റിയുടെ ഇ അഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഏറ്റവും വലിയ നയതന്ത്രജ്ഞതയായിരുന്നു അഹമ്മദിന്റെ കൈമുതല്‍. ഐക്യരാഷ്ട്ര സഭയിലും ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് സംഭാവന നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നമ്മുടെ രാജ്യം ചില ഘട്ടങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ മൂലമുണ്ടായ മുറിവുണക്കാന്‍ നിയോഗിതനായതും അഹമ്മദായിരുന്നു. കേരളത്തിലും ദേശീയതലത്തിലും വലിയൊരു സൗഹൃദ വലയത്തിന്റെ കണ്ണിയായിരുന്നു. എല്ലാഘട്ടത്തിലും നാടിനോടു കരുതല്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു. പാര്‍ലിമെന്റില്‍ എത്തിയതോടെയാണ് അഹമ്മദിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ വിപുലമായ മാറ്റമുണ്ടായത്.
ഒരുഘട്ടത്തില്‍ ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം തകര്‍ന്നപ്പോള്‍ അതു പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിയോഗിച്ചത് അഹമ്മദിനെയായിരുന്നു. നല്ല രീതിയില്‍ അദ്ദേഹം ആ ഉത്തരവാദിത്വം നിറവേറ്റി. പലസ്തീനുമായും അദ്ദേഹം നല്ല ബന്ധം തുടര്‍ന്നു. കലാപവേളയിലെ ഗുജറാത്ത് സന്ദര്‍ശനവും ഇസ്രാഈല്‍ ആക്രമണം തുടരുന്നതിനിടെയുണ്ടായ പലസ്തീന്‍ സന്ദര്‍ശനവും അദ്ദേഹത്തിന്റെ മനുഷ്യസഹജമായ വികാരമായിരുന്നു. ഒരുപാട് മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നുള്ള നഷ്ടം മുസ്‌ലിംലീഗീനു പെട്ടെന്നു നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വിശ്വപൗരനായിരുന്നു അഹമ്മദെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വലിയ പരിവര്‍ത്തനമായിരുന്നു. അഹമ്മദിനു ലഭിച്ച ആദരം ചരിത്രത്തിന്റെ ഭാഗമാണ്. അടിസ്ഥാനപരമായ മൗലികാവകാശത്തിനു നേരേയുള്ള അപമാനകരമായ സംഭവങ്ങളും അദ്ദേഹത്തിന്റെ അവസാനകാലത്തുണ്ടായി. രാജ്യത്ത് പൗരന്‍മാരോടു ഭരണകൂടം കാട്ടുന്ന അപചയമാണത്. ഇത് ഇനിയും ആവര്‍ത്തക്കാതിരിക്കാന്‍ രാജ്യം ചര്‍ച്ചചെയ്യും. ഇത്തരം പ്രവൃത്തി നടത്തുന്നവര്‍ വൈകാതെ തിരുത്താന്‍ തയാറാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിദ്യാര്‍ഥി കാലഘട്ടം മുതല്‍ ഉണ്ടായിരുന്ന അഹമ്മദുമായുള്ള സൗഹൃദം അവസാനം കാലം വരെ തുടരാനായെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. നിയമസഭയില്‍ മാന്യതയുടെ അതിര്‍വരമ്പു വിടാതെ സംസാരിക്കാറുണ്ടായിരുന്ന അദ്ദേഹം പ്രതിപക്ഷ ബഹുമാനത്തിനു മാതൃകയായിരുന്നുവെന്നു മുന്‍മന്ത്രി കെ.സി ജോസഫ് പറഞ്ഞു. വിദേശ മലയാളികളുടെ സുരക്ഷിത കവചമായിരുന്നു അഹമ്മദെന്നും കെ.സി പറഞ്ഞു. രാജ്യത്തിനു വേണ്ടി ഇ അഹമ്മദ് അന്തര്‍ദേശീയ തലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനം മഹത്തരമാണെന്നു സമസ്ത ജനറല്‍സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. അദ്ദേഹത്തെക്കുറിച്ച് പ്രസംഗിക്കാനും എഴുതാനും ഒരുപാടുണ്ടെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."