പിഴച്ചത് ട്രാക്കില്‍: ചതിച്ചത് അധികൃതര്‍; പ്രവീണയുടെ ഓട്ടം ദുരിത ട്രാക്കില്‍
നെടുമങ്ങാട്: ട്രാക്കില്‍ തകര്‍ന്നതാണ് പ്രവീണ എന്ന പാലോടുകാരിയുടെ ജീവിതം. കൈത്താങ്ങ് ആകേണ്ട സര്‍ക്കാര്‍ വാക്കുപാലിച്ചില്ല. അതിനാല്‍ പ്രവീണ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത് ജീവിതദുരിതങ്ങളുടെ ട്രാക്കില്‍.
കായിക കേരളം അത്ര പെട്ടന്നു മറക്കുന്ന പേരല്ല പാലോട് മൈലമൂട് ആമ്പാടി ഭവനില്‍ പ്രവീണ. പ്രവീണയുടെ കായിക പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീണത് രണ്ടു പതിറ്റാണ്ട് മുമ്പാണ്. 1996 ജനവരി ഒന്ന്. സ്ഥലം ഏലൂരിലെ സംസ്ഥാന സ്‌ക്കൂള്‍ കായികമേളാ ഗ്രൗണ്ട്. 200മീ. ഓട്ടത്തില്‍ ട്രാക്കില്‍ വിസ്മയം തീര്‍ത്തുകൊണ്ട് തലസ്ഥാന ജില്ലക്കുവേണ്ടി പ്രവീണ എന്ന പത്താംക്ലാസുകാരി അവസാന ലാപ്പിലേക്കെത്തുന്നു. നിറഞ്ഞ കരഘോഷത്തിനിടെ സ്വര്‍ണപതക്കത്തില്‍ മുത്തമിടേണ്ടിയിരുന്ന പ്രവീണ ട്രാക്കില്‍ കാല്‍തട്ടിവീണു. പിന്നാലെവന്ന കോരൂത്തോട്കാരി മുന്നിലെത്തി. കാലൊടിഞ്ഞ പ്രവീണ ഏറെക്കാലും ആശുപത്രിക്കിടക്കയിലായിരുന്നു.
വീണുപോയട്രാക്കില്‍ നിന്നും എഴുനേല്‍ക്കാന്‍ പലവട്ടം ശ്രമിച്ചതാണ്. പക്ഷേ സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. അവഗണനയുടെ ട്രാക്കില്‍ തകര്‍ന്ന ജീവിതവുമായി ഒരുകായിക താരംകൂടി ജീവിതവൃത്തിക്ക് അലയുന്നു. ജി.വി.രാജാ സ്‌പോര്‍ട്ട്‌സ് സ്‌ക്കൂളിന്റെ അഭിമാന താരമായിരുന്നൂ പ്രവീണ.
മത്സരയിനങ്ങള്‍ക്കെല്ലാം വിജയക്കുതിപ്പു നല്‍കിയ കായികതാരം. ലോംങ് ജമ്പ്, 100, 200 മീ.ഓട്ടം എന്നിവയായിരുന്നൂ പ്രധാന ഇനങ്ങള്‍. നിരവധി സംസ്ഥാന മത്സരങ്ങളില്‍ വിജയക്കൊടി പാറിച്ച ശേഷമാണ് 1996ലെ സംസ്ഥാന സ്‌ക്കൂള്‍ മീറ്റിനിറങ്ങുന്നത്. നൂറുശതമാനം സ്വര്‍ണക്കുതിപ്പു പ്രതീക്ഷിച്ചിറങ്ങിയ മത്സരത്തിലാണ് വിധി വീഴ്ച്ചയുടെ രൂപത്തിലെത്തിയത്.ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മത്സരത്തിനിടയില്‍ സംഭവിച്ച അപകടമായതിനാല്‍ സര്‍ക്കാര്‍ ജോലി നല്‍കുമെന്നും സര്‍ക്കാര്‍ തീരുമാനം വന്നു. പതിനെട്ടു വയസുകഴിഞ്ഞപ്പോള്‍ ജോലിക്കായി ശ്രമം തുടങ്ങി.
ഏറ്റവുമൊടുവില്‍ ജി.വി.രാജ സ്‌ക്കൂളില്‍ വാര്‍ഡന്റെ താല്‍ക്കാലിക ജോലി നല്‍കി. അതും ആറുമാസത്തേക്ക്. ഭര്‍ത്താവ് അനില്‍ കൂലിപ്പണിക്കു പോയിക്കിട്ടുന്ന വരുമാനം മാത്രമാണ് പ്രവീണയുടേയും രണ്ടുമക്കളുടേയും ഏക ആശ്രയം.
അധികൃതര്‍ കൈമലര്‍ത്തിയെങ്കിലും പ്രവീണ തന്റെ ദൗത്യം മറക്കുന്നില്ല. സമീപത്തെ മൂന്നു സ്‌ക്കൂളുകളിലെ കുട്ടികള്‍ക്ക് സൗജന്യമായി കായിക പരിശീലനം നല്‍കുന്നു. ഒരുകാലത്ത് ചിറകൊടിഞ്ഞ തന്റെ മോഹങ്ങള്‍ പുതിയ തലമുറയിലെക്കുട്ടിളിലൂടെ തിരിച്ചു പിടിക്കണം എന്ന് പ്രവീണ പറയുന്നു. അപ്പോഴും ജോലിയെന്ന സര്‍ക്കാര്‍ വാഗ്ദാനം പ്രവീണയുടെ ഏകപ്രതീക്ഷയും ബാക്കിയാവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."