കോളിയാടിയില്‍ വീണ്ടും ആനയിറങ്ങി പ്രതിഷേധവുമായി നാട്ടുകാരുടെ റോഡ് ഉപരോധം
സുല്‍ത്താന്‍ ബത്തേരി: ഒരാളുടെ ജീവനെടുത്ത് ദിവസങ്ങള്‍ക്കകം വീണ്ടും കോളിയാടി കാട്ടാനപ്പേടിയില്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീണ്ടും ആനയിറങ്ങിയതാണ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നത്. ഇതോടെ വന്യമൃഗങ്ങള്‍ നാട്ടിലെത്തുന്നത് തടയാന്‍ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒരു മണിക്കൂര്‍ അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. രാവിലെ 11നാണ് ഉപരോധം ആരംഭിച്ചത്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുത്തു.
ഇന്നലെ പുലര്‍ച്ചെ പാല്‍ അളക്കാന്‍പോയ ബത്തേരി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനായ ബിജു, കോളിയാടി കുരിശിന്റെ സമീപത്ത് വച്ചാണ് ആനയെ കണ്ടത്. പിന്നീട് നാട്ടുകാരില്‍ ചിലരും ആനയെ കണ്ടു. ഇതോടെയാണ് ജനം പരിഭ്രാന്തിയിലായത്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ താളൂരില്‍ കുരുമുളക് പറിക്കുകയായിരുന്ന ഗുണ്ടില്‍പേട്ട സ്വദേശി നാഗരാജിനെ ആന കുത്തിക്കൊന്നിരുന്നു. ആന വീണ്ടും ജനവാസ കേന്ദ്രത്തിലെത്തിയതോടെയാണ് ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്തു. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ കറപ്പന്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ടി ചന്ദ്രന്‍, കെ.കെ പൗലോസ്, മൊയ്തീന്‍, എബി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."